എയർ കാനഡ ഫ്‌ളൈറ്റ് അറ്റൻഡന്റുമാർ അടുത്തയാഴ്ച മുതൽ ആരംഭിക്കാൻ സാധ്യതയുള്ള പണിമുടക്ക് തങ്ങളുടെ യാത്രാ പദ്ധതികളെ ബാധിക്കുമോയെന്ന ആശങ്കയിലാണ് സീറ്റുകൾ ബുക്ക് ചെയ്ത കാനഡയിലെ യാത്രക്കാർ. ഫ്‌ളൈറ്റ് അറ്റൻഡറ്റുകളെ പ്രതിനിധീകരിക്കുന്ന കനേഡിയൻ യൂണിയൻ ഓഫ് പബ്ലിക് എംപ്ലോയീസ്(CUPE) ജൂലൈ 28 മുതൽ പണിമുടക്ക് വോട്ടെടുപ്പ് ആരംഭിച്ചിരുന്നു. ഓഗസ്റ്റ് 5 വരെ പണിമുടക്കുമായി മുന്നോട്ട് പോകണോ വേണ്ടയോ എന്ന് അംഗങ്ങൾക്ക് വോട്ട് ചെയ്യാൻ സാധിക്കും. യൂണിയൻ ഭൂരിപക്ഷ വോട്ടിലൂടെ അംഗീകാരം നൽകിയാൽ ഓഗസ്റ്റ് 16 ന് പുലർച്ചെ 12:01 മുതൽ പണിമുടക്ക് ആരംഭിക്കാനാണ് നീക്കം.
യൂണിയൻ 10,000 ത്തിലധികം എയർ കാനഡ ഫ്‌ളൈറ്റ് അറ്റൻഡന്റുകളെ പ്രതിനിധീകരിക്കുന്നു. അതായത് പണിമുടക്ക് നടന്നാൽ കനേഡിയൻ യാത്രക്കാർക്ക് അവരുടെ യാത്രാ പദ്ധതികളിൽ തടസ്സം നേരിടും. എന്നാൽ ട്രാവൽ ഇൻഷുറൻസുള്ള ഒരു ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണ് വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്തതെങ്കിൽ സാമ്പത്തിക സമ്മർദ്ദം കുറയ്ക്കാൻ കഴിഞ്ഞേക്കുമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.
യാത്രക്കാർ ആദ്യം അറിഞ്ഞിരിക്കേണ്ട കാര്യം, എയർ പാസഞ്ചർ പ്രൊട്ടക്ഷൻ റെഗുലേഷൻ(APPR) പ്രകാരം, എയർലൈൻ പണിമുടക്കിനിടെയുള്ള ഫ്‌ളൈറ്റ് റദ്ദാക്കലുകൾ കാരിയറിന്റെ നിയന്ത്രണത്തിന് പുറത്തായി കണക്കാക്കപ്പെടുന്നുവെന്നതാണ്. സാധരണയായി ഇത്തരം സാഹചര്യങ്ങളിൽ വിമാനക്കമ്പനികൾ മറ്റൊരു വിമാനത്തിൽ അത് ആ കമ്പനിയുടേതായാലും മറ്റൊരു കമ്പനിയുടേതായാലും, യാത്ര റദ്ദാക്കപ്പെട്ട യാത്രക്കാരെ സ്വയമേവ റീബുക്ക് ചെയ്ത് കയറ്റിവിടേണ്ടതാണെന്ന് Ratehub.ca യിലെ സീനിയർ ബിസിനസ് ഡയറക്ടർ നതാഷ മാക്മില്ലൻ പറയുന്നു.
എയർലൈൻ കമ്പനിക്ക് അങ്ങനെ ചെയ്യാൻ കഴിയുന്നില്ലെങ്കിൽ അവർ മുഴുവൻ തുകയും റീഫണ്ട് ചെയ്യണം. യാത്രക്കാർക്കുള്ള മറ്റൊരു ഓപ്ഷൻ അവരുടെ ക്രെഡിറ്റ് കാർഡ് ട്രാവൽ ഇൻഷുറൻസ് പരിരക്ഷ എന്താണെന്നും എങ്ങനെയാണെന്നും പരിശോധിച്ച് ഉറപ്പുവരുത്തുക എന്നതാണെന്ന് അവർ പറയുന്നു. കാർഡിന്റെ തരം അനുസരിച്ച് തങ്ങൾക്ക് പരിരക്ഷ ലഭിക്കുമോ എന്നറിയാൻ ക്രെഡിറ്റ് കാർഡ് പ്രൊവൈഡറുമായി ബന്ധപ്പെടുന്നത് ഉചിതമായിരിക്കുമെന്നും മക്മില്ലൻ പറഞ്ഞു.