ഓട്ടവ: കാനഡയിൽ ഫെഡറേഷൻ ഓഫ് സോവറിൻ ഇൻഡിജിനസ് നേഷൻസ് (FSIN) നടത്തിയ ചിലവുകളിൽ ക്രമക്കേടുകൾ കണ്ടെത്തി. 3400 ലക്ഷം ഡോളറിലധികം സംശയകരമായ ഇടപാടുകളാണ് ഫെഡറൽ ഫോറൻസിക് ഓഡിറ്റിൽ കണ്ടെത്തിയത്. ഇൻഡിജിനസ് സർവീസസ് കാനഡയുടെ അഭ്യർത്ഥനപ്രകാരം KPMG LLP ആണ് ഓഡിറ്റ് നടത്തിയത്. 2019 ഏപ്രിൽ മുതൽ 2024 മാർച്ച് വരെ നടന്ന 4710 ലക്ഷം ഡോളർ മൂല്യമുള്ള ഇടപാടുകൾ പരിശോധിച്ചു. ഇതിൽ 370 ലക്ഷം ഡോളർ അർഹതയില്ലാതെ നേടിയതും 1.55 ലക്ഷം ഡോളർ ചെലവഴിച്ചതിന് രേഖകളില്ലെന്നും കണ്ടെത്തി.
പാൻഡമിക് കാലത്ത് ലഭിച്ച സഹായ ധനമാണ് പ്രധാനമായും ഓഡിറ്റിൻ്റെ ശ്രദ്ധയിൽപ്പെട്ടത്. 2020 മുതൽ 2023 വരെ FSIN-ന് 3000 ലക്ഷം ഡോളറിലധികം കോവിഡുമായി ബന്ധപ്പെട്ട് സഹായം ലഭിച്ചു. ഇതിൽ 2350 ലക്ഷം ഡോളറിൻ്റെ ചെലവുകൾക്കാണ് ആവശ്യമായ രേഖകൾ സമർപ്പിച്ചിട്ടില്ലാത്തത്. യാത്രാചിലവുകളും മുൻ ജീവനക്കാരന് നൽകിയ കോവിഡ്-19 സഹായങ്ങളും ഉൾപ്പെടെ ചില ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് അന്വേഷണം ആരംഭിച്ചത്. ഇതേ തുടർന്ന് ധനകാര്യ നിയന്ത്രണം ശക്തിപ്പെടുത്തുകയും, ആഭ്യന്തര നയങ്ങളിൽ പുനപരിശോധന നടത്തുകയും വേണമെന്ന് അധികൃതർ ശുപാർശ ചെയ്തു.







