അമേരിക്കയില്‍ നിന്ന് ആയുധങ്ങളും വിമാനങ്ങളും വാങ്ങുന്നത് ഇന്ത്യ നിര്‍ത്തിവെയ്ക്കുന്നുവെന്ന വാര്‍ത്തകള്‍ തള്ളി കേന്ദ്ര പ്രതിരോധ മന്ത്രാലയം. ഇത്തരം വാര്‍ത്തകള്‍ തെറ്റായതും കെട്ടിച്ചമച്ചതുമാണെന്ന് പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. അധിക തീരുവയെച്ചൊല്ലിയുള്ള ഇന്ത്യയുടെ അതൃപ്തി അറിയിച്ചുകൊണ്ട് യുഎസില്‍നിന്ന് പുതിയ ആയുധങ്ങളും വിമാനങ്ങളും വാങ്ങുന്നത് നിര്‍ത്തിവെയ്ക്കാന്‍ കേന്ദ്രം തീരുമാനിച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പുതിയ ആയുധങ്ങളും വിമാനങ്ങളും വാങ്ങുന്നതിന്റെ ഭാഗമായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അടുത്തയാഴ്ച വാഷിങ്ടണിലേക്ക് പോകാനിരിക്കുകയായിരുന്നുവെന്നും എന്നാല്‍, യാത്ര റദ്ദാക്കിയതായും റോയിറ്റേഴ്സിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
എന്നാല്‍, യുഎസില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങുന്നത് താത്കാലികമായി നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് നിലവില്‍ രേഖാമൂലമുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടില്ലെന്ന ഉദ്യോഗസ്ഥ പ്രതികരണവും ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജനറല്‍ ഡൈനാമിക്‌സ് ലാന്‍ഡ് സിസ്റ്റംസ് നിര്‍മിച്ച സ്‌ട്രൈക്കര്‍ യുദ്ധ വാഹനങ്ങളും റേതിയോണ്‍, ലോക്ക്ഹീഡ് മാര്‍ട്ടിന്‍ എന്നിവ വികസിപ്പിച്ചെടുത്ത ജാവലിന്‍ ആന്റി ടാങ്ക് മിസൈലുകളും വാങ്ങാനായിരുന്നു ഇന്ത്യയുടെ പദ്ധതിയെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.