ആൽബർട്ട: ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്തിനെ വെല്ലുവിളിച്ച് ആൽബർട്ട മെഡിക്കൽ അസോസിയേഷനിലെ എമർജൻസി മെഡിസിൻ മേധാവി. ഷിഫ്റ്റിൽ തങ്ങളോടൊപ്പം ആശുപത്രിയിലേക്ക് വരണമെന്നും, അപ്പോൾ മണിക്കൂറുകളോളം ഇടനാഴികളിൽ കുടുങ്ങിക്കിടക്കുന്ന രോഗികളുടെ ബുദ്ധിമുട്ട് നേരിൽ കാണാമെന്നും ഡോ. വാറൻ തിർസ്ക് പറയുന്നു. എഡ്മണ്ടണിലെ റോയൽ അലക്സാണ്ട്ര ആശുപത്രിയിലെ ഡോക്ടറാണ് ഡോ. വാറൻ തിർസ്ക്. 13 മണിക്കൂർ തൻ്റെ എമർജൻസി വാർഡിൽ ചെലവഴിക്കാനാണ് അദ്ദേഹം ആൽബർട്ട പ്രീമിയറെ ക്ഷണിച്ചത്.
നിരാശയും കാത്തിരിക്കുന്നവരുടെ കണ്ണുകളിലേക്ക് നോക്കുന്ന ഡോക്ടർമാരുടെ മാനസികാവസ്ഥയും പ്രീമിയർ ഡാനിയേൽ സ്മിത്തിന് അപ്പോൾ മനസിലാകുമെന്നും ഡോക്ടർ ഒരു അഭിമുഖത്തിൽ പറഞ്ഞു. ചില രോഗികൾക്ക് 14 മണിക്കൂറിലധികം കാത്തിരിക്കേണ്ടി വരുന്നുണ്ട്. പലരും കാത്തിരിപ്പ് സഹിക്കാതെ പുറത്തേക്ക് പോവുകയും ചെയ്യുന്നു. അടിയന്തര ചികിത്സയ്ക്കായി കാത്തിരുന്ന ഓരോ അഞ്ചുപേരിലും ഒരാൾക്ക് വീതം ചികിത്സ ലഭിക്കാതെ പോയതായി ആൽബർട്ട മെഡിക്കൽ അസോസിയേഷൻ നടത്തിയ സർവേയിൽ, കണ്ടെത്തിയിരുന്നു. അസോസിയേഷൻ പ്രസിഡൻ്റ് ഡോ. ഷെലി ഡഗൻ ഇതിനെ ഭീതിജനകമെന്നാണ് വിശേഷിപ്പിച്ചത്. ഡോക്ടർമാരുടെയും വിദഗ്ധരുടെയും കുറവാണ് ഈ പ്രതിസന്ധിയുടെ പ്രധാന കാരണങ്ങളിലൊന്ന്. ആൽബർട്ടയ്ക്കപ്പുറം കാനഡയൊട്ടാകെയുള്ള പ്രശ്നമാണിതെന്നും അവർ പറഞ്ഞു.
എന്നാൽ ആൽബർട്ട സർക്കാർ ഈ സർവേയുടെ കണക്കുകൾ തള്ളിക്കളഞ്ഞു; വെറും രണ്ട് ആശുപത്രികളിൽ മാത്രമാണ് ഇത്തരമൊരു സാഹചര്യം ഉണ്ടായതെന്ന് സർക്കാർ അവകാശപ്പെട്ടു. കൂടുതൽ ഡോക്ടർമാരെ നിയമിക്കാൻ ശ്രമിക്കുകയാണെന്നും പ്രശ്നം പരിഹരിക്കാൻ ശ്രമങ്ങൾ തുടരുകയാണെന്നും സർക്കാർ വ്യക്തമാക്കി. എന്നാൽ നേതാക്കൾ ഈ അവസ്ഥ നേരിൽ അനുഭവിച്ചില്ലെങ്കിൽ യഥാർത്ഥ മാറ്റം ഉണ്ടാകില്ലെന്നാണ് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നത്.