ഡബ്ലിൻ: അയർലൻഡിൽ ഇന്ത്യക്കാർക്കെതിരായ ആക്രമണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്ന് ഡബ്ലിനിലെ ഇന്ത്യൻ എംബസ്സി മുന്നറിയിപ്പ് നൽകി. അയർലൻഡിലെ എല്ലാ ഇന്ത്യൻ പൗരന്മാരും സ്വന്തം സുരക്ഷയ്ക്കായി മുൻകരുതലുകളെടുക്കണമെന്നും ആളൊഴിഞ്ഞ സ്ഥലങ്ങളിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്നും എംബസി മുന്നറിയിപ്പിൽ പറയുന്നു. ഇന്ത്യൻ വംശജനായ സംരംഭകനും സീനിയർ ഡാറ്റാ സയന്റിസ്റ്റുമായ സന്തോഷ് യാദവിനെ കഴിഞ്ഞയാഴ്ച ഡബ്ലിനിൽ വെച്ച് ഒരു കൂട്ടം കൗമാരക്കാർ ക്രൂരമായി മർദ്ദിച്ച സംഭവത്തിന് പിന്നാലെയാണ് മുന്നറിയിപ്പ്.
അപ്പാർട്ട്‌മെന്റിന് സമീപത്ത് വെച്ച് ആറ് കൗമാരക്കാർ യാതൊരു പ്രകോപനവുമില്ലാതെ തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് സന്തോഷ് യാദവ് ലിങ്ക്ഡ് ഇൻ പോസ്റ്റിൽ വിവരിച്ചു. കണ്ണട തട്ടിപ്പറിച്ച് പൊട്ടിക്കുകയും ക്രൂരമായി മർദ്ദിക്കുകയും വഴിയിൽ ഉപേക്ഷിക്കുകയുമായിരുന്നുവെന്ന് യാദവ് കുറിപ്പിൽ പറയുന്നു. ഈ ആക്രമണം വർധിച്ചുവരുന്ന ഒരു പ്രവണതയുടെ ഭാഗമാണെന്ന് പറഞ്ഞ സന്തോഷ് യാദവ്, ഡബ്ലിനിലുടനീളം വംശീയ അതിക്രമങ്ങൾ വർധിച്ചുവരികയാണെന്നും ആരോപിച്ചു.