വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയെ തിരഞ്ഞെടുക്കാൻ മേയ് 7ന് ആരംഭിക്കുന്ന കോൺക്ലേവിൽ വോട്ടവകാശമുള്ളവരിലെ ഏറ്റവും മുതിർന്നയാൾ മഡ്രിഡിലെ മുൻ ആർച്ച്ബിഷപ് കർദിനാൾ കാർലോസ് ഒസോറൊ സിയേറയാണ്. വോട്ടവകാശമുള്ളവരിൽ ഇറ്റലിയിലെ കർദിനാൾ ആഞ്ചെലോ ബെച്ചു സാമ്പത്തികക്രമക്കേട് ആരോപിക്കപ്പെട്ട് വത്തിക്കാനിൽ കേസ് നേരിടുന്നയാളാണ്. ഇദ്ദേഹം കഴിഞ്ഞ ദിവസങ്ങളിൽ കർദിനാൾമാരുടെ യോഗത്തിൽ പങ്കെടുത്തിരുന്നെങ്കിലും കോൺക്ലേവിൽ പങ്കെടുക്കാൻ അനുവദിക്കുമോ എന്നതിൽ ഇനിയും വ്യക്തയായിട്ടില്ല. വോട്ടവകാശമുള്ള കർദിനാൾമാരിലെ മുതിർന്നവരിലൊരാളായ സ്പെയിനിലെ അന്റോണിയോ കനിസാരെ ലൊവേറ ആരോഗ്യപ്രശ്നങ്ങൾ കാരണം കോൺക്ലേവിൽ പങ്കെടുക്കില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്.
സാധാരണഗതിയിൽ കർദിനാൾ സംഘത്തിന്റെ ഡീൻ ആണ് കോൺക്ലേവിനു ചുക്കാൻ പിടിക്കേണ്ടത്. 2013ൽ ഡീൻ, ഉപഡീൻ എന്നിവർക്ക് പ്രായപരിധി കഴിഞ്ഞിരുന്നതിനാൽ കോൺക്ലേവിൽ പങ്കെടുക്കാനായില്ല. വോട്ടവകാശമുള്ളവരിലെ ഏറ്റവും മുതിർന്ന കർദിനാൾ ജിയോവാനി ബാറ്റിസ്റ്റേ റേ ആണ് കോൺക്ലേവ് നടപടികൾക്കു ചുക്കാൻ പിടിച്ചത്. ഇപ്പോൾ കർദിനാൾ റേയാണ് ഡീൻ; കർദിനാൾ ലിയനാർഡോ സാന്ദ്രി ഉപഡീൻ. പ്രായപരിധി കഴിഞ്ഞതിനാൽ രണ്ടു പേരും കോൺക്ലേവിൽ പങ്കെടുക്കുന്നില്ല.
കഴിഞ്ഞ തവണ കോൺക്ലേവ് തുടങ്ങിയത് ഉച്ചകഴിഞ്ഞ് കർദിനാൾമാർ കോൺക്ലേവ് പൂർത്തിയാകുംവരെ സിസ്റ്റീൻ ചാപ്പലിൽത്തന്നെ കഴിയണമെന്നതായിരുന്നു നേരത്തേയുള്ള രീതി. ജോൺ പോൾ രണ്ടാമനാണ് ഇതു മാറ്റി, കോൺക്ലേവ് ചേരാത്ത സമയത്ത് കർദിനാൾമാർക്കു വത്തിക്കാൻ കെട്ടിടസമുച്ചയത്തിന്റെ ഭാഗമായ സാന്താ മാർത്ത അതിഥിമന്ദിരത്തിൽ താമസിക്കാമെന്നു വ്യവസ്ഥ ചെയ്തത്. കഴിഞ്ഞ തവണ വരെ പാലിച്ച രീതിയനുസരിച്ചാണെങ്കിൽ, കോൺക്ലേവിന്റെ ആദ്യ ദിവസം രാവിലെ എല്ലാ കർദിനാൾമാരും സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ദിവ്യബലിയിൽ പങ്കെടുക്കും. ഉച്ചയ്ക്കു ശേഷമാവും വോട്ടവകാശമുള്ളവർ കോൺക്ലേവിനായി സിസ്റ്റീൻ ചാപ്പലിലേക്കു പോവുക. 2005ൽ ബനഡിക്ട് പാപ്പയ്ക്കു വോട്ടെടുപ്പിന്റെ നാലാം റൗണ്ടിലും 2013ൽ ഫ്രാൻസിസ് പാപ്പയ്ക്ക് അഞ്ചാം റൗണ്ടിലുമാണു ഭൂരിപക്ഷം ലഭിച്ചത്.