വാഷിങ്ടൺ: അമേരിക്കയിൽ ഭാര്യയേയും മകനേയും കൊലപ്പെടുത്തിയ ശേഷം ഇന്ത്യക്കാരനായ ടെക് സംരംഭകൻ ജീവനൊടുക്കി. കർണാടക മാണ്ഡ്യ സ്വദേശിയായ ഹർഷവർധന എസ് കിക്കേരി(57)യാണ് ഭാര്യ ശ്വേത(44)യേയും പതിനാലുകാരനായ മകനേയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ഏപ്രിൽ 24ന് നടന്ന സംഭവം ഇപ്പോഴാണ് പുറത്തറിയുന്നത്.
വാഷിങ്ടൺ ന്യൂകാസിയിലെ വസതിയിൽവെച്ചാണ് ഹർഷവർധന ഭാര്യയേയും മകനേയും വെടിവെച്ച് കൊലപ്പെടുത്തിയത്. ഹർഷവർധന-ശ്വേത ദമ്പതികൾക്ക് മറ്റൊരു മകൻ കൂടിയുണ്ട്. സംഭവം നടക്കുമ്പോൾ ഈ കുട്ടി വീട്ടിൽ ഉണ്ടായിരുന്നില്ലെന്നും നിലവിൽ സുരക്ഷിത ഇടത്താണുള്ളതെന്നും പൊലീസ് പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മൈസൂരു ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ‘ഹോലോവേൾഡ്’ എന്ന റോബോട്ടിക്‌സ് കമ്പനിയുടെ സിഇഒയായിരുന്നു ഹർഷവർധന. ഭാര്യ ശ്വേത ഇതേ കമ്പനിയുടെ സഹസ്ഥാപകകൂടിയായിരുന്നു. നേരത്തേ അമേരിക്കയിലായിരുന്ന ഹർഷവർധനയും ശ്വേതയും 2017ൽ തിരിച്ചെത്തിയ ശേഷമാണ് ഹോലോവേൾഡ് റോബോട്ടിക്‌സ് കമ്പനി ആരംഭിച്ചത്. കൊവിഡ് വ്യാപിച്ചതോടെ 2022 ൽ കമ്പനി അടച്ചുപൂട്ടി ഹർഷവർധന കുടുംബമായി യുഎസിലേയ്ക്ക് പോകുകയായിരുന്നു.