ഓട്ടവ: ഇറാനിലെ ഭരണകൂടവുമായി ബന്ധമുള്ളവർ കാനഡയിൽ സ്ഥിരതാമസം നേടുന്നത് തടയാനുള്ള കാനഡ സർക്കാർ പദ്ധതിക്ക് വീണ്ടും തിരിച്ചടി. അതിർത്തി സുരക്ഷാ ഉദ്യോഗസ്ഥർ ആരംഭിച്ച നാലാമത്തെ നാടുകടത്തൽ നടപടിയും പരാജയപ്പെട്ടിരിക്കുകയാണ്. ഇറാനിലെ റോഡ്സ് മന്ത്രാലയത്തിലെ മുൻ ഡയറക്ടർ ജനറൽ അഫ്ഷിൻ പിർനൂനെതിരായ നാടുകടത്തൽ അപേക്ഷ ഇമിഗ്രേഷൻ ആൻഡ് റിഫ്യൂജി ബോർഡ് തള്ളിക്കളഞ്ഞു.
പിർനൂൺ 2022-ൽ ടൂറിസ്റ്റ് വിസയിൽ കാനഡയിലെത്തി, പിന്നീട് ഉബർ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. അദ്ദേഹം ദീർഘകാലം ഇറാനിയൻ ഭരണകൂടത്തിൽ മുതിർന്ന ഉദ്യോഗം വഹിച്ചിരുന്നയാളാണെന്ന് പറഞ്ഞ് CBSA അദ്ദേഹത്തെ കാനഡയിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇമിഗ്രേഷൻ ആൻഡ് റിഫ്യൂജി ബോർഡ് അപേക്ഷ തള്ളുകയായിരുന്നു.
പദവി മാത്രം നോക്കുമ്പോൾ ഉയർന്ന തലത്തിലുള്ള സ്ഥാനമെന്ന് തോന്നിച്ചേക്കാമെങ്കിലും, സമർപ്പിച്ച തെളിവുകൾ വിലയിരുത്തുമ്പോൾ അദ്ദേഹം ഭരണകൂടത്തിൻ്റെ തീരുമാനങ്ങളിൽ നിർണായക സ്വാധീനം ചെലുത്തിയതായി തെളിയുന്നില്ല എന്ന് ബോർഡ് അംഗം മഡോണ മോക്ക്ബെൽ വിധിന്യായത്തിൽ വ്യക്തമാക്കി. ഇതോടെ, ഇറാനിയൻ ഭരണകൂട ഉദ്യോഗസ്ഥരെ കാനഡയിൽ നിന്ന് പുറത്താക്കാനുള്ള സർക്കാരിൻ്റെ പ്രത്യേക നടപടിക്രമങ്ങൾ വീണ്ടും പരാജയപ്പെടുകയായിരുന്നു. കാനഡയെ സുരക്ഷിത അഭയകേന്ദ്രം ആക്കുന്ന ഇറാനിയൻ ഉദ്യോഗസ്ഥരെ പുറത്താക്കണമെന്ന ഉദ്ദേശത്തോടെ സർക്കാർ രൂപീകരിച്ച പദ്ധതിയാണ് ഇതോടെ ഫലപ്രദമാകാതെ പോയത്.







