വ്യാജ കാരണം ചൂണ്ടിക്കാട്ടി അമേരിക്കയിൽ അഭയം തേടിയെന്നും ഗ്രീൻ കാർഡിനായി തന്നെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാൻ പോകുന്നുവെന്നും ആരോപിച്ച് ഭർത്താവിനെ നാടുകടത്തണമെന്ന് ഐസിഇയോട് ആവശ്യപ്പെട്ട് ഇന്ത്യൻ യുവതി. സമൻപ്രീത് എന്ന യുവതിയാണ് ഭർത്താവ് നവ്രീത് സിംഗിനെതിരെ രംഗത്തെത്തിയത്. താൻ ഇന്ത്യയിൽ താമസിക്കുന്നുവെന്നും നവ്രീത് സിംഗ് കാലിഫോർണിയയിലെ ഫ്രെസ്‌നോയിലാണെന്നും സമൻപ്രീത് പറഞ്ഞു.
2022 ലാണ് ഇന്ത്യയിൽ ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞ് നവ്രീത് അമേരിക്കയിൽ എത്തിയത്. ഇവരുടെ ബന്ധത്തിൽ ഏഴ് വയസ്സുള്ള മകളുമുണ്ട്.
രാജ്യത്ത് അഭയം ലഭിക്കുമെന്ന് വ്യാജ അവകാശവാദം ഉന്നയിച്ച ഭർത്താവിനെ നാടുകടത്തണമെന്നാണ് സമൻപ്രീതിന്റെ ആവശ്യം. ഗ്രീൻ കാർഡിനായി അമേരിക്കയിലുള്ള യുവതിയെ വിവാഹം കഴിക്കുകയാണെന്ന് പിതാവിനോട് പറഞ്ഞതായും സമൻപ്രീത് ആരോപിച്ചു. എപ്പോൾ ആവശ്യപ്പെട്ടാലും ഭർത്താവിന്റെ വ്യാജ അഭയത്തിന്റെ തെളിവ് നൽകാൻ കഴിയുമെന്നും സമൻപ്രീത് വ്യക്തമാക്കി.