ഓട്ടവ: ഉയർന്ന താരിഫുമായി ബന്ധപ്പെട്ട് അമേരിക്കൻ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകളിൽ പ്രതീക്ഷയുണ്ടെന്ന് കനേഡിയൻ മന്ത്രി ഡൊമനിക്ക് ലെബ്ലാങ്ക്. പക്ഷേ ഒരു പരിഹാരം ഇപ്പോഴും സാധ്യമായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. കനേഡിയൻ അലുമിനിയത്തിന് അമേരിക്ക ഏർപ്പെടുത്തിയ 50 ശതമാനം താരിഫിനെക്കുറിച്ചുള്ള ചർച്ചകളിൽ പുരോഗതി പ്രതീക്ഷിക്കുന്നതായും ലെബ്ലാങ്ക് പറഞ്ഞു. അമേരിക്ക ഏർപ്പെടുത്തിയ 50 ശതമാനം താരിഫ് രണ്ട് സമ്പദ്‌വ്യവസ്ഥകൾക്കും തിരിച്ചടിയാകുമെന്നും അദ്ദേഹം പറയുന്നു.
യുഎസ് കൂടുതൽ ചർച്ചകൾക്ക് തയ്യാറാണോ എന്ന് ചോദിച്ചപ്പോൾ ഞങ്ങൾ അങ്ങനെ പ്രതീക്ഷിക്കുന്നു എന്നായിരുന്നു ലെബ്ലാങ്കിൻ്റെ മറുപടി . എന്നാൽ രണ്ട് സമ്പദ്‌വ്യവസ്ഥകളുടെയും ഏറ്റവും മികച്ച താൽപ്പര്യങ്ങൾക്കനുസൃതമായ ഒരു കരാറിലേക്ക് ഇതുവരെ എത്തിയിട്ടില്ലന്നും അദ്ദേഹം വ്യക്തമാക്കി. ഓട്ടോ നിർമ്മാണം പോലുള്ള മേഖലകളിൽ താരിഫുകളെ തുടർന്ന് ചെലവ് വർദ്ധിക്കുന്നതായും ലെബ്ലാങ്ക് പറഞ്ഞു.
കനേഡിയൻ അലുമിനിയം കമ്പനികൾ അമേരിക്കൻ വിപണിയിലേക്ക് വൻതോതിൽ കയറ്റുമതി ചെയ്യുന്നുണ്ട്. മറുവശത്ത് യുഎസ് നിർമ്മിത ഓട്ടോമൊബൈലുകളുടെ ഏറ്റവും വലിയ ഉപഭോക്താവാണ് കാനഡ. കാനഡയിൽ നിർമ്മാണം പൂർത്തിയാക്കി അമേരിക്കയ്ക്ക് വിൽക്കുന്ന കാറുകളിൽ 50 ശതമാനവും അമേരിക്കൻ ഭാഗങ്ങൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത് എന്നും ലെബ്ലാങ്ക് പറഞ്ഞു.