കൊച്ചി: ഡിജിറ്റൽ സർവകലാശാല താൽക്കാലിക വൈസ് ചാൻസലർ ഡോ. സിസ തോമസിനോട് സർക്കാരിന് എന്താണിത്ര വിരോധമെന്ന് ഹൈക്കോടതി. തന്റെ പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ തടഞ്ഞുവച്ചിരിക്കുന്നതിനെതിരെ സിസ തോമസ് നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ചോദ്യം. ഗവർണർ ഏൽപ്പിച്ച ജോലിയല്ലേ സിസ തോമസ് ചെയ്യുന്നതെന്നും ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, ജോൺസൺ ജോൺ എന്നിവരുടെ ഡിവിഷൻ ബെഞ്ച് ചോദിച്ചു.
2023 മാർച്ച് 31നാണ് 33 വർഷത്തെ സേവനത്തിനുശേഷം സിസ തോമസ് വിരമിച്ചത്. എന്നാൽ അച്ചടക്ക നടപടിയുടെ പേരിൽ പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ സർക്കാർ തടഞ്ഞു വെക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത് സിസ തോമസ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുകയും അനുകൂല വിധി നേടിയെടുക്കുകയും ചെയ്തിരുന്നു. എന്നാൽ അതിനു ശേഷവും വിരമിക്കൽ ആനുകൂല്യങ്ങൾ നൽകാൻ സർക്കാർ തയാറായില്ല. തുടർന്ന് സിസ തോമസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹർജിയിൽ സർക്കാർ വിശദീകരണം നാളെ കോടതി പരിഗണിക്കും.