സനാ: യമനിൽ ഹൂതികൾക്കുനേരെ അമേരിക്ക മിസൈൽ ആക്രമണം നടത്തിയതിനു പിന്നാലെ പ്രതികരണവുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അക്രമണം നിർത്തിയില്ലെങ്കിൽ ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള നാശം ഹൂതികൾ കാണേണ്ടി വരുമെന്ന് ട്രംപ് പറഞ്ഞു. യുഎസ് നടത്തിയ വ്യോമാക്രമണത്തിൽ ഇതുവരെ 24 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. അതേസമയം അമേരിക്കയുടെ ആക്രമണത്തിന് തിരിച്ചടിയുണ്ടാകുമെന്നാണ് ഹൂതികളുടെ പ്രതികരണം.
‘എല്ലാ ഹൂതി തീവ്രവാദികളോടുമായി പറയുകയാണ്, നിങ്ങളുടെ സമയം കഴിഞ്ഞു. ഇന്നുമുതൽ നിങ്ങളുടെ ആക്രമണം നിർത്തുക. അല്ലാത്ത പക്ഷം ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിൽ നരകം നിങ്ങളുടെമേൽ പെയ്തിറങ്ങും’ -ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
ചെങ്കടൽ വഴിയുള്ള വ്യാപാരക്കപ്പലുകൾക്കുമേൽ ഹൂതികൾ നടത്തുന്ന ആക്രമണം മുൻനിർത്തിയാണ് അമേരിക്കയുടെ തിരിച്ചടി. ചെങ്കടൽ വഴിയുള്ള കപ്പൽഗതാഗതത്തിന് ഹൂതികൾ ഭീഷണി സൃഷ്ടിക്കുകയാണെന്നും അവരെ ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യമെന്നും ട്രംപ് പറഞ്ഞു. ലോകത്തിലെ ജലപാതകളിലൂടെ സഞ്ചരിക്കുന്ന അമേരിക്കൻ വാണിജ്യ കപ്പലുകളെ തടയാൻ ഒരു തീവ്രവാദ ശക്തിയ്ക്കും കഴിയില്ലെന്നും ഇറാൻ ഇവരെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കണമെന്നും ട്രംപ് പറഞ്ഞു.
യു.എസ് നടത്തിയ വ്യോമാക്രമണത്തിന് തീർച്ചയായും മറുപടി നൽകുമെന്ന് അൽ മസിറ ചാനലിലൂടെ ഹൂതികൾ പ്രഖ്യാപിച്ചു. അമേരിക്കയുടെയും ഇസ്രയേലിന്റെയും പതാകയേന്തിയ കപ്പലുകളെ ലക്ഷ്യമിടുമെന്നും ഹൂതികളുടെ നേതാവായ അബ്ദുൽ മാലിക് അൽ ഹൂതി കൂട്ടിച്ചേർത്തു.