ലോസ് ഏഞ്ചൽസിൽസ്: എഫ്ബിഐ ഏറ്റവും കൂടുതൽ തിരയുന്ന 10 പേരുടെ പട്ടികയിൽ മുൻ കനേഡിയൻ ഒളിമ്പിക് താരം റയാൻ വെഡ്ഡിംഗ്ഗും. 10 മില്യൺ ഡോളറാണ് എഫ് ബി ഐ വെഡ്ഡിംഗിന് വില ഇട്ടിരിക്കുന്നത്. വെഡ്ഡിംഗ് മെക്സിക്കോയിൽ താമസിക്കുന്നുണ്ടെന്ന് എഫ്ബിഐ പറയുന്നുണ്ടെങ്കിലു അദ്ദേഹം കാനഡയിലായിരിക്കാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. കനേഡിയൻ മയക്കുമരുന്ന് രാജാവ് എന്നറിയപ്പെടുന്ന റയാൻ വെഡ്ഡിംഗിനെ എഫ്ബിഐയുടെ പത്ത് മോസ്റ്റ് വാണ്ടഡ് പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വെഡിംഗിനെക്കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് വാഗ്ദാനം ചെയ്തിരുന്ന പ്രതിഫലം 10 മില്യൺ യുഎസ് ഡോളറായി ഉയർത്തുകയും ചെയ്തു.
വ്യാഴാഴ്ച ലോസ് ഏഞ്ചൽസിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് എഫ്ബിഐയും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റും ഇക്കാര്യം പ്രഖ്യാപിച്ചത്. 2002 ലെ യൂട്ടാ ഒളിമ്പിക് ഗെയിംസിൽ കാനഡയ്ക്കുവേണ്ടി സ്നോബോർഡറായി മത്സരിച്ച വെഡ്ഡിംഗ്, മൂന്ന് കൊലപാതകങ്ങൾ, കൊക്കെയ്ൻ കടത്ത്, ഗൂഢാലോചന തുടങ്ങിയവയുമായി ബന്ധപ്പെട്ട കുറ്റാരോപിതനാണ്. വെഡ്ഡിംഗിൻ്റെ മയക്കുമരുന്ന് ശൃംഖല യുഎസ്, കനേഡിയൻ നഗരങ്ങളിലേക്ക് ട്രക്കുകളിൽ കൊക്കെയ്നും, പ്രതിമാസം അഞ്ച് മെട്രിക് ടൺ ഫെൻ്റനൈലും ഉൾപ്പെടെ വൻതോതിലുള്ള മയക്കുമരുന്നുകൾ കടത്തുന്നുണ്ടെന്ന് എൽ.എ. പോലീസ് വ്യക്തമാക്കി. വെഡ്ഡിംഗിൻ്റെ പുതിയ ഫോട്ടോയും എഫ്ബിഐ പുറത്ത് വിട്ടു.