newsroom@amcainnews.com

അട്ടപ്പാടിയിൽ സർക്കാർ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഭൂമി അനധികൃതമായി തട്ടിയെടുത്ത് ഉപയോഗശൂന്യമായ ഭൂമി നൽകിയെന്ന പരാതി; വിജിലൻസ് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

പാലക്കാട്: അട്ടപ്പാടിയിലെ ഭൂമിയും വീടുമില്ലാത്ത പട്ടികജാതി കുടുംബങ്ങൾക്ക് വീട് നിർമ്മിക്കാൻ സർക്കാർ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഭൂമി അനധികൃതമായി തട്ടിയെടുത്ത് പകരം ഉപയോഗശൂന്യമായ ഭൂമി നൽകിയെന്ന പരാതി വിജിലൻസ് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.

ഡി.വൈ.എസ്.പി. റാങ്കിൽ കുറയാത്ത ഒരു പൊലീസുദ്യോഗസ്ഥനെ നിയോഗിച്ച് പ്രാഥമികമായ അന്വേഷണം നടത്തണം. പരാതികക്ഷിയുടെയും ഇരയാക്കപ്പെട്ട മറ്റുള്ളവരുടെയും മൊഴികൾ രേഖപ്പെടുത്തിയും രേഖകൾ പരിശോധിച്ചും നടത്തുന്ന അന്വേഷണത്തിൽ അഴിമതി നിരോധന നിയമപ്രകാരം കുറ്റകൃത്യം കണ്ടെത്തിയാൽ നിയമാനുസൃതമായ തുടർനടപടികൾ സ്വീകരിക്കണമെന്ന് കമ്മീഷൻ വിജിലൻസ് ഡയറക്ടർക്ക് നിർദ്ദേശം നൽകി.

10 പട്ടികജാതി കുടുംബങ്ങൾക്ക് തീറാധാരപ്രകാരം അനുവദിച്ച് നൽകിയ സ്ഥലം സർവേ നടത്തി അളന്ന് തിരിച്ച് ഉടമസ്ഥർക്ക് യഥാസമയം നൽകുന്നതിൽ പട്ടികജാതി വകുപ്പിന് വീഴ്ച സംഭവിച്ചിട്ടുള്ളതായി ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു. നൽകിയ ഭൂമി ഉപയോഗ ശൂന്യമാണെങ്കിൽ ഉപയോഗയോഗ്യമായ ഭൂമി നൽകാനുള്ള ബാധ്യത സർക്കാരിനുണ്ട്. അഗളി ഭൂതിവഴി ഭൂപതി നിവാസിൽ ഭൂപതിക്ക് അനുവദിച്ച സ്ഥലം കുഴിയായതിനാൽ വേണ്ടെന്ന് പറഞ്ഞ സാഹചര്യത്തിൽ വിശദമായ അന്വേഷണത്തിന് ശേഷം പകരം ഭൂമി കണ്ടെത്തി 6 മാസത്തിനകം നൽകണമെന്ന് കമ്മീഷൻ പാലക്കാട് ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. സ്വീകരിച്ച നടപടികൾ ജില്ലാ കളക്ടർ കമ്മീഷനെ അറിയിക്കണം.

2016-17 ലാണ് 6 സെന്റ് സ്ഥലം വീതം ഒരാൾക്ക് 3,75,000 രൂപക്ക് ഗോവിന്ദരാജ് എന്നയാളിൽ നിന്നും പട്ടികജാതി വകുപ്പ് വിലകൊടുത്ത് വാങ്ങിയത്. എന്നാൽ ഇതേ സ്ഥലം ഗോവിന്ദരാജിന്റെ മറ്റ് ബന്ധുക്കൾ ചേർന്ന് മറ്റൊരാൾക്ക് മറിച്ചു വിറ്റുവെന്നാണ് ആരോപണം. പട്ടികജാതി വിഭാഗക്കാരായ ഭൂരഹിതരുടെ അജ്ഞത മുതലെടുത്താണ് മറുകച്ചവടം നടത്തിയതെന്ന് കമ്മീഷന്റെ അന്വേഷണവിഭാഗം കണ്ടെത്തി. എന്നിട്ട് ഉപയോഗശൂന്യമായ ഭൂമി ഭൂരഹിതർക്ക് നൽകി. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്ത് കൃത്യവിലോപമുണ്ടെന്ന് കമ്മീഷൻ കണ്ടെത്തി. സംസ്ഥാനത്ത് ഒട്ടാകെ പട്ടികജാതി പട്ടികവർഗത്തിലെ അതിദുർബല വിഭാഗത്തിലുള്ള ഭൂരഹിതർക്ക് സർക്കാർ അനുവദിച്ച ഭൂമിയുടെ ക്രയവിക്രയത്തിലുംഭവനനിർമ്മാണത്തിലും ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും കമ്മീഷൻ അന്വേഷണവിഭാഗം ശുപാർശ ചെയ്തു.

തുടർന്ന് 10 പട്ടികജാതി കുടുംബങ്ങൾക്ക് നേരത്തെ അനുവദിച്ച സ്ഥലം അളന്ന് നൽകണമെന്ന് കമ്മീഷൻ നിർദ്ദേശം നൽകി. എന്നാൽ ഉത്തരവ് നടപ്പാക്കിയില്ലെന്ന് പരാതിക്കാരി കമ്മീഷനെ അറിയിച്ചു. ഇതെത്തുടർന്നാണ് ഉത്തരവ് പാസാക്കിയത്.

You might also like

കാൽഗറി വിമാനത്താവളത്തിൽ പുതിയ നിബന്ധന; അമേരിക്കയിലേക്ക് പറക്കുന്ന യാത്രക്കാർക്ക് സുരക്ഷാ പരിശോധന വിമാനം പുറപ്പെടുന്നതിന് രണ്ട് മണിക്കൂറിനുള്ളിൽ മാത്രമേ സാധ്യമാകൂ

ചിലവ് ചുരുക്കി കാനഡ: സർക്കാർ ജീവനക്കാർക്ക് സോഫ്റ്റ്‌ഫോൺ

അമേരിക്കയിൽ ജനിച്ച കുഞ്ഞുങ്ങളും അമേരിക്കക്കാരാണ്; രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ കുഞ്ഞുങ്ങൾക്ക് ജന്മാവകാശ പൗരത്വം നിഷേധിക്കാനുള്ള ട്രംപിന്റെ നീക്കത്തിന് വിലക്ക്

ട്രംപിന് നൊബേല്‍ സമ്മാനം നല്‍കണമെന്ന ആവശ്യപ്പെട്ട കംബോഡിയയും

ഇസ്രയേൽ കൂട്ടക്കുരുതി: യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഗാസയില്‍

ഒൻ്റാരിയോയിൽ നിയമപരമായി പേരുകൾ മാറ്റാൻ ആഗ്രഹിക്കുന്നവർക്ക് നടപടിക്രമങ്ങൾ പൂർത്തിയാകാൻ കാലതാമസം നേരിടുന്നതായി പരാതി

Top Picks for You
Top Picks for You