ചെലവ് കുറയ്ക്കൽ നടപടികളുടെ ഭാഗമായി കാനഡയിലെ പൊതുമേഖലാ സർവീസിലെ 40,000 തസ്തികകൾ വെട്ടിച്ചുരുക്കാൻ പദ്ധതിയിട്ട് കനേഡിയൻ സർക്കാർ. 2029-ടെ ഇത് നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്. ഇത് മൊത്തം പൊതുമേഖലാ ജീവനക്കാരുടെ പത്ത് ശതമാനത്തോളം വരുമെന്നാണ് റിപ്പോർട്ട്. സർക്കാർ ചെലവുകളുടെ വളർച്ച എട്ട് ശതമാനത്തിൽ നിന്ന് ഒരു ശതമാനത്തിൽ താഴെയായി കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പൊതുമേഖലയിലെ ജീവനക്കാരുടെ എണ്ണം നിലവിലെ 368,000-ൽ നിന്ന് 330,000 ആയി കുറയും. ഏകദേശം 16,000 മുഴുവൻ സമയ ജോലികൾ വെട്ടിക്കുറയ്ക്കും. കൂടാതെ, രണ്ട് വർഷത്തിനുള്ളിൽ 1,000 എക്സിക്യൂട്ടീവ് തസ്തികകളും വെട്ടിക്കുറയ്ക്കാൻ സർക്കാർ പദ്ധതിയിടുന്നുണ്ട്. മാനേജ്‌മെൻ്റിനും കൺസൾട്ടിംഗിനുമുള്ള ചെലവുകൾ മൂന്ന് വർഷത്തിനുള്ളിൽ 20 ശതമാനം കുറയ്ക്കും. കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന് പൊതുമേഖലാ ജീവനക്കാരുടെ എണ്ണം കുറയ്ക്കേണ്ടത് ആവശ്യമാണെന്ന് ധനമന്ത്രി ഫ്രാങ്കോയിസ്-ഫിലിപ്പ് ഷാംപെയ്ൻ പറഞ്ഞു.
വിരമിക്കുന്ന ജീവനക്കാർക്ക് പകരം പുതിയവരെ റിക്രൂട്ട് ചെയ്യാതിരിക്കുന്നതിലൂടെയാണ് തൊഴിൽ വെട്ടിക്കുറയ്ക്കലിൻ്റെ ഒരു ഭാഗം സാധ്യമാക്കുക. എന്നാൽ ചില തസ്തികകൾ നേരിട്ട് വെട്ടിക്കുറയ്ക്കും. കൂടാതെ സ്വയം വിരമിക്കൽ പദ്ധതികളും വാഗ്ദാനം ചെയ്യുന്നുണ്ട്. തൊഴിൽ വെട്ടിച്ചുരുക്കൽ പൊതുസേവനങ്ങളെ ദോഷകരമായി ബാധിക്കുമെന്നും എക്സിക്യൂട്ടീവുകളുടെ എണ്ണം കുറയ്ക്കണമെന്നും പൊതുമേഖലാ യൂണിയനുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സാങ്കേതികവിദ്യയും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും ഉപയോഗിക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ട്.







