ടൊറന്റോ : കാനഡയില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് വീസയില്ലാതെ അമേരിക്കയില്‍ കൂടുതല്‍ കാലം താമസിക്കാന്‍ നിര്‍ദേശിക്കുന്ന ബില്‍ യുഎസ് ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്‌സില്‍ അവതരിപ്പിച്ചു. ന്യൂയോര്‍ക്കില്‍ നിന്നുള്ള പ്രതിനിധി എലിസ് സ്റ്റെഫാനിക്, ഫ്‌ലോറിഡയില്‍ നിന്നുള്ള ലോറല്‍ ലീ, അരിസോനയില്‍ നിന്നുള്ള ഗ്രെഗ് സ്റ്റാന്റണ്‍ എന്നിവര്‍ സംയുക്തമായി അവതരിപ്പിച്ച ബില്‍, നിലവില്‍ വീസയില്ലാതെ കനേഡിയന്‍ പൗരന്മാര്‍ക്ക് അമേരിക്കയില്‍ താമസിക്കാവുന്ന 180 ദിവസത്തെ പരിധി 240 ദിവസമായി ഉയര്‍ത്താന്‍ ലക്ഷ്യമിടുന്നു.
ഏപ്രില്‍ മാസാവസാനം അവതരിപ്പിക്കപ്പെട്ട ‘കനേഡിയന്‍ സ്‌നോബേര്‍ഡ് വീസ ആക്റ്റ്’ പ്രകാരം, കാനഡയില്‍ സ്ഥിരമായ വീടുള്ളതും അമേരിക്കയില്‍ സ്വന്തമായോ വാടകയ്ക്കെടുത്തതോ ആയ താമസസ്ഥലമുള്ളതുമായ 50 വയസ്സിന് മുകളിലുള്ള വ്യക്തികള്‍ക്കാവും ദീര്‍ഘകാല താമസ സൗകര്യം അനുവദിക്കുക.
അമേരിക്കയില്‍ 30 ദിവസത്തില്‍ കൂടുതല്‍ താമസിക്കുന്ന കനേഡിയന്‍ പൗരന്മാര്‍ സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്യുകയും അവരുടെ രജിസ്‌ട്രേഷന്‍ രേഖകള്‍ എപ്പോഴും കൈവശം വെക്കുകയും ചെയ്യണമെന്ന പുതിയ നിയമം അമേരിക്ക നടപ്പാക്കുന്നതിനിടയിലാണ് ഈ സുപ്രധാന ബില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. വിമാനമാര്‍ഗ്ഗം വരുന്നവരോ കര അതിര്‍ത്തിയില്‍ നിന്ന് I-94 ഫോം ലഭിക്കുന്നവരോ കൂടുതല്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്ന് യുഎസ് എംബസി അറിയിച്ചിട്ടുണ്ട്.
കാനഡയും യുഎസും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ അമേരിക്കയിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ കുറവ് വരുത്തിയിട്ടുണ്ട്. ഈ സാഹചര്യം കണക്കിലെടുത്ത് അമേരിക്കന്‍ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും കാനഡയില്‍ നിന്നുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് പുനരുജ്ജീവിപ്പിക്കാനും ലക്ഷ്യമിട്ടാണ് ബില്‍ അവതരിപ്പിച്ചതെന്ന് ഇതിനെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ നേതാക്കള്‍ വ്യക്തമാക്കി.