ഗാസയിലെ ഖാൻ യൂനിസിൽ നടന്ന വ്യോമാക്രമണത്തിൽ 54 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. തുടർച്ചയായ രണ്ടാം ദിവസമാണ് ഇസ്രയേൽ ഈ പ്രദേശത്ത് ആക്രമണം നടത്തുന്നത്. ഇന്നലെ രാത്രിയിൽ പത്ത് വ്യോമാക്രമണമെങ്കിലും നടന്നതായും നിരവധി മൃതദേഹങ്ങൾ കഷ്ണങ്ങളായി നഗരത്തിലെ നാസർ ആശുപത്രിയിലെ മോർച്ചറിയിലേക്ക് കൊണ്ടുപോകുന്നത് കണ്ടതായും ഒരു അസ്സോസിയേറ്റ് പ്രസ് ക്യാമറാമാൻ വെളിപ്പെടുത്തി. 54 പേർ കൊല്ലപ്പെട്ടതായി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. ഖത്തർ മാധ്യമമായ അൽ അറബി ടിവിയുടെ ഒരു പത്രപ്രവർത്തകനും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നുവെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.
കഴിഞ്ഞ ദിവസം വടക്കൻ, തെക്കൻ ഗാസയിൽ നടന്ന വ്യോമാക്രമണങ്ങളിൽ ഏകദേശം രണ്ട് ഡസനോളം കുട്ടികൾ ഉൾപ്പെടെ 70 പേർ കൊല്ലപ്പെട്ടതിന് ശേഷമുള്ള രണ്ടാമത്തെ കനത്ത ബോംബാക്രമണമാണിത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പശ്ചിമേഷ്യ സന്ദർശിക്കുന്നതിനിടയിലാണ് ഗാസയിൽ ഇസ്രയേൽ തുടർച്ചയായ ആക്രമണങ്ങൾ നടത്തുന്നത്. അതേസമയം, ഇസ്രയേലിനെ ഒഴിവാക്കിയാണ് ട്രംപിന്റെ പശ്ചിമേഷ്യ സന്ദർശനം.