കാല്‍ഗറി : നഗരത്തില്‍ ഫോട്ടോ റഡാര്‍ നിര്‍ത്തലാക്കിയതിനെതിരെ കാല്‍ഗറി മേയര്‍ ജ്യോതി ഗോണ്ടെക്ക്. നഗരത്തിലെ റോഡുകളില്‍ കാല്‍നടയാത്രക്കാര്‍ അപകടത്തിലാകുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവെന്നും ഇത് ഗൗരവമായി കാണണമെന്നും മേയര്‍ ആവശ്യപ്പെട്ടു. ഈ ആഴ്ച മാത്രം കാല്‍ഗറിയില്‍ ഉണ്ടായ തുടര്‍ച്ചയായ വാഹനാപകടങ്ങള്‍, ഫോട്ടോ റഡാര്‍ ഉപയോഗം നിര്‍ത്തലാക്കാനുള്ള പ്രവിശ്യാ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരായ മേയര്‍ ജ്യോതി ഗോണ്ടെക്കിന്റെ വിമര്‍ശനത്തിന് ശക്തി പകര്‍ന്നു.
സമീപ ദിവസങ്ങളില്‍ അമിത വേഗം മൂലമുണ്ടായ നിരവധി അപകടങ്ങളെ അവര്‍ ചൂണ്ടിക്കാട്ടി. ട്രാഫിക് അപകടങ്ങള്‍ക്ക് പ്രധാന കാരണം
അമിത വേഗമാണെന്നും, ഫോട്ടോ റഡാര്‍ എടുത്തുകളയാനുള്ള പ്രവിശ്യാ സര്‍ക്കാരിന്റെ തീരുമാനത്തിന്റെ അനന്തരഫലങ്ങളാണ് ഇപ്പോള്‍ നമ്മള്‍ കാണുന്നതെന്നും ജ്യോതി ഗോണ്ടെക്ക് ആരോപിച്ചു.
ഫോട്ടോ റഡാര്‍, റോഡ് സുരക്ഷ മെച്ചപ്പെടുത്താനുള്ള ഒരു മാര്‍ഗമാണെന്ന് മുന്‍ പൊലീസ് മേധാവി മാര്‍ക്ക് ന്യൂഫെല്‍ഡ് വാദിച്ചിരുന്നു. എന്നാല്‍ ഇത് പണം കൊള്ളയടിക്കാനുള്ള തന്ത്രമാണെന്ന് ആല്‍ബര്‍ട്ട ഗതാഗത മന്ത്രി ഡെവിന്‍ ഡ്രീഷന്‍ വിശേഷിപ്പിച്ചു. ‘ഇതൊരിക്കലും പണം പിടുങ്ങാനുള്ള തന്ത്രമായിരുന്നില്ലെന്നും ജീവന്‍ രക്ഷിക്കാനുള്ള ഉപകരണം എന്ന നിലയിലാണ് ഇത് രൂപകല്‍പ്പന ചെയ്തതെന്നും ഗോണ്ടെക്ക് വാദിച്ചു.
അതേസമയം, ട്രാഫിക് സുരക്ഷാ ഫണ്ടിന് കീഴില്‍, കമ്മ്യൂണിറ്റി സുരക്ഷാ സംരംഭങ്ങളില്‍ നിക്ഷേപം നടത്തുകയാണെന്നും, സ്പീഡ് ടേബിളുകള്‍, ഫ്‌ലാഷിങ് സൈന്‍സ്, പൊതുവിദ്യാഭ്യാസം തുടങ്ങിയ ഫലപ്രദമായ ട്രാഫിക് നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ നടപ്പാക്കാന്‍ നഗരങ്ങളെ പ്രവിശ്യ പ്രോത്സാഹിപ്പിക്കുകയാണെന്നും ഡ്രീഷന്‍ പ്രസ്താവനയില്‍ അറിയിച്ചു. എന്നാല്‍, ഫോട്ടോ റഡാറുകള്‍ അനുവദിക്കുമോ എന്നതില്‍ മന്ത്രി പ്രതികരിച്ചില്ല.
പ്രവിശ്യയുടെ പുതിയ നിയമങ്ങള്‍ പ്രകാരം, പ്രധാന ഹൈവേകളിലും കണക്ടറുകളിലും ഫോട്ടോ റഡാര്‍ നിരോധിച്ചിട്ടുണ്ട്. സ്‌കൂള്‍, കളിസ്ഥലം, നിര്‍മ്മാണ മേഖലകള്‍ എന്നിവിടങ്ങളില്‍ മാത്രമേ ഇത് അനുവദിക്കുകയുള്ളൂ. കൂടാതെ, ആല്‍ബര്‍ട്ടയിലെ ഇന്റര്‍സെക്ഷനുകളില്‍ ഉണ്ടാകുന്ന റെഡ് ലൈറ്റ് ലംഘനം പിടികൂടാന്‍ മാത്രമേ സുരക്ഷാ കാമറകള്‍ ഉപയോഗിക്കാവൂ. ‘സ്പീഡ് ഓണ്‍ ഗ്രീന്‍’ രീതി ഇതോടെ അവസാനിക്കും.
അപകടങ്ങള്‍ കൂടുതലുള്ള ചില പ്രത്യേക മേഖലകളില്‍ അധികമായി റഡാര്‍ സ്ഥാപിക്കാന്‍ മുനിസിപ്പാലിറ്റികള്‍ക്ക് അഭ്യര്‍ത്ഥിക്കാം. ഈ അപേക്ഷകള്‍ അംഗീകരിക്കണമോ എന്ന് പ്രവിശ്യാ സര്‍ക്കാര്‍ തീരുമാനിക്കും. ഇങ്ങനെ അനുവദിക്കുന്ന സ്ഥലങ്ങള്‍ രണ്ട് വര്‍ഷത്തിലൊരിക്കല്‍ ഓഡിറ്റിന്വിധേയമാക്കും.