ഒൻ്റാരിയോ ലിബറൽ പാർട്ടി നേതൃസ്ഥാനം രാജിവെക്കുന്നതായി പ്രഖ്യാപിച്ച് ബോണി ക്രോംബി. നേതൃത്വ വോട്ടെടുപ്പിൽ ഭൂരിപക്ഷം ലഭിച്ചതോടെ ലീഡർ സ്ഥാനത്ത് താൻ തുടരുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് തീരുമാനം. പാർട്ടിക്ക് ഏറ്റവും അനുയോജ്യമായ തീരുമാനമാണ് എടുത്തിരിക്കുന്നതെന്നും പുതിയ നേതാവിനെ തിരഞ്ഞെടുത്തതിന് ശേഷം രാജിവയ്ക്കാൻ പദ്ധതിയിടുന്നതായും ബോണി ക്രോംബി പറഞ്ഞു.
ഈ വാരാന്ത്യത്തിൽ പാർട്ടിയുടെ വാർഷിക പൊതുയോഗത്തിൽ നടന്ന നേതൃത്വ വോട്ടെടുപ്പിൽ 57% പ്രതിനിധികളും പുതിയ നേതൃത്വ തിരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ വോട്ട് ചെയ്‌തിരുന്നു. ലിബറൽ ഭരണഘടന പ്രകാരം പാർട്ടി ലീഡറായി തുടരാൻ ക്രോംബിക്ക് 50 ശതമാനം പാർട്ടി അംഗങ്ങളുടെ പിന്തുണ മാത്രമേ ആവശ്യമുള്ളൂ. എന്നാൽ 66 ശതമാനത്തിൽ താഴെ വോട്ടുകൾ ലഭിച്ചാൽ അവർ രാജിവയ്ക്കണമെന്ന് ചില പാർട്ടി അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു.







