newsroom@amcainnews.com

പ്രാഥമികാന്വേഷണത്തിൽ കഴമ്പുണ്ടെന്ന് കണ്ടതിനാലാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്; കൈക്കൂലി കേസിൽ പരാതിക്കാരനെതിരെ രംഗത്തു വന്ന ഇ.ഡിക്ക് പരോക്ഷ മറുപടിയുമായി വിജിലൻസ്

കൊച്ചി: കൈക്കൂലി കേസുമായി ബന്ധപ്പെട്ട് പരാതിക്കാരനെതിരെ രംഗത്തു വന്ന ഇ.ഡിക്ക് പരോക്ഷ മറുപടിയുമായി വിജിലൻസ്. തങ്ങൾക്കു കിട്ടിയ പരാതിയിൽ പ്രാഥമികാന്വേഷണം നടത്തി കഴമ്പുണ്ടെന്ന് കണ്ടതിനാലാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തതെന്ന് വിജിലൻസ് മധ്യമേഖല എസ്പി എസ്.ശശിധരൻ വ്യക്തമാക്കി. കൈക്കൂലി കേസുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റ് ചെയ്തത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും ഒന്നാം പ്രതിയായ ഇ.ഡി കൊച്ചി ഓഫിസിലെ അസി. ഡയറക്ടർ ശേഖർ കുമാറിനെതിരെ കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കേസ് അട്ടിമറിക്കാനാണ് പരാതിക്കാരനായ കൊല്ലം സ്വദേശിയായ വ്യവസായി അനീഷ് ബാബു ശ്രമിക്കുന്നതെന്നും അതിനാണ് അന്വേഷണത്തിനെതിരെ രംഗത്തു വന്നതെന്നും ഇ.ഡി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. എന്നാൽ വിജിലൻസിനു അനീഷ് നൽകിയ പരാതിയിൽ പ്രാഥമികാന്വേഷണം നടത്തിയെന്നും അതിൽ കഴമ്പുണ്ടെന്ന് കണ്ടതിനാലാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തെന്നും എസ്പി എസ്.ശശിധരൻ പറഞ്ഞു. ഇ.ഡി ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാനുള്ള തെളിവുകൾ വിജിലൻസിന് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചാർട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത് വാര്യർ, ഇടനിലക്കാരനായ കൊച്ചി സ്വദേശി വിൽസൺ, രാജസ്ഥാൻ സ്വദേശി മുകേഷ് ജയിൻ എന്നിവരെ അറസ്റ്റ് ചെയ്തത് ഇവർക്കെതിരെ വ്യക്തമായ തെളിവുകൾ ലഭിച്ച ശേഷമാണെന്നു ശശിധരൻ പറഞ്ഞു. ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നത് പൂർത്തിയായിക്കൊണ്ടിരിക്കുയാണെന്നും അദ്ദേഹം വ്യക്തമാക്കി. രഞ്ജിത്തിൽ നിന്ന് ഒട്ടേറെ രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തതിന്റെ പരിശോധനയും നടന്നുവരികയാണ്.

അനീഷ് ബാബുവിനു പുറമെ അഞ്ചോളം പേരാണ് ഇ.‍ഡിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഫോണിലൂടെയാണ് ഇവർ വിജിലൻസിന് വിവരങ്ങൾ കൈമാറിയത്. ഇതിൽ ഒരു ജ്വല്ലറി ഉടമയും ഒരു ക്വാറി ബിസിനസുകാരനും ഉള്ളതായി അറിയുന്നു. എന്നാൽ ഇവരാരും ഇതുവരെ ഇ.ഡിക്കെതിരെ രേഖാമൂലം വിജിലൻസിന് പരാതി നൽകിയിട്ടില്ല. ഈ സാഹചര്യത്തിൽ, വിവരങ്ങൾ കൈമാറിയവരെ നേരിട്ടു ബന്ധപ്പെട്ട് പ്രാഥമികാന്വേഷണം നടത്താനാണ് വിജിലൻസ് ആലോചന. കേസിൽ ഉൾ‍പ്പെട്ടിട്ടുള്ള പ്രമുഖരുടെ പണമിടപാടുകാരൻ മുകേഷാണെന്ന തെളിവുകൾ വിജിലൻസിന് ലഭിച്ചിട്ടുണ്ട്. ഇയാൾ ഹവാല മാർഗത്തിലൂടെയാണ് പണം വേണ്ടപ്പെട്ടവരുടെ അക്കൗണ്ടുകളിൽ എത്തിച്ചിരുന്നതെന്നും റിപ്പോർട്ടുകളുണ്ട്. എറണാകുളം ജില്ലയിലെ പുത്തൻവേലിക്കരയിൽ ഇയാൾ നടത്തിയ ഒരു ഭൂമി ഇടപാടിന്റെ വിവരങ്ങൾ വിജിലൻസ് കണ്ടെത്തിയിരുന്നു. മുംബൈയിലെ ഒരു സ്വകാര്യ അക്കൗണ്ടിലേക്ക് പണമയ്ക്കാൻ പ്രതികൾ അനീഷ് ബാബുവിനോട് നിർേദശിച്ച കാര്യവും വിജിലൻസ് പരിശോധനയിലാണ്.

You might also like

ട്രംപിന് നൊബേല്‍ സമ്മാനം നല്‍കണമെന്ന ആവശ്യപ്പെട്ട കംബോഡിയയും

ബ്രിട്ടിഷ് കൊളംബിയ ഫെറിയ്ക്ക് ഫെഡറല്‍ സഹായം അഭ്യര്‍ത്ഥിച്ച് ഡേവിഡ് എബി

പ്രത്യേക വ്യാപാര കരാറുകളിൽ ഏർപ്പെടാത്ത രാജ്യങ്ങളിൽനിന്ന് യുഎസിലേക്കുള്ള ഇറക്കുമതിക്ക് 15 മുതൽ 20 ശതമാനം വരെ മൊത്തത്തിലുള്ള തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപ്

സര്‍ക്കാര്‍ ജീവനക്കാരുടെ വേതന ചര്‍ച്ചകള്‍ പുനരാരംഭിച്ച് ആല്‍ബര്‍ട്ട

കാനഡയുമായി വ്യാപാര കരാറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നില്ല: ട്രംപ്

2 ദിനം കൊണ്ട് അഞ്ചരക്കോടിയില്പരം കളക്ഷന്‍ നേടി സുമതി വളവ് സൂപ്പര്‍ ഹിറ്റിലേക്ക്

Top Picks for You
Top Picks for You