newsroom@amcainnews.com

രാഷ്ട്രീയത്തിനപ്പുറം തിളങ്ങിയ ജീവകാരുണ്യ പ്രവർത്തനം; ജിമ്മി കാർട്ടർ ഇനി ഓർമകളിലെ ചരിത്രപുരുഷൻ, സംസ്കാരം 9ന്

വാഷിങ്ടൻ: സംഭവബഹുലമായ ഭരണം കൊണ്ടും രാഷ്ട്രീയത്തിനപ്പുറം തിളങ്ങിയ ജീവകാരുണ്യ പ്രവർത്തനം കൊണ്ടും അനന്യജീവിതം നയിച്ച ജിമ്മി കാർട്ടർ ഇനി ഓർമകളിലെ ചരിത്രപുരുഷൻ. യുഎസിന്റെ 39–ാമത് പ്രസിഡന്റും സമാധാന നൊബേ‍ൽ ജേതാവുമായ ജിമ്മി കാർട്ടർ ജോർജിയയിലെ വീട്ടിലാണ് നൂറാം വയസ്സിൽ അന്തരിച്ചത്. 2018 ൽ 94–ാം വയസ്സിൽ അന്തരിച്ച ജോർജ് എച്ച്.ഡബ്ല്യൂ. ബുഷിനു ശേഷം ജീവിച്ചിരിക്കുന്ന മുൻ പ്രസിഡന്റുമാരിൽ ഏറ്റവും പ്രായം ചെന്നയാളായിരുന്നു കാർട്ടർ. ഏറ്റവും കൂടുതൽ കാലം ജീവിച്ച യുഎസ് പ്രസിഡന്റുമാണ്. അറ്റ്ലാന്റയിലെ കാർട്ടർ പ്രസിഡൻഷ്യൽ സെന്ററിൽ ജനുവരി 4നും 5നും പൊതുദർശനം. തുടർന്ന്, 6ന് വാഷിങ്ടനിൽ പൊതുദർശനം. 9ന് വാഷിങ്ടൻ നാഷനൽ കത്തീഡ്രലിൽ ശുശ്രൂഷാ ചടങ്ങുകൾ. തുടർന്ന് ജോർജിയയിൽ തിരികെയെത്തിച്ച് സംസ്കാരം.

ഡെമോക്രാറ്റ് പാർട്ടി നേതാവായിരുന്ന കാർട്ടർ 1977 മുതൽ 1981 വരെയാണ് പ്രസിഡന്റായത്. രാജ്യാന്തര സംഘർ‌ഷങ്ങളിലെ മധ്യസ്ഥ ഇടപെടലുകൾക്കും സമാധാന ശ്രമങ്ങൾക്കുമായി 2002 ൽ നൊബേൽ സമ്മാനം ലഭിച്ചു. ഇസ്രയേൽ– ഈജിപ്ത് സംഘർഷം അവസാനിപ്പിച്ച് കാർട്ടറുടെ മധ്യസ്ഥതയിൽ ഒപ്പിട്ട ക്യാംപ് ഡേവിഡ് സമാധാന ഉടമ്പടി ലോകചരിത്രത്തിലെ നാഴികക്കല്ലാണ്. പൂർണ നയതന്ത്രപദവി നൽകി ചൈനയുമായി ബന്ധം മെച്ചപ്പെടുത്തിയതു നേട്ടമായെങ്കിലും 1979 ൽ ഇറാനിലെ യുഎസ് എംബസിയിലുണ്ടായ ബന്ദി സംഭവവും യുഎസിനെ അക്കാലത്തു ബാധിച്ച കടുത്ത ഊർജ–സാമ്പത്തിക പ്രതിസന്ധികളും പ്രതിച്ഛായ കെടുത്തി.

1924 ഒക്ടോബർ ഒന്നിന് ജോർജിയയിലെ പ്ലെയ്ൻസിലായിരുന്നു ജനനം. നിലക്കടല കർഷകനും ബിസിനസുകാരനുമായിരുന്നു അച്ഛൻ ജയിംസ് കാർട്ടർ. അമ്മ ലിലിയൻ ഗോർഡി നഴ്സായിരുന്നു. മേരിലാൻഡിലെ നേവൽ അക്കാദമിയിൽനിന്ന് 1946 ൽ ബിരുദമെടുത്തു. അതേ വർഷം റോസലിൻ സ്മിത്തുമായി വിവാഹം. ജോൺ വില്യം കാർട്ടർ, ജയിംസ് ഏൾ കാർട്ടർ, ഡോണൾ ജെഫ്രി കാർട്ടർ, ഏമി ലിൻ എന്നിവരാണ് മക്കൾ. റോസലിൻ ഒരു വർഷം മുൻപ് അന്തരിച്ചു.

1953 ൽ അച്ഛന്റെ മരണത്തോടെ നാവികസേനയിൽനിന്നു തിരികെയെത്തിയ കാർട്ടർ കുടുംബത്തിന്റെ കൃഷിയും വ്യാപാരങ്ങളും ഏറ്റെടുത്തു. 1962 ൽ ജോർജിയ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ രാഷ്ട്രീയത്തിൽ സജീവമായി. 1971 ൽ ഗവർണറായി. 1976 ലെ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പ്രസിഡന്റ് ജറൾഡ് ഫോർഡിനെ പരാജയപ്പെടുത്തി യുഎസ് പ്രസിഡന്റായി. 1980 ൽ റൊണാൾഡ് റെയ്ഗനോടു തോറ്റു. മുപ്പതിലേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

You might also like

എപ്സ്റ്റീൻ കേസ്: പാം ബോണ്ടി മൊഴി നൽകില്ലെന്ന് യുഎസ് നീതിന്യായ വകുപ്പ്; തീരുമാനം തർക്കത്തിലേക്ക്

കാനഡയെ ഉലയ്ക്കുന്ന ‘മെയ്ഡ്’ വിവാദം: ഡോക്ടർമാരുടെ അവകാശങ്ങൾക്കുവേണ്ടി ഒരു വിഭാഗം; രോഗികൾക്കുവേണ്ടി മറുഭാഗം

നാറ്റോയെ തള്ളി ട്രംപ്; പ്രതിരോധം കടുപ്പിച്ച് മാർക്ക് കാർണി; ആർട്ടിക് സുരക്ഷയിൽ കാനഡയുടെ പുതിയ നീക്കം

കനേഡിയൻ പൗരത്വം തെളിയിക്കാൻ അമേരിക്കക്കാർ ഉപയോഗിക്കുന്ന 7 പ്രധാന രേഖകൾ; പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്ത്

അമേരിക്കയെ നടുക്കിയ ഗിൽഗോ ബീച്ച് പരമ്പരക്കൊലപാതക കേസിൽ നിർണ്ണായക വഴിത്തിരിവ്; ഏഴ് സ്ത്രീകളെ കൊലപ്പെടുത്തിയെന്ന് കുറ്റസമ്മതം നടത്തി റെക്സ് ഹ്യൂവർമാൻ

മിസിസാഗയിൽ കനേഡിയൻ പതാക മാത്രം; വിദേശ രാജ്യങ്ങളുടെ പതാകകൾക്ക് വിലക്ക്

Top Picks for You
Top Picks for You