അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ താരിഫ് ഭീഷണികളും എണ്ണ ഉല്പാദനം കൂട്ടാനുള്ള ഒപെക് തീരുമാനവും ലോക എണ്ണ വ്യവസായ മേഖലയെ തകർച്ചയുടെ വക്കിലെത്തിച്ചിരിക്കുകയാണ്. എന്നാൽ ഈ പ്രതിസന്ധി ഘട്ടത്തിലും കനേഡിയൻ എണ്ണ വ്യവസായം കരുത്തോടെയാണ് മുന്നോട്ട് പോകുന്നതെന്ന് വിദഗ്ധർ പറയുന്നു. 2014-15 ലെ എണ്ണവില തകർച്ചയെത്തുടർന്ന്, അന്താരാഷ്ട്ര എണ്ണക്കമ്പനികളായ ബിപി, ഷെവ്‌റോൺ, ടോട്ടൽ എന്നിവ കനേഡിയൻ എണ്ണപ്പാടങ്ങളിലെ തങ്ങളുടെ ഓഹരികൾ വിറ്റിരുന്നു. കനേഡിയൻ എണ്ണവ്യവസായ മേഖലയെ ലോകത്തുള്ളതിൽ വച്ച് ഏറ്റവും കൂടുതൽ ചെലവേറിയതും ലാഭകരമല്ലാത്തതുമായ പദ്ധതികളുടെ കൂട്ടത്തിലായിരുന്നു അവർ ഉൾപ്പെടുത്തിയിരുന്നത്.
വില കുറഞ്ഞ എണ്ണ ഉൽപാദനത്തിന് പ്രാമുഖ്യം നല്കിയ അവർ യുഎസ് ഷെയിൽ പെട്രോളിയത്തിലായിരുന്നു കൂടുതൽ നിക്ഷേപിച്ചത്. എന്നാൽ പുതിയ സാങ്കേതികവിദ്യയുടെയും ചെലവ് ചുരുക്കൽ ശ്രമങ്ങളുടെയും ഫലമായി ലോകത്തെ ഏറ്റവും ചെലവ് കുറഞ്ഞ എണ്ണ ഉല്പാദക മേഖലയായി ഇന്ന് കാനഡ മാറിയിരിക്കുന്നു. എണ്ണ വിലയിടിവിനെ തുടർന്ന് ചെലവ് വെട്ടിച്ചുരുക്കുകയും തൊഴിലാളികളെ പിരിച്ചുവിടുകയും ചെയ്യേണ്ട ഗതികേടിലാണ് അമേരിക്കൻ ഷെയ്ൽ പെട്രോളിയം കമ്പനികൾ. എന്നാൽ കനേഡിയൻ കമ്പനികൾ മുൻനിശ്ചയിച്ച പ്രകാരമുള്ള പദ്ധതികളുമായി മുന്നോട്ട് പോവുകയായിരുന്നു. ഈ വർഷത്തെ ക്രൂഡ് ഓയിൽ വിലക്കുറവ് കനേഡിയൻ എണ്ണ മേഖലയെ കാര്യമായി ബാധിക്കില്ലെന്ന് സെനോവസ് സിഇഒ ജോൺ മക്കെൻസി ഈ വർഷം ആദ്യം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. കൂടുതൽ കരുത്ത് നേടിയൊരു വ്യവസായമാണിതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.