ഹാലിഫാക്സ്: നോവ സ്കോഷിയ നിയമസഭയിൽ ചൊവ്വാഴ്ച നടന്ന ബജറ്റ് വോട്ടെടുപ്പ് പ്രതിഷേധക്കാർ തടസ്സപ്പെടുത്തി. സർക്കാരിന്റെ വിവാദപരമായ ബജറ്റ് നിർദ്ദേശങ്ങൾക്കെതിരെ ഗാലറിയിൽ ഇരുന്നവർ മുദ്രാവാക്യം വിളിക്കുകയും പാട്ടുപാടുകയും ചെയ്തതോടെയാണ് വോട്ടെടുപ്പ് മാറ്റിവെക്കേണ്ടി വന്നത്. ഇതിനെത്തുടർന്ന് സുരക്ഷാ കാരണങ്ങളാൽ പ്രവിശ്യാ നിയമസഭാ മന്ദിരം ഈ ആഴ്ചയുടെ ബാക്കി ദിവസങ്ങളിൽ സന്ദർശകർക്കായി അടച്ചിടുമെന്ന് അധികൃതർ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച ബജറ്റ് പാസാക്കാനായിരുന്നു ഭരണപക്ഷത്തിന്റെ നീക്കമെങ്കിലും അപ്രതീക്ഷിത പ്രതിഷേധം സഭയെ സ്തംഭിപ്പിച്ചു.
ഫിനാൻസ് മന്ത്രി ജോൺ ലോർ ബജറ്റ് ചെലവുകൾക്ക് അനുമതി നൽകുന്ന ‘അപ്രോപ്രിയേഷൻസ് ആക്ട്’ മൂന്നാം വായനയ്ക്കായി അവതരിപ്പിച്ചപ്പോഴായിരുന്നു പ്രതിഷേധം തുടങ്ങിയത്. ഗാലറിയിലുണ്ടായിരുന്ന ഏകദേശം 45 ഓളം വരുന്ന പ്രതിഷേധക്കാർ “നിങ്ങളുടെ തീരുമാനം മാറ്റുന്നത് തെറ്റല്ല, ധൈര്യം കാണിക്കൂ” എന്നർത്ഥം വരുന്ന വരികൾ പാടുകയും എം.എൽ.എമാരോട് ബജറ്റിനെതിരെ വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. ഇതേത്തുടർന്ന് സഭാ നടപടികൾ നിർത്തിവെക്കാൻ സ്പീക്കർ ഡാനിയേൽ ബാർഖൗസ് ഉത്തരവിട്ടു. ബജറ്റിലെ 130 മില്യൺ ഡോളറിന്റെ ഗ്രാന്റ് വെട്ടിക്കുറയ്ക്കലുകൾക്കെതിരെ കഴിഞ്ഞ ഫെബ്രുവരി മുതൽ പ്രവിശ്യയിൽ പ്രതിഷേധം ശക്തമാണ്.
ബജറ്റ് വോട്ടെടുപ്പ് തടസ്സപ്പെട്ടെങ്കിലും സർക്കാരിന്റെ സാമ്പത്തിക പദ്ധതികളിൽ മാറ്റമുണ്ടാകില്ലെന്ന് ഹൗസ് ലീഡർ ബ്രണ്ടൻ മഗ്വയർ വ്യക്തമാക്കി. ഈ ആഴ്ച തന്നെ ബജറ്റ് വീണ്ടും വോട്ടിനിടുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, ജനങ്ങളുടെ പ്രതിഷേധം സർക്കാർ ഗൗരവമായി കാണണമെന്നും ബജറ്റിലെ വെട്ടിക്കുറയ്ക്കലുകൾ പുനഃപരിശോധിക്കണമെന്നും പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടു. പ്രീമിയർ ടിം ഹൂസ്റ്റൺ നിലവിൽ ഒരു ഊർജ്ജ കോൺഫറൻസിൽ പങ്കെടുക്കാനായി ടെക്സസിലാണ്. വ്യാഴാഴ്ച അദ്ദേഹം തിരിച്ചെത്തിയ ശേഷം ബജറ്റ് നടപടികൾ പൂർത്തിയാക്കാനാണ് സാധ്യത. മാർച്ച് 30-ഓടെ മാത്രമേ ഇനി സന്ദർശകർക്ക് നിയമസഭയിൽ പ്രവേശനം അനുവദിക്കൂ.







