newsroom@amcainnews.com

മ്യാൻമാർ – തായ്‍ലൻഡ് അതിർത്തികളിൽ സംഘടിത കുറ്റകൃത്യ വ്യവസായം വളരുന്നു; 11 രാജ്യങ്ങളിൽനിന്നുള്ള ഒരു ലക്ഷത്തിലേറെ ആളുകൾ അനധികൃത തടങ്കലിലെന്ന് റിപ്പോർട്ട്

മ്യാൻമാർ – തായ്‍ലൻഡ് അതിർത്തികളിൽ വളരുന്ന സംഘടിത കുറ്റകൃത്യ വ്യവസായം. ഇന്ത്യ അടക്കമുള്ള 11 രാജ്യങ്ങളിൽ നിന്നുള്ള ഏതാണ്ട് ഒരു ലക്ഷത്തിന് മുകളിൽ ആളുകൾ ഇവിടെ അനധികൃത തടങ്കലിലാണെന്ന് വിവിധ മനുഷ്യവകാശ സംഘടനകൾ അവകാശപ്പെടുന്നു. അപ്പോഴും ഒരു രാജ്യത്തിനും അധികാരമില്ലാതെ വളരുന്ന കുറ്റകൃത്യ സംഘം. ഈ കുറ്റകൃത്യ സംഘത്തെ നിയമന്ത്രിക്കുന്നത് ചൈനീസ് പൗരന്മാരാണെന്നത് മറ്റൊരു യാഥാർത്ഥ്യം. അടുത്തിടെ 22കാരനായ ചൈനീസ് നടൻ വാങ് സിംഗിനെ കബളിപ്പിച്ച് ഈ കുറ്റകൃത്യ സംഘത്തിലെത്തിച്ചതോടെ വീണ്ടും ഇത് വാർത്താ പ്രാധാന്യം നേടി. പിന്നാലെ സമാനമായ നിരവധി കഥകളാണ് പുറത്ത് വന്നത്. അതിലൊന്ന് 16-കാരിയായ കാമുകി തൻറെ 19-കാരനായ കാമുകനെ ഈ കുറ്റകൃത്യ സംഘത്തിന് പണത്തിന് വേണ്ടി വിറ്റുവെന്നതായിരുന്നു.

ഗോൾഡൻ റെയിൻട്രീ

തായ്‍ലൻഡ് മ്യാന്മാർ അതിർത്തിയിലാണ് ഈ കുറ്റകൃത്യ സംഘം തങ്ങളുടെ താവളം ഉയർത്തിയിരിക്കുന്നത്. എട്ട് വർഷം മുമ്പ് കൃത്യമായി പറഞ്ഞാൽ 2017-ൻറെ അവസാനത്തോടെ തായ്‍ലൻഡ് അതിർത്തിയിലെ മ്യാന്മാറിൻറ ഭാഗമായ കാരെൻ പ്രവിശ്യയിലെ മോയി നദീതീരത്തെ ഒരു വയൽ പ്രദേശം മാത്രമായിരുന്നു ഇത്. ഭൂമിയിലെ ഏറ്റവും ദരിദ്രമായ സ്ഥലങ്ങളിലൊന്നായി ഇവിടം മാറിയതിന് പിന്നിൽ മ്യാന്മാറിൽ ദീർഘകാലമായി നിൽക്കുന്ന ആഭ്യന്തരയുദ്ധമായിരുന്നു. എന്നാൽ ഇന്ന് ഏതാണ്ട് 500 ഏക്കറോളം വ്യാപിച്ച് കിടക്കുന്ന ബഹുനില കെട്ടിടങ്ങളാണ് ഇവിടെയുള്ളത്. എല്ലാം പ്രാദേശിക മിലീഷ്യകളുടെ സംരക്ഷണയിലും. നടത്തിപ്പുകാരാകട്ടെ ചൈനക്കാരും. ഇതിന് വഴി തെളിച്ചത് മ്യാന്മാറിലെ തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെ അട്ടിമറിച്ച് സൈന്യം അധികാരം പിടിച്ചെടുത്തതും.

ഇരുരാജ്യങ്ങളുടെയും അതിർത്തിയിലൂടെ ഒഴുകുന്ന മോയി നദീ തീരത്ത് ഒരു നഗരം ഉയ‍ർന്നു. ‘ഷ്വേ കൊക്കോ’ (Shwe Kokko) അഥവാ ‘ഗോൾഡൻ റെയിൻട്രീ’ (Golden Raintree) എന്നായിരുന്നു ആ നഗരത്തിൻറെ പേര്. പേര് ഗോൾഡൻ റെയിൻട്രീ എന്നാണെങ്കിലും നഗരം ഉയർന്നത് തട്ടിപ്പുകളിലും കള്ളപ്പണത്തിലുമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. വഞ്ചന, കള്ളപ്പണം വെളുപ്പിക്കൽ, ഓൺലൈൻ തട്ടിപ്പുകൾ, മനുഷ്യക്കടത്ത് എന്നിവയിലൂടെ നേടുന്ന ലാഭമാണ് നഗരത്തെ ഇന്ന് നിലനിർത്തുന്നത്. നഗരം സൃഷ്ടിച്ചതാകട്ടെ ഷീ ഷിജിയാങ് എന്ന ചൈനക്കാരനും. എന്നാൽ, ചൈനയുടെ അവശ്യപ്രകാരം ഇൻറർപോൾ അറസ്റ്റ് ചെയ്ത ഷീ ഇന്ന് ചൈനയിലേക്കുള്ള നാടുകടത്തൽ കാത്ത് ബാങ്കോക്കിലെ ജയിലിൽ കഴിയുന്നു.

ഷീ ഷിജിയാങ്

ചൈനയിൽ ചൂതാട്ടങ്ങളും തട്ടിപ്പുകളിലുമായി ജീവിതം പടുത്തുയർത്തിയ ഷീ ഷിജിയാങ്, ഒരു ഘട്ടം കഴിഞ്ഞപ്പോൾ ഭരണകൂടങ്ങളുടെ ഇടപെടലില്ലാതെ സുരക്ഷിതമായ ഒരു നഗരം നിർമ്മിക്കണമെന്ന് തീരുമാനിച്ചു. ആഭ്യന്തരയുദ്ധത്തിൽ തക‍ർന്ന മ്യാൻമാറിൻറെ അതിർത്തി പ്രദേശങ്ങളാണ് ഷീ ഇതിനായി തെരഞ്ഞെടുത്തത്. അതിനായി തൻറെ കമ്പനി, യതായിയെ അദ്ദേഹം നിയോഗിച്ചു. പിന്നാലെ അവിടെ ഒരു റിസോർട്ട് നഗരം ഉയർന്നു. ചൈനീസ് വിനോദ സഞ്ചാരികൾക്ക് സുരക്ഷിതമായ അവധിക്കാല കേന്ദ്രം, അതിസമ്പന്നർക്ക് ഒരു സ്വർഗ്ഗം. എന്നാൽ, അധികം കഴിയും മുമ്പ് ചൈനീസ് സർക്കാർ ഷീ ഷിജിയാങിനെ അറസ്റ്റ് ചെയ്യാൻ ഇൻറർപോളിൻറെ സഹായം തേടുകയും വൈകാതെ ഷീ ബാങ്കോങ് ജയിലിൽ അടയ്ക്കപ്പെടുകയും ചെയ്തു.

1982-ൽ ചൈനയിലെ ഹുനാൻ പ്രവിശ്യയിലെ ഒരു ദരിദ്ര ഗ്രാമത്തിലാണ് ഷീ ഷിജിയാങിൻറെ ജനനം. 14-ാം വയസ്സിൽ സ്കൂൾ വിട്ട് കമ്പ്യൂട്ടർ കോഡിംഗ് പഠിച്ചു. ഇരുപതുകളുടെ തുടക്കത്തിൽ ഫിലിപ്പീൻസിലേക്ക് താമസം മാറി. ഒപ്പം ചൈനയിൽ നിയമവിരുദ്ധമായ ഓൺലൈൻ ചൂതാട്ട കേന്ദ്രങ്ങളിൽ ശ്രദ്ധ ചെലുത്തി. ഇവിടെ നിന്നും ധാരാളം പണം സമ്പാദിക്കാൻ ഷീ ഷിജിയാങിന് കഴിഞ്ഞു. എന്നാൽ 2014-ൽ ഒരു നിയമവിരുദ്ധ ലോട്ടറി നടത്തിയതിന് ചൈനീസ് കോടതി ഷീയെ ശിക്ഷിച്ചു. ശിക്ഷ അനുഭവിക്കും മുമ്പ് ഷീ വിദേശത്തേക്ക് കടന്നു. പിന്നാലെ കംബോഡിയയിലെ ചൂതാട്ട ബിസിനസുകളിൽ ഷീ നിക്ഷേപം നടത്തി. അങ്ങനെ കംബോഡിയൻ പൗരത്വവും നേടി.

2016-ൽ, കരേൻ യുദ്ധപ്രഭുവായ സോ ചിറ്റ് തുവുമായി ചേർന്ന് ഷീ തൻറെ സ്വപ്ന നഗരത്തിന് അസ്ഥിവാരമിട്ടു. ഷീ ഷിജിയാങ്, ചൈനീസ് നിർമ്മാണ യന്ത്രങ്ങൾ, സാമഗ്രികൾ, പണം എന്നിവ യതായി എന്ന കമ്പനി വഴി സോ ചിറ്റ് തുവിന് നൽകും. പകരം യതായിക്ക് സോ ചിറ്റ് തു തൻറെ 8,000 സായുധ പോരാളികളുടെ കനത്ത സുരക്ഷ വാഗ്ദാനം ചെയ്യുന്നു. പ്രദേശത്ത് 15 ബില്യൺ ഡോളർ നിക്ഷേപമാണ് ഇങ്ങനെ നടന്നത്. ഹോട്ടലുകൾ, കാസിനോകൾ, സൈബർ പാർക്കുകൾ, കൂറ്റൻ കെട്ടിടങ്ങൾ എന്നിവ ഉയരാൻ പിന്നെ താമസിച്ചില്ല.

ചൈനയുടെ ഇടപെടൽ

ഷീ ഷിജിയാങിൻറെ അത്ഭുത വളർച്ച പക്ഷേ മാതൃരാജ്യമായ ചൈനയ്ക്ക് ദഹിച്ചില്ല. 2020 -ൽ കമ്മ്യൂണിസ്റ്റ് ചൈന ഷീയുമായി തെറ്റി. പിന്നാലെ മ്യാൻമർ സർക്കാർ യതായിക്കെതിരെ അന്വേഷണം ആരംഭിച്ചു. അനുവദിച്ചതിനെക്കാളെറെ കെട്ടിടങ്ങൾ അതിനകം അവിട ഉയ‍ർന്നിരുന്നു. അനുമതിയില്ലാതെ കാസിനോകളും പ്രവർത്തിച്ചിരുന്നു. 2022 ഓഗസ്റ്റിൽ, ചൈനയുടെ ആവശ്യപ്രകാരം ഇൻറർപോൾ ഷീ ഷിജിയാങ്ങിനെ അറസ്റ്റ് ചെയ്ത് ബാങ്കോക്കിൽ തടവിലാക്കി. മനുഷ്യക്കടത്ത് നടത്തിയെന്ന് ആരോപണം ഉയർന്ന ഷീയുടെ ബിസിനസ് പങ്കാളിയായ സോ ചിറ്റ് തുവിന് ബ്രിട്ടീഷ് സർക്കാർ ഉപരോധം ഏർപ്പെടുത്തി.

എന്നാൽ. എല്ലാം ചൈനീസ് സർക്കാറിൻറെ ചതി എന്നാണ് ഷീയുടെ നിലപാട്. ചൈനീസ് സ്റ്റേറ്റ് സുരക്ഷാ മന്ത്രാലയത്തിൻറെ നിർദ്ദേശപ്രകാരമാണ് താൻ, യാതായ് എന്ന കമ്പനി സ്ഥാപിച്ചതെന്ന് അദ്ദേഹം പറയുന്നു, ഷ്വേ കൊക്കോ അന്ന് ബിആർഐയുടെ ഭാഗമായിരുന്നെന്ന് അദ്ദേഹം തറപ്പിച്ചു പറയുന്നു. എന്നാൽ തൻറെ കമ്പനിയുടെ നിയന്ത്രണം ചൈനീസ് കമ്മ്യൂണിസ്റ്റ് നേതൃത്വം ആവശ്യപ്പെട്ടെന്നും അത് നൽകാത്തതിനാൽ ചൈന തനിക്കെതിരെ തിരിയുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഒപ്പം മറ്റൊരു ഗുരുതര ആരോപണവും ഷീ ഉന്നയിച്ചു. തായ് – മ്യാൻമാർ അതിർത്തിയിൽ ഒരു സ്വയം നിയന്ത്രിത കോളനി സ്ഥാപിക്കാൻ ചൈനീസ് കമ്മ്യൂണിസ്റ്റ് സർക്കാറിന് പദ്ധതിയുണ്ടായിരുന്നു എന്നായിരുന്നു അത്. ഷീയുടെ ആരോപണങ്ങൾക്ക് പക്ഷേ, ചൈന ഇതുവരെ മറുപടിയൊന്നും പറഞ്ഞിട്ടില്ല. ബാങ്കോങ് ജയിൽ കിടക്കുന്ന ഷീയ്ക്ക് വേണ്ടി ഷ്വേ കൊക്കോയെ ഇന്ന് നിയന്ത്രിക്കുന്നത് അദ്ദേഹത്തിൻറെ ഏറ്റവും അടുത്ത അനുയായിയും 31-കാരനുമായ ഹി യിങ്‌സിയോങ്.

കുറ്റകൃത്യങ്ങൾ

കള്ളപ്പണം വെളുപ്പിക്കൽ, തട്ടിപ്പുകൾ, ചൂതാട്ടങ്ങൾ, കാസിനോകൾ എന്നിവയ്ക്കെല്ലാം പുറമെ ഓൺലൈൻ തട്ടിപ്പുകൾക്കായി മനുഷ്യക്കടത്തുമാണ് അവിടെ പ്രധാനമായും നടക്കുന്നത്. യതായി ഇതിനായി ഹോങ്കോങ്, മ്യാൻമർ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ കമ്പനികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്, എന്നാൽ അവയെല്ലാം വെറും ഷെൽ കമ്പനികൾ മാത്രമാണ്. ലാഭത്തിൽ ഒരു വിഹിതം മ്യാന്മാറിലെ യുദ്ധ പ്രഭുവായ സോ ചിറ്റ് തുവിൻറെ അക്കൗണ്ടിലേക്ക് മാറ്റപ്പെടുന്നു.

ഷ്വേ കൊക്കോയിൽ അഴിമതിയാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്ന് മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു. ആഭ്യന്തര യുദ്ധമാണ് യതായിക്ക് ഇത്ര വിലകുറഞ്ഞ രീതിയിൽ ഭൂമി സ്വന്തമാക്കാൻ സഹായിച്ചത്. കുറഞ്ഞ നഷ്ടപരിഹാരം നൽകി സോ ചിത് തു പ്രദേശവാസികളെ അവരുടെ ഭൂമിയിൽ നിന്ന് പുറത്താക്കിയതായി പ്രദേശിക മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു.

കരേൻ പ്രവിശ്യയിലെ നിയമരാഹിത്യം നിയമവിരുദ്ധ ബിസിനസുകരെ അവിടെയ്ക്ക് ആകർഷകമാകുന്നു. മ്യാൻമർ, കംബോഡിയ, ലാവോസ് തുടങ്ങിയ രാജ്യങ്ങളുടെ അഴിമതി കേന്ദ്രങ്ങളും അന്തർദേശീയ കുറ്റകൃത്യ സിൻഡിക്കേറ്റുകളും ഇവിടെ പ്രവർത്തിക്കുന്നു. മനുഷ്യരെ അടിമ തൊഴിലാളാക്കി മാറ്റിക്കൊണ്ട് സങ്കീർണ്ണമായ ഓൺലൈൻ തട്ടിപ്പുകളാണ് നടക്കുന്നത്. 2021-ൽ മ്യാൻമർ സൈന്യം അധികാരം പിടിച്ചെടുത്തതിന് ശേഷം തായ്-മ്യാൻമർ അതിർത്തിയിൽ പ്രവർത്തിക്കുന്ന അത്തരം കേന്ദ്രങ്ങളുടെ എണ്ണം ഇരട്ടിയിലധികമായെന്നും റിപ്പോർട്ടിൽ പറയുന്നു.

ഓസ്‌ട്രേലിയൻ സ്ട്രാറ്റജിക് പോളിസി ഇൻസ്റ്റിറ്റ്യൂട്ടിൻറെ ഡാറ്റ കാണിക്കുന്നത് തായ് അതിർത്തിയിലെ മ്യാൻമർ അഴിമതി കേന്ദ്രങ്ങളുടെ എണ്ണം 11 ൽ നിന്ന് 27 ആയി വർദ്ധിച്ചുവെന്നാണ് ഒപ്പം അവയുടെ സ്ഥല വിസ്തൃതി വർദ്ധിച്ചെന്നും. എന്നാൽ ചൈന തങ്ങളുടെ പിന്തുണ പിൻവലിച്ചതിന് പിന്നാലെ ഈ കേന്ദ്രങ്ങളിലേക്കുള്ള വൈദ്യുതി, ഇന്റർനെറ്റ്, ഗ്യാസ് എന്നിവയുടെ വിതരണം തായ്‍ലൻഡ് അവസാനിപ്പിച്ചു. ഇതോടെ ഡീസൽ ജനറേറ്ററുകളിൽ നിന്ന് വൈദ്യുതിയും എലോൺ മസ്‌കിൻറെ സ്റ്റാർലിങ്ക് ഉപഗ്രഹ സംവിധാനത്തിലൂടെ ഇൻറർനെറ്റും ലഭ്യമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത് രണ്ടും പക്ഷേ, വളരെ ചിലവേറിയതാണ്.

ഇവിടേയ്ക്ക് മനുഷ്യക്കടത്തിലൂടെ എത്തപ്പെടുന്നവരെ ഉപയോഗിച്ച് മറ്റ് രാജ്യങ്ങളിലെ സമ്പന്നരെ ലക്ഷ്യമിട്ട് ഓൺലൈൻ തട്ടിപ്പുകൾ നടക്കുന്നുവെന്നാണ് പ്രധാന ആരോപണം. മനുഷ്യക്കടത്ത് കേന്ദ്രങ്ങൾക്കുള്ളിലെ തൊഴിലാളികളോട് ക്രൂരമായ പെരുമാറ്റമാണ് നടക്കുന്നത്. 20 മണിക്കൂർ വെറെ ജോലി. പരിമിതമായ ഭക്ഷണം തെറ്റുകൾ പിടിക്കപ്പെട്ടാൽ അതിക്രൂരമായ അക്രമം, പീഡനം, ശിക്ഷകൾ അങ്ങനെ നീളുന്നെന്ന് ഇവിടെ നിന്നും രക്ഷപ്പെട്ടവർ പറയുന്നു. ചൈനയും തായ്‍ലൻഡും മുൻകൈയെടുത്ത് നടത്തിയ രക്ഷാപ്രവർത്തനത്തിൽ മ്യാൻമർ സൈന്യവും പങ്കു ചേർന്നപ്പോൾ ഈ വർഷം മാത്രം ഇവിടെ നിന്നും 7,000 പേരെയാണ് രക്ഷപ്പെടുത്തിയത്. അതേസമയം ഏതാണ്ട് 11 രാജ്യങ്ങളിൽ നിന്നായി ഇനിയും ഒരു ലക്ഷത്തിന് മേലെ മനുഷ്യരെ ഇവിടെ അടിമകളാക്കി വച്ചിരിക്കുകായണെന്നും മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു. തങ്ങൾക്ക് മാത്രമായി ഒന്നും ചെയ്യാനില്ലെന്നും തടവിലാക്കപ്പെട്ടവരുടെ മാതൃരാജ്യങ്ങളുടെ സഹായത്തോടെ മാത്രമേ എന്തെങ്കിലും ചെയ്യാൻ കഴിയൂവെന്നും മ്യാന്മാർ നിലപാടെടുക്കുമ്പോൾ ഗോൾഡൻ റെയിൻട്രീയിലെ കൂറ്റൻ കെട്ടിടങ്ങൾക്കുള്ളിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു.

You might also like

ബാങ്ക് ഓഫ് കാനഡയുടെ പലിശനിരക്ക് പ്രഖ്യാപനം ഇന്ന്

സൂപ്പര്‍ വിസ: വരുമാന മാനദണ്ഡങ്ങളിൽ ഇളവ്; പുതിയ മാറ്റവുമായി ഐആർസിസി

മോൺട്രിയലിൽ ‘ധുരന്ധർ: ദി റിവഞ്ച്’ പ്രദർശനത്തിനിടെ ആക്രമണം: തിയേറ്റർ സ്ക്രീൻ തകർത്തു

അമ്മയുടെ ചിതാഭസ്മവുമായി 100 കിലോമീറ്റർ ഓടാൻ മാർസെല്ല; ക്യാൻസറിനോട് പൊരുതിയ ലിസയ്ക്കായി മകളുടെ ‘സ്റ്റിൽ എലൈവ്’ മാരത്തൺ

കാനഡയിൽ ജനസംഖ്യയിൽ കുറവ്; കുടിയേറ്റ നിരക്ക് കുറഞ്ഞത് തിരിച്ചടിയായെന്ന് സ്റ്റാറ്റ്‌കാൻ റിപ്പോർട്ട്

ആൽബർട്ടയിൽ ഇന്ധന നികുതി ഇളവ് ഉടൻ ഇല്ല; പ്രീമിയർ ഡാനിയൽ സ്മിത്ത്

Top Picks for You
Top Picks for You