ടൊറൻ്റോ: കാനഡയിലെ ടൊറൻ്റോയിൽ എട്ടുവയസ്സുകാരനായ ജഹ്‌വായ് റോയി വെടിയേറ്റ് മരിച്ചതിൽ പ്രതിഷേധം ശക്തമാകുന്നു. നഥാൻ ഫിലിപ്സ് സ്ക്വയറിൽ നടന്ന പ്രതിഷേധ പരിപാടിയിൽ, നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്. പ്രിയപ്പെട്ടവരുടെ ഫോട്ടോകളുമായി ക്വീൻസ് പാർക്കിലേക്ക് പ്രതിഷേധ മാർച്ചും നടത്തി. തോക്ക് കൊണ്ടുള്ള അക്രമണം അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്താണ് നഗരവാസികളും ആക്ടിവിസ്റ്റുകളും റോയിയുടെ കുടുംബാംഗങ്ങളും ഒത്തുചേർന്നത്.
ജഹ്‌വായ് റോയി വെടിയേറ്റ് മരിച്ച കേസിൽ രണ്ട് പ്രതികൾ ഒളിവിൽ കഴിയുകയാണ്. ഓഗസ്റ്റ് 16 ന് ആണ് നോർത്ത് യോർക്കിലെ അപ്പാർട്ട്മെൻ്റ് കെട്ടിടത്തിൽ അമ്മയോടൊപ്പം കിടക്കയിൽ കിടക്കുമ്പോൾ ജഹ്‌വായ് റോയിക്ക് വെടിയേറ്റത്. കേസിൽ 16 വയസ്സുള്ള ഒരു പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൗമാരക്കാരാനെതിരെ ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റം ചുമത്തിയതായി ടൊറൻ്റോ പോലീസ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രതിഷേധ റാലി . 17 ഉം 18 ഉം വയസ്സുള്ള രണ്ട് പ്രതികൾക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്.







