സമീപ വർഷങ്ങളിൽ മാനിറ്റോബയിൽ ലൈം രോഗം വർധിക്കുന്നതായി റിപ്പോർട്ട്. 2024ൽ മാനിറ്റോബയിൽ 77 ലൈം രോഗ ബാധയാണ് റിപ്പോർട്ട് ചെയ്തത്. മുൻ വർഷത്തേക്കാൾ കൂടുതലായിരുന്നു കേസുകൾ. രോഗത്തെയും അപകടസാധ്യതകളെയും കുറിച്ചുള്ള അവബോധം വർധിക്കുന്നുണ്ടെങ്കിലും കേസുകളുടെ എണ്ണത്തിൽ വർധനവുണ്ടാകുന്നുവെന്ന് വിന്നിപെഗിലെ നേച്ചർ ഡോക്ടേഴ്‌സിലെ നാച്ചുറോപതി ഡോക്ടർ ഡോ. ജേസൺ ബാച്ചെവിച്ച് പറയുന്നു.
ലൈം രോഗത്തിന്റെ കാര്യത്തിൽ ഇപ്പോഴും ധാരാളം മിഥ്യാധാരണകളും തെറ്റായ വിവരങ്ങളും ആളുകൾക്കിടയിൽ പരക്കുന്നുണ്ടെന്ന് ബാച്ചെവിച്ച് അഭിപ്രായപ്പെട്ടു. രോഗികൾക്കിടയിൽ ലക്ഷണങ്ങൾ വ്യത്യാസപ്പെടാമെങ്കിലും ലൈം രോഗത്തിന്റെ പൊതുവായ ലക്ഷണങ്ങളിൽ ബുൾസ്-ഐ റാഷ്, പനി, വിറയൽ, ക്ഷീണം, പേശികളിലും സന്ധികളിലും വേദന എന്നിവ ഉൾപ്പെടുന്നു. ചെള്ള് കടിക്കുന്നത് വഴി ശരീരത്തിലേക്ക് ബാക്ടീരിയ പ്രവേശിക്കുന്നതോടെയാണ് രോഗം ബാധിക്കുന്നത്.
പരമാവധി ചെള്ള്കടിയിൽ നിന്നും സുരക്ഷിതരാവുക എന്നതാണ് പ്രതിരോധ മാർഗം. കൂടാതെ ചെള്ളിനെ കണ്ടെത്തുന്നവർ മാനിറ്റോബ സർക്കാർ തയാറാക്കിയിരിക്കുന്ന eTick എന്ന വെബ്‌സൈറ്റിലേക്ക് ഇതിന്റെ ചിത്രങ്ങളടക്കം അപ്ലോഡ് ചെയ്യാൻ അധികൃതർ പ്രോത്സാഹിപ്പിക്കുന്നു. ഇത് വഴി ചെള്ളിന്റെ ഇനം തിരിച്ചറിയാനും അപകടസാധ്യതകളെക്കുറിച്ച് അറിയാനും സാധിക്കും. കൂടാതെ പൊതുജനാരോഗ്യ നിരീക്ഷണത്തിനും വെബ്‌സൈറ്റും ആപ്പും സഹായിക്കും.