newsroom@amcainnews.com

ആദ്യ ജയിൽ വാസമല്ല ഇത്! കാശ് കൊടുത്ത് അന്ന് ‘തടവുകാരനാ’യി; കാക്കനാട് ജില്ലാ ജയിലിൽ ഇന്ന് ‘ശരിക്കും’ തടവുകാരനായി വ്യവസായി ബോബി ചെമ്മണൂർ

കൊച്ചി: കാക്കനാട് ജില്ലാ ജയിലിൽ പ്രവേശിപ്പിച്ചി വ്യവസായി ബോബി ചെമ്മണൂരിന്റെ ആദ്യ ജയിൽ വാസമല്ല ഇത്. നടി ഹണി റോസിനെതിരേ ലൈംഗികാധിക്ഷേപം നടത്തിയെന്ന കേസിൽ കോടതി ജാമ്യം നിഷേധിച്ചതോടെയാണ് അദ്ദേഹത്തെ ഇന്നലെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ബോബിയെ റിമാൻഡ് ചെയ്തത്. ബോബിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടായിരുന്നു റിമാൻഡ് ചെയ്ത് കോടതി ഉത്തരവിട്ടത്. ഇതോടെ ബോബിയെ കാക്കനാട് ജില്ലാ ജയിലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഒരർഥത്തിൽ ഇത് ബോബി ചെമ്മണൂരിന്റെ ആദ്യത്തെ ‘ജയിൽവാസം’ അല്ല. ആറുവർഷങ്ങൾക്ക് മുമ്പ് തെലങ്കാനയിലെ ജയിലിൽ ബോബി ചെമ്മണൂർ ‘തടവുകാരനാ’യിരുന്നു. പക്ഷേ, തെലങ്കാന ജയിൽവകുപ്പിന്റെ ‘ഫീൽ ദി ജയിൽ’ പദ്ധതിയിൽ ഫീസ് നൽകിയാണ് അന്ന് ബോബി ചെമ്മണൂർ ‘ജയിൽവാസം’ അനുഭവിച്ചത്. ഒടുവിൽ വർഷങ്ങൾക്കിപ്പുറം ബോബി ചെമ്മണൂർ ഒരു കേസിൽപ്പെട്ട് ‘ശരിക്കും’ ജയിലിലായിരിക്കുകയാണ്. നടിക്കെതിരേ അധിക്ഷേപം നടത്തിയ കേസിൽ കാക്കനാട് ജയിലിലാണ് ബോബിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുന്നത്.

2018-ലാണ് തെലങ്കാന ജയിൽവകുപ്പിന്റെ ‘ഫീൽ ദി ജയിൽ’ പദ്ധതിയുടെ ഭാഗമായി ബോബി ചെമ്മണൂരും ജയിലിൽ താമസിച്ചത്. തെലങ്കാന സങ്കറെഡ്ഡിയിലെ സെൻട്രൽ ജയിലിലായിരുന്നു അന്നത്തെ താമസം. ഒരു തടവുകാരൻ എങ്ങനെയാണോ ജയിലിൽ കഴിയുന്നത്, അതേരീതിയിലായിരുന്നു ‘ഫീൽ ദി ജയിൽ’ പദ്ധതിയിൽ പങ്കെടുക്കുന്നവർക്കും ജയിലിൽ താമസമൊരുക്കിയിരുന്നത്.

ഒരുദിവസം ജയിലിൽ കഴിയാൻ ഒരാൾക്ക് 500 രൂപയായിരുന്നു അന്ന് തെലങ്കാന ജയിൽ വകുപ്പ് ഈടാക്കിയിരുന്ന ഫീസ്. 2018-ൽ ബോബിക്കൊപ്പം രണ്ട് സുഹൃത്തുക്കളും ഈ പദ്ധതി പ്രകാരം ജയിലിൽ താമസിച്ചിരുന്നു. ജയിലിൽ തടവുകാർക്ക് നൽകുന്ന ഭക്ഷണമായിരുന്നു താമസത്തിനെത്തിയവർക്കും നൽകിയത്. ജയിലിലേതിന് സമാനമായി മൊബൈൽഫോൺ ഉപയോഗിക്കാൻ പാടില്ലെന്ന കർശന നിയന്ത്രണങ്ങളുമുണ്ടായിരുന്നു. തടവുകാർ ജയിലിൽ ചെയ്യുന്ന ജോലികൾ ചെയ്യാനും താമസക്കാർക്ക് അവസരം ലഭിക്കും.

കഴിഞ്ഞ 15 വർഷമായി ജയിൽജീവിതത്തെക്കുറിച്ച് തനിക്ക് ആകാംക്ഷയുണ്ടായിരുന്നെന്നും അത് അനുഭവിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെന്നുമാണ് 2018-ലെ ജയിലിലെ താമസത്തിന് ശേഷം ബോബി ചെമ്മണൂർ മാധ്യമങ്ങളോട് പറഞ്ഞത്. ”കേരളത്തിലെ പല പോലീസ് ഉദ്യോഗസ്ഥരെയും എനിക്ക് അറിയാം. എന്റെ ആഗ്രഹം ഞാൻ അവരോട് പലസന്ദർഭങ്ങളിലും പറഞ്ഞിരുന്നു. ഒരുദിവസം ജയിൽജീവിതം അനുഭവിക്കാൻ സഹായിക്കണമെന്നാണ് അവരോട് പറഞ്ഞത്. പക്ഷേ, കുറ്റംചെയ്താൽ മാത്രമേ അത് നടക്കുകയുള്ളൂ എന്നായിരുന്നു അവരുടെയെല്ലാം മറുപടി. അങ്ങനെയിരിക്കെയാണ് പത്രത്തിൽ സംഗറെഡ്ഡിയിലെ പഴയ ജയിലിൽ താമസിക്കാനുള്ള അവസരത്തെക്കുറിച്ച് അറിഞ്ഞത്. അതോടെ അതിനുള്ള ശ്രമങ്ങൾ ആരംഭിക്കുകയായിരുന്നു’, അന്ന് ബോബി ചെമ്മണൂർ മാധ്യമങ്ങളോട് പറഞ്ഞു. 220 വർഷത്തോളം പഴക്കമുള്ള സംഗറെഡ്ഡിയിലെ ജയിലിലാണ് തെലങ്കാന ജയിൽ വകുപ്പ് ‘ഫീൽ ദി ജയിൽ’ പദ്ധതി നടപ്പാക്കിയിരുന്നത്. കൊളോണിയൽ കാലത്ത് നിർമിച്ച സംഗറെഡ്ഡി ജയിൽ പിന്നീട് ഒരു മ്യൂസിയമാക്കി മാറ്റിയശേഷമായിരുന്നു ജയിൽവകുപ്പ് പദ്ധതി ആരംഭിച്ചത്.

You might also like

കാൽഗറിയിൽ ലിക്വർ സ്‌റ്റോറിലും ബസ് ഡ്രൈവറെ കത്തിമുനയിൽ നിർത്തിയും മോഷണം; പെൺകുട്ടികൾ അടക്കമുള്ള കൗമാരക്കാരുടെ സംഘം പിടിയിൽ, അറസ്റ്റിലായവരിൽ 11 വയസ്സുകാരനും

പലിശനിരക്ക് 2.75 ശതമാനമായി നിലനിർത്തി ബാങ്ക് ഓഫ് കാനഡ

ജമ്മുകശ്മീർ മുൻ ഗവർണറും പ്രമുഖ ദേശീയ നേതാവുമായ സത്യപാൽ മാലിക് അന്തരിച്ചു

ജീവനക്കാരെ ഒഴിവാക്കി കനേഡിയൻ ടയർ

യുഎസ് വീസയ്ക്ക് ബോണ്ട് വരുന്നു; 15,000 ഡോളർ വരെ ഈടാക്കാൻ സാധ്യത

600 വര്‍ഷത്തെ ‘നിദ്ര’ വെടിഞ്ഞു; റഷ്യയില്‍ വന്‍ അഗ്‌നിപര്‍വത സ്‌ഫോടനം

Top Picks for You
Top Picks for You