ഫിലിപ്പീന്‍സില്‍ എച്ച്‌ഐവി കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഫിലിപ്പീന്‍സ് ആരോഗ്യ വകുപ്പാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2025 ജനുവരി മുതല്‍ മാര്‍ച്ച് വരെ പുതുതായി 5,101 എച്ച്‌ഐവി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 145 പേരാണ് മരണപ്പെട്ടത്.
അതേസമയം 2025ന്റെ തുടക്കത്തില്‍ ഫിലിപ്പീന്‍സില്‍ എച്ച്ഐവി കേസുകളുടെ ശരാശരി എണ്ണം 1,700 ആയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത് 50 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ 95 ശതമാനം പുരുഷന്മാരും, 5 ശതമാനം സ്ത്രീകളുമാണ്. 4,849 പുരുഷന്മാര്‍ക്കും 252 സ്ത്രീകള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. യുവാക്കള്‍ക്കിടയിലാണ് കൂടുതലായി രോഗം സ്ഥിരീകരിക്കുന്നത്. 15 വയസിനും 34 വയസിനും ഇടയിലുള്ളവരാണ് രോഗം ബാധിച്ചവരില്‍ കൂടുതല്‍ പേരും.
ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം, പുതുതായി എച്ച്ഐവി റിപ്പോര്‍ട്ട് ചെയ്ത ആളുകളില്‍ 96 ശതമാനം പേര്‍ക്കും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയാണ് രോഗം ബാധിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഫിലിപ്പീന്‍സില്‍ 2020നും 2025നുമിടയില്‍ 4,146 എച്ച്ഐവി മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2016 മുതല്‍ രാജ്യത്ത് പ്രതിവര്‍ഷം 500ലധികം എച്ച്ഐവി മരണങ്ങള്‍ നടന്നതായും ആരോഗ്യ വകുപ്പ്വ്യക്തമാക്കി.