കാനഡയിലെ പണപ്പെരുപ്പ നിരക്ക് 2.4 ശതമാനമായി ഉയർന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് ചെയ്തു. നവംബറിൽ പണപ്പെരുപ്പ നിരക്ക് 2.2 ശതമാനമായിരുന്നു. 2024 ഡിസംബറിൽ ഫെഡറൽ സർക്കാർ ചില ഉൽപ്പന്നങ്ങൾക്ക് ജി.എസ്.ടി ഒഴിവാക്കിയിരുന്നു. എന്നാൽ ഈ വർഷം ആ ഇളവുകൾ ഇല്ലാത്തതിനാൽ മുൻവർഷങ്ങളെ അപേക്ഷിച്ച് വില വർധനയുണ്ടായി. ഹോട്ടൽ ഭക്ഷണത്തിന്റെ വിലയിൽ 8.5 ശതമാനം വർധനയുണ്ടായപ്പോൾ ഗ്രോസറി ഉൽപ്പന്നങ്ങളുടെ വില 5 ശതമാനത്തോളം ഉയർന്നു.
ഡിസംബറിൽ കാപ്പിയുടെ വില 30 ശതമാനത്തിലധികം ഉയർന്നപ്പോൾ പുതിയതോ ശീതീകരിച്ചതോ ആയ ബീഫിന്റെ വില 16.8 ശതമാനം വർധിച്ചതായും ഏജൻസി അറിയിച്ചു. ഡിസംബറിലെ പണപ്പെരുപ്പ വർധനയ്‌ക്ക് പിന്നാലെ പെട്രോൾ വിലയിൽ 13.8 ശതമാനം കുറവ് രേഖപ്പെടുത്തിയതായി ഫെഡറൽ ഏജൻസി പറഞ്ഞു. ആഗോളതലത്തിൽ അസംസ്കൃത എണ്ണയുടെ അമിത ലഭ്യതയാണ് വില കുറയാൻ കാരണമായത്. വിമാനടിക്കറ്റ് നിരക്കുകൾ മാസങ്ങൾക്കിടയിൽ 34.5 ശതമാനം വരെ ഉയരത്തിലേക്ക് കുതിച്ചു.
അതേ സമയം ഇന്ധനവിലയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 13.8 ശതമാനം കുറവുണ്ടായത് പണപ്പെരുപ്പ നിരക്ക് ഒരു പരിധിക്കപ്പുറത്തേക്ക് ഉയരാതെ പിടിച്ചു നിറുത്താൻ സഹായിച്ചു. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ ലഭ്യത കൂടിയതാണ് ഇതിന് കാരണമായത്. ബാങ്ക് ഓഫ് കാനഡ അടുത്ത ആഴ്ച പലിശ നിരക്കുകൾ പ്രഖ്യാപിക്കാനിരിക്കെയാണ് പണപ്പെരുപ്പ കണക്കുകൾ പുറത്തുവിട്ടത്. ഡിസംബറിൽ സെൻട്രൽ ബാങ്ക് അതിന്റെ ബെഞ്ച്മാർക്ക് പലിശ നിരക്ക് 2.25 ശതമാനത്തിൽ സ്ഥിരമായി നിലനിറുത്തിയിരുന്നു.







