newsroom@amcainnews.com

ഗുണ്ടകളും ക്രിമിനലുകളും ലഹരി മാഫിയയും അഴിഞ്ഞാടുന്ന സംസ്ഥാനമായി കേരളം മാറി; ലഹരി മാഫിയയ്ക്ക് സിപിഎമ്മിന്റെ രാഷ്ട്രീയ രക്ഷാകർതൃത്വം; വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

കൊച്ചി: ഗുണ്ടകളും ക്രിമിനലുകളും ലഹരി മാഫിയയും അഴിഞ്ഞാടുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പൊലീസിനോ എക്സൈസിനോ ഇത്തരം കാര്യങ്ങളിൽ നിയന്ത്രണമില്ലെന്നും അപകടകരമാണ് സംസ്ഥാനത്തെ സ്ഥിതിവിശേഷമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ലഹരി, അക്രമ മാഫിയയ്ക്ക് സിപിഎമ്മിന്റെ രാഷ്ട്രീയ രക്ഷാകർതൃത്വമുണ്ടെന്നും സതീശൻ ആരോപിച്ചു.

സംസ്ഥാനത്ത് ഇതുവരെ ഉണ്ടാകാത്ത തരത്തിലുള്ള അക്രമങ്ങളാണ് നടക്കുന്നതെന്ന് സതീശൻ ചൂണ്ടിക്കാട്ടി. ‘‘കുട്ടികളുടെ ഇടയിൽ ലഹരി വ്യാപകമായി വിതരണം ചെയ്യപ്പെടുന്നു. ലഹരി വസ്തുക്കൾ ഏറ്റവും സുലഭമായ സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. ഉപയോഗിക്കുന്നവരെ മാത്രം സർക്കാർ പിടിക്കുന്നു. എന്നാൽ ഇതിന്റെ ഉറവിടം തേടി പൊലീസോ എക്സൈസോ പോകുന്നില്ല. മിനിറ്റുകൾക്കുള്ളിൽ മാരകമായ ലഹരിവസ്തുക്കൾ ഇന്ന് കേരളത്തിൽ എവിടെയും ലഭ്യമാണ്. എസ്എസ്‍എൽസിക്ക് പഠിക്കുന്ന കുട്ടികൾ നടത്തുന്നത് ലഹരി പാർട്ടിയാണ്. വമ്പന്മാർ ലഹരി പാർട്ടികൾ നടത്തുന്നു. ഒഴിഞ്ഞു കിടക്കുന്ന എല്ലായിടത്തും ലഹരി പാർട്ടികളാണ്, പരസ്യമായി നടക്കുന്നു.

ബോധവൽക്കരണമൊന്നും ഒരു വിധത്തിലും ഫലവും ഉണ്ടാക്കിയിട്ടില്ല. പരസ്യമായി 14–15 വയസുള്ള കുട്ടികൾ തമ്മിൽ ഏറ്റുമുട്ടലാണ് നാം കാണുന്നത്. പല ബസ് സ്റ്റാൻഡുകളിലും സ്കൂളും കോളജും വിട്ടു വന്നാൽ പല ഗ്യാങ്ങുകളായി തിരിഞ്ഞ് അടിയാണ്. ഒരു കുട്ടി കൊല്ലപ്പെട്ടു. ക്യാംപസുകളിലെല്ലാം റാഗിങ് ആണ്. ലഹരിയുടെ അടിസ്ഥാനത്തിലാണ് ഇത്. ഇതിന്റെ ഒരു ഭാഗത്ത് എസ്എഫ്ഐ ആണ്. എസ്എഫ്ഐ നേതാക്കൾക്ക് ലഹരി ഉപയോഗിക്കാനും വെള്ളമടിക്കാനും പൈസ കൊടുത്തില്ലെങ്കിൽ ക്രൂരമായ റാഗിങ്ങാണ്. സിദ്ധാർഥന് സംഭവിച്ചതും അടുത്തിടെ കോട്ടയത്തുണ്ടായതും ഉൾപ്പെടെ ഒരുപാട് സംഭവങ്ങളുണ്ട്.’’– സതീശൻ പറഞ്ഞു.

ലഹരി വസ്തുക്കൾ എത്തുന്ന ഉത്ഭവസ്ഥാനം കണ്ടെത്തി അത് അവസാനിപ്പിക്കാൻ പ്രതിപക്ഷം പൂർണ പിന്തുണ വാഗ്ദാനം ചെയ്തിരുന്നുവെന്ന് സതീശൻ പറഞ്ഞു. ‘‘ഇതിനു വ്യാപകമായ മുന്നേറ്റം ഉണ്ടാകണം. ഇതിനു മുൻകൈ എടുക്കേണ്ടത് സർക്കാരാണ്. എന്നാൽ അവർ മറ്റെല്ലാ കാര്യങ്ങളിലേതും പോലെ ഇതിലും നിസംഗരാണ്. കേരളം വലിയ ഭീതിയിലാണ്. കുഞ്ഞുങ്ങളെ സ്കൂളുകളിലേക്കും കോളജിലേക്കും അയയ്ക്കുന്ന മാതാപിതാക്കൾക്ക് പേടിയാണ്. അപകടത്തിലേക്ക് കേരളം പോവുകയാണ്. സർക്കാർ ഇക്കാര്യത്തിൽ പരാജയപ്പെട്ടു. കേരളത്തിലേക്ക് കിലോ കണക്കിലാണ് ലഹരി വസ്തുക്കൾ വരുന്നത്. എവിടെ നിന്നാണ് ഇതു വരുന്നതെന്ന് കണ്ടെത്താൻ ഒരു സംവിധാനവും ഇല്ലെന്നാണ് പറയുന്നതെങ്കിൽ സർക്കാർ പരാജയമാണെന്നാണ് അർഥം.’’ – സതീശൻ പറഞ്ഞു.

പ്രാദേശിക ലഹരി സംഘങ്ങൾക്ക് സിപിഎമ്മാണ് സംരക്ഷണം നൽകുന്നതെന്നതിനു ആലപ്പുഴ, കൊല്ലം ജില്ലകളിലെ കാര്യങ്ങൾ മാത്രം പരിശോധിച്ചാൽ മതിയെന്ന് സതീശൻ പറഞ്ഞു. കാപ്പാ കേസ് പ്രതികളെ വരെ പാർട്ടിയിലേക്ക് മാലയിട്ട് സ്വാഗതം ചെയ്യുന്നത് മന്ത്രിമാർ അടക്കമുള്ളവരാണ്. അതുകൊണ്ടാണ് സിപിഎമ്മിന് ഈ കാര്യങ്ങളിൽ രാഷ്ട്രീയ രക്ഷാകർതൃത്വമുണ്ട് എന്നു പറയുന്നതെന്നും സതീശൻ പറഞ്ഞു. ഭരണത്തിലിരിക്കുന്ന സർക്കാരിന് നേതൃത്വം നൽകുന്ന പാർട്ടിയാണ് ലഹരി മാഫിയയ്ക്ക് സംരക്ഷണം നൽകുന്നത് എന്നത് താൻ യാഥാർഥ്യ ബോധത്തോടെ തന്നെ പറയുന്നതാണെന്നും സതീശൻ പറഞ്ഞു.

You might also like

ആൽബെർട്ട ഫോറെവർ കാനഡ: നടപടികൾക്ക് എഡ്മണ്ടണിൽ ഒദ്യോഗിക തുടക്കം

ആ മുഖം, ആ ബുദ്ധി, ആ ചുണ്ടുകൾ, അത് അനങ്ങുന്നരീതി… വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരലിൻ ലീവിറ്റിനെക്കുറിച്ച് വാചാലനായി ഡോണൾഡ് ട്രംപ്! സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനം

ഹാക്ക് ചെയ്യപ്പെടാൻ സാധ്യത; കാനഡയിൽ ഡെൽ ലാപ്‌ടോപ്പുകൾ ഉപയോഗിക്കുന്നവർ ഉടൻ സിസ്റ്റം അപ്‌ഡേറ്റ് ചെയ്യണമെന്ന് കമ്പനി

ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് അഞ്ച് പാക്ക് യുദ്ധവിമാനങ്ങളും ഒരു വ്യോമനിരീക്ഷണ വിമാനവും തകർത്തെന്ന് സ്ഥിരീകരിച്ച് വ്യോമസേനാ മേധാവി

ഗ്രീൻകാർഡിനായി മറ്റൊരു കല്യാണത്തിന് ശ്രമിക്കുന്നു; അമേരിക്കയിൽനിന്നു ഭർത്താവിനെ നാടുകടത്തണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ യുവതി

എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ 2,500 അപേക്ഷകർക്ക് ക്ഷണം

Top Picks for You
Top Picks for You