യുഎസ് താരിഫ് നിലനില്‍ക്കെ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള പ്രതിജ്ഞാബദ്ധത അറിയിച്ചതായി മോദി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. യുക്രെയ്‌നിലെ നിലവിലെ സാഹചര്യങ്ങള്‍ പുടിന്‍ വിശദീകരിച്ചതായും മോദി പറഞ്ഞു.
”എന്റെ സുഹൃത്ത് പ്രസിഡന്റ് പുടിനുമായി വളരെ നല്ലതും വിശദവുമായ സംഭാഷണം നടത്തി. യുക്രെയ്‌നിലെ സാഹചര്യങ്ങള്‍ സംസാരിച്ചു. ഉഭയകക്ഷി അജണ്ടയിലെ പുരോഗതിയും അവലോകനം ചെയ്തു. ഇന്ത്യ-റഷ്യ തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കാനുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചു. ഈ വര്‍ഷാവസാനം പ്രസിഡന്റ് പുടിന് ഇന്ത്യയില്‍ ആതിഥേയത്വം വഹിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു” മോദി സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു.
നേരത്തെ വ്ളാഡിമിര്‍ പുടിന്‍ ഈ വര്‍ഷം അവസാനം ഇന്ത്യ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനെ തുടര്‍ന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കടുത്ത തീരുവകള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിനിടെയാണ് ഇന്ത്യ-റഷ്യ ബന്ധം കൂടുതല്‍ ശക്തമാകുന്നത്. റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരില്‍ പ്രഖ്യാപിച്ച 50 % തീരുവ ഓഗസ്റ്റ് 27-നാണ് നിലവില്‍ വരിക.