റഷ്യയില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്കുമേല്‍ 500 ശതമാനം നികുതിയേര്‍പ്പെടുത്താനുള്ള യുഎസ് നീക്കത്തില്‍ പ്രതികരിച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. യുഎസ് പാര്‍ലമെന്റില്‍ ബില്ല് മുന്നോട്ടുവെച്ച റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാമുമായി, യുഎസിലെ ഇന്ത്യന്‍ അംബാസഡറും എംബസിയും ആശയവിനിമയം നടത്തുന്നുണ്ടെന്ന് ജയശങ്കര്‍ പറഞ്ഞു.
വിഷയത്തിലെ ഇന്ത്യയുടെ ആശങ്കയെക്കുറിച്ചും ഊര്‍ജം, സുരക്ഷ എന്നീ വിഷയങ്ങളിലെ ഇന്ത്യന്‍ താല്‍പര്യങ്ങളെക്കുറിച്ചും ലിന്‍ഡ്‌സെയേ ധരിപ്പിച്ചിട്ടുണ്ടെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു. റഷ്യയില്‍നിന്ന് എണ്ണ, ഗ്യാസ്, യുറേനിയം, മറ്റ് ഉത്പന്നങ്ങള്‍ എന്നിവ ഇറക്കുമതി ചെയ്യുന്ന ഏതൊരു രാജ്യത്തിന് മേലും 500 ശതമാനം നികുതി ഏര്‍പ്പെടുത്താനാണ് ബില്ലിലൂടെ ഉദ്ദേശിക്കുന്നത്. റഷ്യ-യുക്രൈന്‍ യുദ്ധം ആരംഭിച്ചതിന് പിന്നാലെ യുഎസും മറ്റ് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കും റഷ്യയ്‌ക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്ത്യ, റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് തുടര്‍ന്നിരുന്നു. പ്രതിദിനം ശരാശരി 22 ലക്ഷം വീപ്പ അസംസ്‌കൃത എണ്ണയാണ് റഷ്യയില്‍നിന്ന് ഇന്ത്യ വാങ്ങുന്നത്.