ഹവാന: ക്യൂബയ്ക്കെതിരെ സൈനിക നീക്കത്തിനോ ഭരണം അട്ടിമറിക്കാനോ അമേരിക്കയ്ക്ക് യാതൊരു അവകാശവുമില്ലെന്നും അത്തരമൊരു ശ്രമമുണ്ടായാൽ അവസാന ശ്വാസം വരെ പോരാടുമെന്നും പ്രസിഡന്റ് മിഗുവൽ ഡിയാസ് കാനൽ. അമേരിക്കൻ ചാനലായ എൻബിസി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ക്യൂബയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് വ്യക്തമാക്കിയത്. ക്യൂബയ്ക്കെതിരെയുള്ള ഏതൊരു അധിനിവേശവും അമേരിക്കയ്ക്ക് കനത്ത വില നൽകേണ്ടി വരുമെന്നും അത് ആഗോള സുരക്ഷയെത്തന്നെ ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. “മാതൃഭൂമിക്ക് വേണ്ടി മരിക്കുക എന്നാൽ ജീവിക്കുക എന്നാണ് ഞങ്ങളുടെ ദേശീയ ഗാനം പറയുന്നത്. ആവശ്യമെങ്കിൽ ഞങ്ങൾ മരിക്കാൻ തയ്യാറാണ്,” ഡിയാസ് കാനൽ വികാരാധീനനായി പറഞ്ഞു.
അമേരിക്കൻ സൈന്യം വെനിസ്വേലയിൽ അധിനിവേശം നടത്തുകയും പ്രസിഡന്റ് നിക്കോളാസ് മഡുറോയെ തടവിലാക്കി ന്യൂയോർക്കിലേക്ക് കൊണ്ടുപോവുകയും ചെയ്തതിന് പിന്നാലെ ക്യൂബയും സമാനമായ ഭീഷണി നേരിടുന്നുണ്ട്. ക്യൂബയെ ഒതുക്കാൻ അമേരിക്ക ഏർപ്പെടുത്തിയ ഊർജ്ജ ഉപരോധം രാജ്യത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇന്ധനക്ഷാമം ആരോഗ്യരംഗത്തെയും പൊതുഗതാഗതത്തെയും ഉൽപ്പാദന മേഖലയെയും സാരമായി ബാധിച്ചു. വെനിസ്വേലയിൽ നിന്നുള്ള എണ്ണ വിതരണം നിലച്ചതോടെ രാജ്യം വലിയ ഊർജ്ജ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. മാർച്ചിൽ എത്തിയ റഷ്യൻ എണ്ണക്കപ്പൽ മാത്രമാണ് ഏക ആശ്വാസം.
ക്യൂബൻ ഭരണകൂടം അഴിമതി നിറഞ്ഞതാണെന്നും അവർക്ക് എണ്ണ ലഭിച്ചാലും ഇല്ലെങ്കിലും മാറ്റമുണ്ടാകില്ലെന്നുമുള്ള ഡോണാൾഡ് ട്രംപിന്റെ പ്രസ്താവനയെ ഗൗരവകരമായ മുന്നറിയിപ്പായാണ് കാണുന്നതെന്ന് ഡിയാസ് കാനൽ പറഞ്ഞു. ക്യൂബയാണ് അടുത്ത ലക്ഷ്യം എന്ന തരത്തിലുള്ള പ്രചാരണങ്ങൾ ഉത്തരവാദിത്തപ്പെട്ട ഭരണാധികാരിയെന്ന നിലയിൽ തനിക്ക് അവഗണിക്കാനാവില്ല. അമേരിക്കയുമായി ഉപാധികളില്ലാത്ത ചർച്ചകൾക്ക് ക്യൂബ തയ്യാറാണ്. എന്നാൽ ക്യൂബയുടെ രാഷ്ട്രീയ വ്യവസ്ഥയിൽ മാറ്റം വരുത്താൻ ആവശ്യപ്പെടാൻ അമേരിക്കയ്ക്ക് അവകാശമില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ലോകം ഇന്ധന പ്രതിസന്ധിയിലൂടെയും രാഷ്ട്രീയ സംഘർഷങ്ങളിലൂടെയും കടന്നുപോകുമ്പോൾ ക്യൂബയുടെ നിലപാട് അതീവ പ്രാധാന്യത്തോടെയാണ് അന്താരാഷ്ട്ര സമൂഹം വീക്ഷിക്കുന്നത്.







