തിരുവനന്തപുരം: 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടിക സിപിഐ ഔദ്യോഗികമായി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം 25 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. നിലവിലെ പിണറായി സർക്കാരിലെ നാല് സിപിഐ മന്ത്രിമാരും ഇത്തവണ മത്സരരംഗത്തുണ്ട്. റവന്യൂ മന്ത്രി കെ. രാജൻ ഒല്ലൂരിലും, ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ നെടുമങ്ങാടും, കൃഷി മന്ത്രി പി. പ്രസാദ് ചേർത്തലയിലും, മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി ചടയമംഗലത്തും ജനവിധി തേടും.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ പറവൂരിൽ കയ്പമംഗലം സിറ്റിങ് എംഎൽഎ ഇ.ടി. ടൈസനെയാണ് സിപിഐ നിയോഗിച്ചിരിക്കുന്നത്. തൃശൂരിൽ കവിയും സാംസ്കാരിക പ്രവർത്തകനുമായ ആലങ്കോട് ലീലാകൃഷ്ണൻ സ്ഥാനാർഥിയാകും. ഹരിപ്പാട് രമേശ് ചെന്നിത്തലയ്‌ക്കെതിരെ ടി.ടി. ജിസ്മോനാണ് മത്സരാനിറങ്ങുന്നത്. പട്ടികയിൽ 17 പേർ പുതുമുഖങ്ങളാണെന്ന പ്രത്യേകതയുമുണ്ട്. അതേസമയം, നാട്ടികയിലെ സിറ്റിങ് എംഎൽഎ സി.സി. മുകുന്ദനെ ഇത്തവണ പട്ടികയിൽ നിന്ന് ഒഴിവാക്കി; പകരം ഗീതാ ഗോപിയാണ് നാട്ടികയിൽ മത്സരിക്കുക.
മറ്റു പ്രധാന സ്ഥാനാർഥികൾ:
കാഞ്ഞങ്ങാട്: അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ
നാദാപുരം: അഡ്വ. പി. വസന്തം
ഏറനാട്: അഡ്വ. ഷെഫീർ കിഴിശ്ശേരി
മഞ്ചേരി: വി.എം. മുസ്തഫ (സ്വതന്ത്രൻ)
തിരൂരങ്ങാടി: അജിത് കൊളാടി
പട്ടാമ്പി: മുഹമ്മദ് മുഹ്സിൻ
കൊടുങ്ങല്ലൂർ: വി.ആർ. സുനിൽകുമാർ
മൂവാറ്റുപുഴ: എൻ. അരുൺ
വൈക്കം: പി. പ്രദീപ്
പുനലൂർ: അജയപ്രസാദ്
സ്ഥാനാർഥി പ്രഖ്യാപനത്തിൽ എൽഡിഎഫ് ഒരു മുഴം മുൻപേ എറിഞ്ഞതായും മൂന്നാം തുടർഭരണം ഉറപ്പാണെന്നും ബിനോയ് വിശ്വം വാർത്താസമ്മേളനത്തിൽ അവകാശപ്പെട്ടു. ഏപ്രിൽ 9-നാണ് കേരളത്തിൽ വോട്ടെടുപ്പ് നടക്കുന്നത്.







