വാഷിങ്ടൺ: മെറ്റാ സിഇഒ മാർക്ക് സക്കർബർഗും ഭാര്യ പ്രിസില്ല ചാനും ചേർന്ന് കാലിഫോർണിയയിൽ ആരംഭിച്ച എലിമെന്ററി സ്കൂൾ അടുത്ത വർഷം അടച്ചുപൂട്ടുമെന്ന് അറിയിപ്പ്. അപ്രതീക്ഷിതമായ സക്കർബർഗിന്റെ തീരുമാനത്തിൽ ഞെട്ടിയിരിക്കുകയാണ് രക്ഷിതാക്കൾ. മെറ്റയുടെ ആസ്ഥാനത്ത് നിന്ന് ഏതാനും കിലോമീറ്റർ അകലെയുള്ള ഈസ്റ്റ് പാലോ ആൾട്ടോയിൽ ചാൻ സക്കർബർഗ് ഇനിഷ്യേറ്റീവ് (CZI) 2016 ൽ സ്ഥാപിച്ചതാണ് സ്കൂൾ. താഴേക്കിടയിലുള്ള അവർണ്ണ സമൂഹങ്ങൾക്കായി ഉള്ളതായിരുന്നു ഈ സ്കൂൾ.
ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് പ്രകാരം, മാതാപിതാക്കളെ ഒരു ബ്രേക്ക്ഫാസ്റ്റിന് വിളിച്ചുവരുത്തി കാര്യം അറിയിക്കുകയായിരുന്നു. ‘വളരെയധികം ആലോചനകൾക്ക് ശേഷമാണിത്, ഈസ്റ്റ് പാലോ ആൾട്ടോയിലെയും ഈസ്റ്റ് ബേയിലെയും ഞങ്ങളുടെ സ്കൂളുകൾ 2025-26 അധ്യയന വർഷത്തിന്റെ അവസാനത്തോടെ അടയ്ക്കുകയാണ്. ഇത് വളരെ ബുദ്ധിമുട്ടുള്ള ഒരു തീരുമാനമായിരുന്നു. എന്നിരുന്നാലും അടുത്ത വർഷവും വിദ്യാർത്ഥികൾക്കും കുടുംബങ്ങൾക്കും ചിന്തനീയവും പിന്തുണ നൽകുന്നതിനുള്ള ചില കാര്യങ്ങൾ ഉറപ്പുവരുത്താൻ ഞങ്ങൾ തയ്യാറാണ്. പ്രൈമറി സ്കൂളിന്റെ പാരമ്പര്യം നിലനിർത്തുന്നതിനായി, അടുത്ത കുറച്ച് വർഷങ്ങൾ കൂടി ഈസ്റ്റ് പാലോ ആൾട്ടോ, ബെല്ലെ ഹാവൻ, ഈസ്റ്റ് ബേ കമ്മ്യൂണിറ്റികളിൽ സിഎ ചാൻ സക്കർബർഗ് ഇനിഷ്യേറ്റീവ് 50 മില്യൺ ഡോളർ നിക്ഷേപം നടത്തുകയും ചെയ്യുമെന്നും വിശദീകരിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
സ്കൂൾ അടച്ചുപൂട്ടാനുള്ള കാരണം മകൻ കിൻഡർഗാർഡനിലെ ടീച്ചറിൽ നിന്ന് കേട്ട ശേഷം തന്നോട് പറഞ്ഞതായി ഒരു രക്ഷിതാവായ എമെലിൻ വൈനിക്കോളോ പറയുന്നു. ‘അമ്മേ, നമ്മുടെ സ്കൂളിന് പണം തന്നുകൊണ്ടിരുന്ന ആൾ ഇനി അത് ഞങ്ങൾക്ക് തരാൻ ആഗ്രഹിക്കുന്നില്ല’ എന്ന് കുട്ടി പറഞ്ഞതായാണ് റിപ്പോർട്ടിൽ പറയുന്നത്. പ്രീസ്കൂൾ കുട്ടികൾ മാത്രമായിരുന്നു ആദ്യം സ്കൂളിൽ പ്രവേശനം നൽകിയത്, എന്നാൽ ഒടുവിൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കും സേവനം നൽകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എല്ലാ വർഷവും ഒരു ഗ്രേഡ് കൂടി ചേർത്ത് 2025-26 അധ്യയന വർഷം എട്ടാം ക്ലാസ് വരെ ക്ലാസ് തുടങ്ങിയിരുന്നു. പുതിയ തീരുമാനത്തോടെ അത് അവസാനിക്കും.
സ്കൂൾ അടച്ചുപൂട്ടലിന് കാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും, ട്രംപ് ഭരണകൂടത്തിന്റെ പ്രീതി പിടിച്ചുപറ്റാൻ നടത്തുന്ന നിലപാടുകളിലെ മലക്കംമറിച്ചിലുകൾ വിമർശിക്കപ്പെടുന്നതിനിടയ്ക്കാണ് പുതിയ തീരുമാനവും പുറത്തുവന്നത്. മെറ്റയിൽ, ഡിഇഐ എന്നറിയപ്പെടുന്ന വൈവിധ്യം, തുല്യത, ഇൻക്ലൂഷൻ പരിപാടികൾ സക്കർബർഗ് അവസാനിപ്പിച്ചിരുന്നു. “നിങ്ങളുടെ പശ്ചാത്തലം ഏതുമാകട്ടെ, എല്ലാവർക്കും പക്ഷപാതമില്ലാതെ ന്യായവും സ്ഥിരതയുള്ളതുമായ രീതികൾ” നൽകുന്നതിൽ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നായിരുന്നു ഇതിലെ വിശദീകരണം.