അമേരിക്ക ഇന്ത്യയ്ക്കുമേല്‍ ആദ്യം പ്രഖ്യാപിച്ച 25% പകരം തീരുവ ഇന്ന് പ്രാബല്യത്തില്‍ വരും. റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരില്‍ ഇന്നലെ പ്രഖ്യാപിച്ച പിഴ തീരുവ ഓഗസ്റ്റ് 27-നാണ് നിലവില്‍ വരിക. റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് അടുത്ത ദിവസങ്ങളില്‍ ഇന്ത്യയ്‌ക്കെതിരെ കൂടുതല്‍ തീരുവകള്‍ ചുമത്തുമെന്ന് യുഎസ് മുന്‍ പ്രസിഡന്റ് ട്രംപ് കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. യുക്രൈന്‍ അധിനിവേശത്തിന് ശേഷം റഷ്യയ്ക്ക് മേല്‍ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനിടെ റഷ്യയില്‍ നിന്ന് ഇന്ത്യ വലിയ തോതില്‍ എണ്ണ ഇറക്കുമതി ചെയ്തതാണ് യുഎസിനെ പ്രകോപിപ്പിച്ചത്. ഇത് റഷ്യയെ സഹായിക്കുമെന്നാണ് ട്രംപിന്റെ ആരോപണം.
അമേരിക്കയുടെ ഈ നടപടിയെ ഇന്ത്യ ശക്തമായി അപലപിച്ചു. റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന് മറ്റു രാജ്യങ്ങള്‍ക്ക് അധിക തീരുവ ചുമത്താതെ ഇന്ത്യയെ മാത്രം ലക്ഷ്യമിടുന്നത് നീതീകരിക്കാനാവാത്തതും യുക്തിരഹിതവുമാണെന്ന് ഇന്ത്യ വ്യക്തമാക്കി. 140 കോടി ജനങ്ങളുടെ ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നതെന്നും ഇത് ഇന്ത്യയുടെ ദേശീയ താല്‍പ്പര്യമാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.