newsroom@amcainnews.com

കോളജ് അധ്യാപകനെയും  മകനേയും വനം വകുപ്പ് ഉദ്യോഗസ്ഥന്‍ മര്‍ദിച്ചെന്ന് പരാതി; കേസെടുത്തു പോലീസ്



തിരുവനന്തപുരം: കാറിൽ യാത്ര ചെയ്യുകയായിരുന്ന കോളജ് അധ്യാപകനെയും  മകനേയും വനം വകുപ്പ് ഉദ്യോഗസ്ഥന്‍ മര്‍ദിച്ചെന്ന് പരാതി. പാലോട് റെയ്ഞ്ച് ഓഫീസർ ക്രൂരമായി മർദിച്ചെന്ന അധ്യാപകന്‍റെ പരാതിയിൽ പൊലീസ് കേസെടുത്തു. പെരിങ്ങമ്മല ഇക്ബാൽ ട്രെയിനിങ് കോളേജ് അധ്യാപകൻ  ഡോ. എ ബൈജുവിനെയും മകനെയുമാണ് പാലോട് റെയ്ഞ്ച് ഓഫീസർ സുധീഷ് മർദിച്ചത്. 

25 ന് പുലര്‍ച്ചെ കല്ലറയില്‍ നിന്നും പാലോട്ടേക്ക് വരുന്നതിനിടെയാണ് സംഭവം. മൈലമൂട് എത്തിയപ്പോൾ ആദ്യം രണ്ടുപേർ കൈകാണിച്ചു. ഒറ്റപ്പെട്ട സ്ഥലവും താരതമ്യേന പേടി ഉളവാക്കുന്ന മൈലമൂട് സുമതിയെക്കൊന്ന വളവും ആയതിനാൽ അവിടെ കാർ നിർത്തിയില്ലെന്ന് ബൈജു പറയുന്നു. തുടർന്ന് പാണ്ഡ്യൻ പാറ എത്തിയപ്പോൾ രണ്ടുപേർ കൈകാണിച്ചു. കാർ നിർത്തിയപ്പോൾ ഫോറസ്റ്റ് ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തി. ഇരുവരും ഔദ്യോഗിക വേഷത്തിലല്ലായിരുന്നു. ഇവര്‍ പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ബൈജു പുറത്തിറങ്ങിയില്ല. അവിടെനിന്ന് പാലോട് ഫോറസ്റ്റ് ഓഫീസിനു മുമ്പിൽ എത്തിയപ്പോൾ വനം വകുപ്പിന്‍റെ ജീപ്പ് കാർ തടഞ്ഞു. പുറത്തിറങ്ങിയപ്പോള്‍ ഞാൻ റെയ്ഞ്ച് ഓഫീസറാണ് എന്നുപറഞ്ഞ് സുധീഷ് ക്രൂരമായി മർദിക്കുകയായിരുന്നെന്ന് ബൈജു പറയുന്നു. 

പിന്നീട് റെയ്ഞ്ച് ഓഫീസിനകത്ത് നിർത്തി അസഭ്യവർഷം പറയുകയും ഇരുവരെയും ക്രൂരമായി മർദിക്കുകയും ചെയ്‌തെന്നാണ് പരാതി. വനത്തിൽ അതിക്രമിച്ചുകയറി എന്ന് വനംവകുപ്പ് കള്ളക്കേസെടുത്തെന്നും ബൈജു പറയുന്നു. ഇദ്ദേഹത്തിന്‍റെ ചെവിക്കും കവിളെല്ലിനും പരിക്കുണ്ട്. പരിക്കേറ്റ അധ്യാപകനെ പാലോട് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളേജിലേക്കു മാറ്റുകയായിരുന്നു.

പൊലീസ് നടത്തിയ പരിശോധനയിൽ വണ്ടിക്കുള്ളിൽ നിന്ന് അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല. കോഴിക്കോട് ഒരു സ്ഥാപനത്തിന്‍റെ അഭിമുഖവുമായി ബന്ധപ്പെട്ട് മകന്‍റെ ചില ഔദ്യോഗിക രേഖകൾ മാത്രമാണ് ലഭിച്ചത്. ഇതോടെ വനം വകുപ്പ് റെയ്ഞ്ച് ഓഫീസറുടെ പേരിൽ കേസ് എടുത്തതായും അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് അറിയിച്ചു. വനംവകുപ്പ് ജീവനക്കാരുടെ മൊഴിയെടുത്തിട്ടുണ്ട്. വീഡിയോ ദൃശ്യങ്ങൾ കൂടി ശേഖരിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും പാലോട് പൊലീസ് അറിയിച്ചു.

You might also like

കാൽഗറി സിട്രെയിൻ സ്റ്റേഷനിൽ യാത്രക്കാർക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചതായി റിപ്പോർട്ട്

യുഎസ് ഡോളറിനെതിരെ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍

ട്രംപിന് നൊബേല്‍ സമ്മാനം നല്‍കണമെന്ന ആവശ്യപ്പെട്ട കംബോഡിയയും

പലസ്തീന് രാഷ്ട്ര പദവി: കാനഡയ്‌ക്കെതിരെ ഭീഷണിയുമായി ട്രംപ്

ഗാർലൻഡ് മോട്ടൽ വെടിവയ്പ്പ്: രേഖകളില്ലാത്ത മൂന്നു കുടിയേറ്റക്കാർ പിടിയിൽ; കൊലപാതകക്കുറ്റം ചുമത്തിയെന്ന് പോലീസ്

ആ മുഖം, ആ ബുദ്ധി, ആ ചുണ്ടുകൾ, അത് അനങ്ങുന്നരീതി… വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരലിൻ ലീവിറ്റിനെക്കുറിച്ച് വാചാലനായി ഡോണൾഡ് ട്രംപ്! സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനം

Top Picks for You
Top Picks for You