ഒൻ്റാരിയോയിലെ വുഡ്സ്റ്റോക്കിൽ വാത്തകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി കനേഡിയൻ വൈൽഡ് ലൈഫ് ഹെൽത്ത് കോ-ഓപ്പറേറ്റീവ് (CWHC) അറിയിച്ചു. ഈ മേഖലയിലെ കോഴി ഫാമുകളിൽ അണുബാധ തുടരുന്നതിനിടെയാണ് ഈ റിപ്പോർട്ട്. കഴിഞ്ഞ ആഴ്ച ചില വാത്തകൾക്ക് രോഗം ബാധിച്ചതായി റിപ്പോർട്ടുകൾ ലഭിച്ചിരുന്നു. സൗത്ത്സൈഡ് പാർക്കിൽ ചത്ത നിലയിൽ കണ്ടെത്തിയ രണ്ട് വാത്തകളെ പരിശോധിച്ചപ്പോഴാണ് H5N1 സ്ഥിരീകരിച്ചത്. പക്ഷിപ്പനി വൈറസ് 2022 മുതൽ ഒൻ്റാരിയോയിലെ വന്യജീവികളിൽ വ്യാപിക്കുന്നുണ്ടെന്നും, ദേശാടന കാലത്തും തണുപ്പുകാലത്തുമാണ് രോഗം കൂടുതൽ പടരുന്നതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
വൈറസ് മറ്റ് പക്ഷികളെയും കോഴികളെയും കൂടാതെ നായകളും പൂച്ചകളും ഉൾപ്പെടെയുള്ള വളർത്തുമൃഗങ്ങളെയും ബാധിക്കാൻ സാധ്യതയുണ്ടെന്ന് ഹെൽത്ത് കാനഡ മുന്നറിയിപ്പ് നൽകി. രോഗം ബാധിച്ചതോ ചത്തതോ ആയ കോഴികളുമായി അടുത്ത ബന്ധം പുലർത്തിയാൽ മാത്രമേ മനുഷ്യരിലേക്ക് പകരാൻ സാധ്യതയുള്ളൂ, അധികൃതർ അറിയിച്ചു. കാനഡാ വാത്തകളിൽ നിന്നും പൊതുജനങ്ങളും വളർത്തുമൃഗങ്ങളും അകലം പാലിക്കണമെന്ന് സിറ്റി ഓഫ് വുഡ്‌സ്റ്റോക്കും സൗത്ത് വെസ്റ്റേൺ പബ്ലിക് ഹെൽത്തും നിർദ്ദേശിച്ചു. കൂടാതെ, ചത്തതോ രോഗം ബാധിച്ചതോ ആയ പക്ഷികളെക്കുറിച്ച് CWHC യെ അറിയിക്കാനും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. അടുത്തിടെ ലണ്ടൻ ഒൻ്റാരിയോയിലെ സ്ട്രാത്രോയ് പ്രദേശത്ത് നാല് കോഴി ഫാമുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഈ കോഴിഫാമുകളിലെ പതിനായിരക്കണക്കിന് പക്ഷികളെ കൊന്നൊടുക്കിയിരുന്നു.







