കെബെക്കിലെ യുഎസ് അതിർത്തി കടക്കാൻ ശ്രമിച്ച 44 കുടിയേറ്റക്കാരെയും മൂന്ന് മനുഷ്യക്കടത്ത് സംഘാംഗങ്ങളെയും പിടികൂടി. സ്റ്റാൻസ്റ്റഡിനടുത്തുള്ള ഹാസ്കൽ റോഡിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. കുട്ടികളടക്കം 44 പേരെ വായുസഞ്ചാരമില്ലാത്ത ട്രക്കിൽ തിക്കിനിറച്ച നിലയിലായിരുന്നു കണ്ടെത്തിയത്. ഇത്രവലിയ മനുഷ്യക്കടത്ത് ഈ മേഖലയിൽ ആദ്യമാണെന്നും റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് (RCMP) അറിയിച്ചു. സംഭവത്തിൽ അറസ്റ്റിലായ മൂന്ന് പേരെ കോടതിയിൽ ഹാജരാക്കി. അനധികൃതമായി ആളുകളെ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ചതിനാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതികൾ നിലവിൽ കസ്റ്റഡിയിലാണ്.
പിടികൂടിയ 44 കുടിയേറ്റക്കാരെ ഇമിഗ്രേഷൻ നടപടികൾക്കായി റീജിനൽ പ്രൊസസ്സിങ് സെന്ററിലേക്ക് മാറ്റി. ഇതിൽ ചിലരെ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ അമേരിക്കയിലേക്ക് തിരിച്ചയച്ചതായും അധികൃതർ അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.