ആൽബർട്ടയിൽ അഞ്ചാംപനി കേസുകൾ വർധിക്കുന്നതായി റിപ്പോർട്ട്. വാരാന്ത്യത്തിൽ 30 പുതിയ കേസുകൾ കണ്ടെത്തിയതോടെ അഞ്ചാംപനി കേസുകളിൽ പ്രവിശ്യ അമേരിക്കയെ മറികടന്നു. ഇതോടെ മാർച്ച് ആദ്യം മുതൽ പ്രവിശ്യയിലെ മൊത്തം അഞ്ചാംപനി കേസുകളുടെ എണ്ണം 1,314 ആയി ഉയർന്നു. അമേരിക്കയിൽ ഈ വർഷം ഇതുവരെ 39 സംസ്ഥാനങ്ങളിലായി 1,288 കേസുകൾ റിപ്പോർട്ട് ചെയ്തതായി യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അറിയിച്ചു. 1998-ൽ കാനഡയിൽ അഞ്ചാംപനി നിർമ്മാർജ്ജനം ചെയ്യപ്പെട്ടതായി പ്രഖ്യാപിച്ചെങ്കിലും, വാക്സിനേഷൻ നിരക്കുകളിലെ കുറവ് സമീപമാസങ്ങളിൽ രോഗബാധിതരുടെ എണ്ണം വർധിക്കാൻ കാരണമായി.
ആൽബർട്ടയിൽ രോഗബാധിതരായവരിൽ ഭൂരിഭാഗവും കുട്ടികളും കൗമാരക്കാരുമാണ്. ഇതിൽ ആയിരത്തോളം കേസുകൾ ഉൾപ്പെടുന്നു. അതേസമയം പ്രവിശ്യയിൽ സ്ഥിരീകരിച്ച കേസുകളിൽ ആയിരത്തിലധികം പേർ വാക്സിൻ സ്വീകരിച്ചിട്ടില്ലെന്ന് ആൽബർട്ടയിലെ തിങ്കളാഴ്ചത്തെ സർക്കാർ ഡാറ്റ സൂചിപ്പിക്കുന്നു.