ഇന്ത്യ–പാക്കിസ്ഥാൻ യുദ്ധം അവസാനിപ്പിച്ച് സമാധാനം സാധ്യമാക്കുന്നതിന് പരിശ്രമിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പ്രശംസിച്ച് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. ഏറെ മാറ്റങ്ങൾ കൊണ്ടുവന്ന പ്രസിഡന്റ് എന്നും കാര്‍ണി ട്രംപിനെ വിശേഷിപ്പിച്ചു. വൈറ്റ് ഹൗസിൽ ട്രംപുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു കാർണിയുടെ പരാമർശം.
മാറ്റങ്ങൾക്ക് നേതൃത്വം നൽകിയ പ്രസിഡന്റാണ് ട്രംപെന്നും, സമ്പദ് വ്യവസ്ഥയിലെ പരിവർത്തനം, നാറ്റോ സഖ്യവുമായുള്ള പ്രതിബദ്ധത, ഇന്ത്യ–പാക്കിസ്ഥാൻ മുതൽ അസർബൈജാൻ – അർമേനിയ വരെയുള്ള രാജ്യങ്ങൾക്കിടയിലെ സമാധാനം, ഇറാനെ ഭീകരതയില്‍ നിന്ന് മുക്തമാക്കുന്ന ഇടപെടൽ എന്നിവയെല്ലാം പ്രധാനമാണെന്നും കാർണി ഊന്നിപ്പറഞ്ഞു. കഴിഞ്ഞ മേയ് മാസത്തിൽ ഇന്ത്യ–പാക്കിസ്ഥാൻ സംഘർഷം ഇല്ലാതാക്കാൻ മധ്യസ്ഥത വഹിച്ചത് താനാണെന്ന് ട്രംപ് നിരന്തരം ആവർത്തിച്ചു പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കനേഡിയൻ പ്രസിഡന്റ് മാർക്ക് കാർണിയുടെ വാക്കുകൾ.







