ദക്ഷിണ കൊറിയയുമായി പുതിയ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് കാനഡ. ഒക്ടോബറിൽ നടന്ന ചർച്ചകളുടെ തുടർച്ചയായി ബുധനാഴ്ച ഒപ്പുവെച്ച ഈ കരാർ പ്രധാനമായും രഹസ്യ സൈനിക വിവരങ്ങളുടെ കൈമാറ്റവും സംരക്ഷണവുമാണ് ലക്ഷ്യമിടുന്നത്. പ്രതിരോധ സംഭരണം, ഇൻഡസ്ട്രിയൽ സെക്യൂരിറ്റി, ഗവേഷണം എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള നിയമപരമായ അടിത്തറയായി ഈ കരാർ മാറുമെന്ന് കനേഡിയൻ സർക്കാർ വ്യക്തമാക്കി.
ഇരുരാജ്യങ്ങളെയും സംബന്ധിച്ചിടത്തോളം ഇത് വളരെ പ്രധാനപ്പെട്ടൊരു ചുവടുവെപ്പാണെന്ന് കനേഡിയൻ പ്രതിരോധ മന്ത്രി ഡേവിഡ് മക്ഗ്വിന്റി പറഞ്ഞു. കാനഡയുടെ പ്രതിരോധ വ്യവസായം വിപുലീകരിക്കേണ്ടത് അത്യാവശ്യമാണെന്നും ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായുള്ള പ്രതിരോധ ബന്ധം മെച്ചപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിരോധ മന്ത്രി ഡേവിഡ് മക്ഗ്വിന്റി, വിദേശകാര്യ മന്ത്രി അനിത ആനന്ദ് എന്നിവർ ദക്ഷിണ കൊറിയൻ പ്രതിനിധികളായ അൻ ഗ്യുബാക്ക്, ചോ ഹ്യുൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
അതേസമയം കാനഡയുടെ പുതിയ അന്തർവാഹിനി കരാറിനായി ദക്ഷിണ കൊറിയൻ കമ്പനിയായ ഹൻവ ഓഷ്യൻസും ജർമ്മൻ കമ്പനിയായ ടി.കെ.എം.എസും തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്. 12 പുതിയ അന്തർവാഹിനികൾ വാങ്ങാനുള്ള ഈ കോടിക്കണക്കിന് ഡോളറിന്റെ കരാറിൽ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടാകില്ലെന്ന് അനിത ആനന്ദ് വ്യക്തമാക്കി. ദക്ഷിണ കൊറിയൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ജർമ്മനിയേക്കാൾ രണ്ട് വർഷം മുമ്പ് തന്നെ അന്തർവാഹിനികൾ നിർമ്മിച്ച് നൽകാമെന്ന് ചോ ഹ്യുൻ അവകാശപ്പെട്ടു. ദക്ഷിണ കൊറിയൻ, ജർമ്മൻ, ചൈനീസ് വാഹന നിർമ്മാതാക്കളുമായി സഹകരിച്ച് രാജ്യത്തെ ഉൽപ്പാദന മേഖല വികസിപ്പിക്കാനാണ് കാനഡ ആഗ്രഹിക്കുന്നതെന്ന് വ്യവസായ മന്ത്രി മെലനി ജോളി പറഞ്ഞു. എന്നാൽ വെറും പ്രഖ്യാപനങ്ങളല്ല സൈനികർക്ക് ആവശ്യമായ ഉപകരണങ്ങൾ വേഗത്തിൽ ലഭ്യമാക്കുകയാണ് വേണ്ടതെന്ന് കൺസർവേറ്റീവ് പ്രതിരോധ വിമർശകൻ ജെയിംസ് ബെസാൻ കുറ്റപ്പെടുത്തി.







