newsroom@amcainnews.com

നന്തൻകോട് കൂട്ടക്കൊലക്കേസ്: മാതാപിതാക്കളെയും സഹോദരിയെയുമടക്കം 4 പേരെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി കേഡൽ ജീൻസണിന് ജീവപര്യന്തം തടവും 15 ലക്ഷം രൂപ പിഴയും; പിഴ തുക അമ്മാവന് നൽകണം

തിരുവനന്തപുരം: മാതാപിതാക്കളെയും സഹോദരിയെയുമടക്കം 4 പേരെ നന്തന്‍കോട്ടെ വീട്ടില്‍ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി കേഡല്‍ ജീന്‍സണ്‍ രാജയ്ക്ക് (34) ജീവപര്യന്തം തടവും 15 ലക്ഷം രൂപ പിഴയും ശിക്ഷ. ആറാം അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ.വിഷ്ണുവാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിച്ച് പ്രതിക്കു വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജീവപര്യന്തം തടവും പിഴയുമാണ് കോടതി ഇപ്പോൾ വിധിച്ചിരിക്കുന്നത്.

പിഴത്തുക കേസിലെ സാക്ഷിയായ അമ്മാവന്‍ ജോസ് സുന്ദരത്തിനു നല്‍കാനും കോടതി വിധിച്ചു. കേഡലിന്റെ അമ്മയുടെ സഹോദരനായ ജോസ് ഇവരുടെ വീടിന് അടുത്തുള്ള 4 സെന്റ് സ്ഥലവും വീടും കേഡലിന്റെ അമ്മയ്ക്ക് എഴുതി നല്‍കിയിരുന്നു. ഇപ്പോള്‍ ആരോരും സഹായമില്ലാതെ വീല്‍ ചെയറില്‍ കഴിയുന്ന ജോസിനു പിഴത്തുക നല്‍കാനാണു വിധി.

പ്രതിയുടെ പ്രായം പരിഗണിക്കണമെന്നും മാനസിക വൈകല്യമുണ്ടെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ മാനസികരോഗമുള്ള ഒരാള്‍ എങ്ങനെ മൂന്ന് പേരെ കത്തിച്ചുകൊല്ലുമെന്ന് പ്രോസിക്യൂഷന്‍ ചോദിച്ചു. ആരോടും സഹകരിച്ചില്ല എന്നത് മാനസികരോഗമാണെന്ന തരത്തില്‍ വ്യാഖ്യാനിക്കാന്‍ കഴിയില്ല. ജന്മം നല്‍കിയ അമ്മയെയും സഹദരിയെയും എങ്ങനെ കൊല്ലാന്‍ സാധിക്കും. കേഡല്‍ പുറത്തിറങ്ങിയാല്‍ വീണ്ടും ഇത്തരം പ്രവൃത്തികള്‍ ചെയ്യില്ലെന്ന ഉറപ്പ് നല്‍കാന്‍ ആര്‍ക്കു കഴിയുമെന്നും പ്രോസിക്യൂഷന്‍ ചോദിച്ചു. കൊലപാതകം, തെളിവു നശിപ്പിക്കല്‍, വീട് അഗ്‌നിക്കിരയാക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി വ്യക്തമാക്കിയിരുന്നു.

2017 ഏപ്രിലില്‍ നന്തന്‍കോട് ബെയിന്‍സ് കോംപൗണ്ട് 117ല്‍ റിട്ട. പ്രഫ.രാജ തങ്കം, ഭാര്യ ഡോ.ജീന്‍ പദ്മ, മകള്‍ കാരലിന്‍, ബന്ധു ലളിത എന്നിവരെയാണു രാജ- ജീന്‍ ദമ്പതികളുടെ മകന്‍ കേഡല്‍ കൊലപ്പെടുത്തിയത്. മാതാപിതാക്കളുടെയും സഹോദരിയുടെയും മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞനിലയിലും ബന്ധുവിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലുമാണു കണ്ടെത്തിയത്. കൂട്ടക്കൊലയ്ക്കു ശേഷം വീടിനു തീയിട്ട് ചെന്നൈയിലേക്കു കടന്ന കേഡല്‍, തിരുവനന്തപുരത്തേക്കു മടങ്ങവേ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പൊലീസിന്റെ പിടിയിലാവുകയായിരുന്നു.

സാത്താന്‍ സേവയുടെ ഭാഗമായുള്ള ആസ്ട്രല്‍ പ്രൊജക്‌ഷന്‍ പരീക്ഷണം നടത്തിയതാണെന്നു കാട്ടി തുടക്കത്തില്‍ അന്വേഷണസംഘത്തെ വഴിതെറ്റിക്കാന്‍ ശ്രമിച്ച കേഡല്‍, ശാസ്ത്രീയ- ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ പിന്നീടുനടന്ന ചോദ്യംചെയ്യലില്‍ കുറ്റം സമ്മതിക്കുകയായിരുന്നു. വീട്ടില്‍ നേരിട്ട അവഗണനയ്ക്കുള്ള പ്രതികാരമായാണു കൊലപാതകങ്ങള്‍ നടത്തിയതെന്ന് ഇയാള്‍ വെളിപ്പെടുത്തി. മാസങ്ങള്‍ നീണ്ട തയാറെടുപ്പിനു ശേഷം, 2 ദിവസങ്ങളിലായാണ് കൊലപാതകങ്ങള്‍ നടത്തിയത്. മാനസിക വിഭ്രാന്തിയുണ്ടെന്നു വരുത്തിത്തീര്‍ക്കാന്‍ കേഡല്‍ നടത്തിയ ശ്രമവും പൊലീസ് പൊളിച്ചു. കുറ്റകൃത്യങ്ങള്‍ നടത്തുമ്പോള്‍ പ്രതിക്ക് ഒരുവിധ മാനസിക പ്രശ്‌നവുമുണ്ടായിരുന്നില്ലെന്നു മനോരോഗ വിദഗ്ധന്റെ പരിശോധനയില്‍ തെളിഞ്ഞു.

You might also like

കാനഡയിലെ ഫുഡ് ബാങ്ക് സന്ദർശകരിൽ 33 ശതമാനവും കുട്ടികൾ; സസ്‌കാച്ചുവാനിലെ ദുരിതാവസ്ഥ തുറന്നുകാട്ടി റിപ്പോർട്ട്

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു; സഹപാഠികൾ ചേർന്ന് മർദ്ദിച്ച ശേഷം കാർ കയറ്റി കൊന്നു

യുഎസ് വിസയ്ക്ക് 15,000 ഡോളർ ബോണ്ട്; 12 രാജ്യങ്ങളെക്കൂടി ഉൾപ്പെടുത്തി നിയന്ത്രണം കടുപ്പിക്കുന്നു

എമർജൻസി ആക്ട്: ഫെഡറൽ കോർട്ട് ഓഫ് അപ്പീൽ വിധിക്കെതിരെ അപ്പീൽ നൽകി ഫെഡറൽ സർക്കാർ

കാൽഗറിയിലെ നദീതീരത്തുള്ള സർക്കാർ ഭൂമി വിൽപ്പനയ്ക്ക്; ആൽബർട്ട സർക്കാരിന്റെ നിർണ്ണായക നീക്കം

ഡീപ് ഫേക്ക് നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി; നിയമപരിഷ്കരണവുമായി ആൽബർട്ട സർക്കാർ

Top Picks for You
Top Picks for You