newsroom@amcainnews.com

നാടകീയ സംഭവവികാസങ്ങൾക്കൊടുവിൽ കൂത്താട്ടുകുളം നഗരസഭയിൽ എൽഡിഎഫിന് ഭരണനഷ്ടമായി; യുഡിഎഫ് അവിശ്വാസപ്രമേയം പാസായി

കൊച്ചി: നാടകീയ സംഭവവികാസങ്ങൾക്കൊടുവിൽ കൂത്താട്ടുകുളം നഗരസഭയിൽ എൽഡിഎഫിന് ഭരണനഷ്ടമായി. 13 വോട്ടുകളുടെ പിന്തുണയോടെയാണ് യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം വിജയിച്ചത്. 11 ഇടത് അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു സിപിഎം വിമതയായ കൗൺസിലർ കല രാജുവിന്റെയും സ്വതന്ത്രനായി വിജയിച്ച കൗൺസിലർ പി.ജി.സുനിൽ കുമാറും അവിശ്വാസം പ്രമേയത്തെ പിന്തുണച്ചു. നഗരസഭ അധ്യക്ഷ വിജയ ശിവൻ, ഉപാധ്യക്ഷൻ സണ്ണി കുര്യാക്കോസ് എന്നിവർക്കെതിരെയായിരുന്നു യുഡിഎഫിന്റെ അവിശ്വാസ പ്രമേയം. ഇന്നു രാവിലെ 11നു ആരംഭിച്ച അവിശ്വാസ പ്രമേയ ചർച്ചയിൽ ആദ്യം അധ്യക്ഷ വിജയ ശിവനെതിരെയുള്ള പ്രമേയമായിരുന്നു ചർച്ച ചെയ്തത്. ഉച്ചയ്ക്ക് ശേഷം ഉപാധ്യക്ഷനെതിരെയുള്ള പ്രമേയവും ചർച്ചയ്ക്ക് വരും.

എൽഡിഎഫ് മുന്നണിക്ക് ഭൂരിപക്ഷമുണ്ടായിരുന്ന ഭരണസമിതിയാണ് ഇന്ന് പരാജയം ഏറ്റുവാങ്ങിയിരിക്കുന്നത്. 25 അംഗ കൗൺസിലിൽ എൽഡിഎഫ് 13, യുഡിഎഫ് 11, സ്വതന്തൻ 1 എന്നിങ്ങനെയായിരുന്നു കക്ഷിനില. എന്നാൽ കല രാജുവും സുനിൽ കുമാറും പിന്തുണച്ചതോടെ അവിശ്വാസം പാസാകുകയായിരുന്നു. കഴിഞ്ഞ ജനുവരി 18ന് നടന്ന നാടകീയ സംഭവികാസങ്ങളുടെ ബാക്കിയായിരുന്നു ഇന്നത്തെ അവിശ്വാസ പ്രമേയം. അന്ന് എൽഡിഎഫ് ഭരണസമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചർച്ച ചെയ്യാനിരിക്കെ, യോഗത്തിനെത്തിയ കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടു പോയിരുന്നു. പിന്നാലെ സംഘർഷത്തെ തുടർന്ന് കൗൺസിൽ യോഗം ചേരാനായില്ല. കലാ രാജുവിനെ വൈകിട്ട് മോചിപ്പിക്കുകയും സംഭവവുമായി ബന്ധപ്പെട്ട് 2 സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അവിശ്വാസ പ്രമേയ ചർച്ച അലങ്കോലപ്പെടുത്തിയതിലും തട്ടിക്കൊണ്ടു പോകലിലും സിപിഎമ്മിനെതിരെ കലാ രാജു ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു.

കല രാജു ഉൾപ്പെടെയുള്ളവർക്ക് എൽഡിഎഫ് വിപ്പു നൽകിയിരുന്നു. എന്നാൽ തനിക്ക് വിപ്പു ലഭിച്ചില്ല എന്നാണ് കല രാജുവിന്റെ നിലപാട്. ഇതുകൊണ്ടു തന്നെ കല രാജുവിനെ അയോഗ്യയാക്കാനുള്ള നടപടികൾ പിന്നാലെ ഉണ്ടായേക്കും. കൗൺസിൽ കാലാവധി കഴിയാൻ 4 മാസം ശേഷിക്കെയാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. ചോദിച്ചു വാങ്ങിയ പരാജയമാണ് സിപിഎമ്മിന്റേത് എന്നായിരുന്നു അവിശ്വാസ പ്രമേയത്തിനു ശേഷം കല രാജു പ്രതികരിച്ചത്. ‘‘മനഃസാക്ഷിക്ക് അനുസരിച്ചാണ് വോട്ടു ചെയ്തത്. ഇവിടെ ആരാണ് ജനാധിപത്യത്തെ കശാപ്പ് ചെയ്തത്? അവിശ്വാസത്തിൽ പങ്കെടുക്കാൻ വന്ന എന്നെയാണ് ഉപദ്രവിച്ചതും തട്ടിക്കൊണ്ടു പോയതും. പതിറ്റാണ്ടുകൾ അവർക്കൊപ്പം പ്രവർത്തിച്ച ആളായിട്ടും ഇതാണ് ചെയ്തത്. എന്നോട് െചയ്തതിന് പ്രതികരണം ഇതാണ്. ഇനി യുഡിഎഫിനൊപ്പമായിരിക്കും മുന്നോട്ടു പോവുക. കുതിരക്കച്ചവടമൊന്നും നടന്നിട്ടില്ല. കഴിഞ്ഞ തവണ ബാഗ് അടക്കം അവർ തട്ടിയെടുത്തിരുന്നു. ബാഗിലുണ്ടായിരുന്ന പാസ് ബുക്ക് ഉപയോഗിച്ച് അക്കൗണ്ടിലെ പണം തട്ടിയെടുക്കുകയും ചെയ്തു. അയോഗ്യയാക്കിയാൽ സ്വീകരിക്കാൻ ഞാൻ തയാറാകും. ഇന്ന് ഇതിന് മറുപടി കൊടുത്തില്ലെങ്കിൽ പിന്നെ സ്ത്രീയായി ജീവിച്ചിരുന്നിട്ട് കാര്യമില്ല’’– കല രാജു പ്രതികരിച്ചു.

എന്നാൽ കുതിരക്കച്ചവടമാണ് നടന്നിരിക്കുന്നത് എന്നും ഇതിൽ വലിയ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ട് എന്നും സിപിഎം പ്രതികരിച്ചു. ജനാധിപത്യത്തെ കുഴിച്ചു മൂടുന്ന സംഭവമാണ് നടന്നിരിക്കുന്നത്. തങ്ങൾ കല രാജുവിനെ തട്ടിക്കൊണ്ടു പോയിട്ടില്ലെന്നും പാർട്ടി നേതാക്കൾ വ്യക്തമാക്കി. ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്നായിരുന്നു മാത്യു കുഴൽനാടൻ എംഎൽഎയുടെ പ്രതികരണം. യുഡിഎഫ് അവിശ്വാസത്തിന് അണിയറയിൽ പടനയിച്ചത് കുഴൽനാടനായിരുന്നു. ‘‘കഴിഞ്ഞ തവണ അവിശ്വാസം അവതരിപ്പിക്കുന്നത് പരാജയപ്പെടുത്തിയവർക്ക് മറുപടിയായാണ് ഇത്തവണ അവിശ്വാസം കൊണ്ടുവന്നതും പാസാക്കിയതും. ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടും അധികാരത്തിന്റെ ഹുങ്ക് കൊണ്ട് ഭരണം പിടിച്ചു നിർത്താം എന്നായിരുന്നു അവരുടെ പ്രതീക്ഷ. അതാണ് ഇന്ന് അവസാനിപ്പിച്ചത്.’’– കുഴൽനാടൻ പറഞ്ഞു.

അതിനിടെ കോതമംഗലം കവളങ്ങാട് പഞ്ചായത്തിൽ കോൺഗ്രസിൽനിന്നു കൂറുമാറി ഇടതു പിന്തുണയോടെ പ്രസിഡന്റും വൈസ് പ്രസിഡന്റും ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷയുമായ 3 വിമതരെയും തിരഞ്ഞെടുപ്പു കമ്മിഷൻ അയോഗ്യരാക്കി. പ്രസിഡന്റ് സിബി മാത്യു, വൈസ് പ്രസിഡന്റ് ലിസി ജോളി, സ്ഥിര സമിതി അധ്യക്ഷ ഉഷ ശിവൻ എന്നിവരാണ് അയോഗ്യരായത്. ഇതോടെ,18 അംഗ ഭരണസമിതിയിൽ ഇനി ശേഷിക്കുന്നതു 15 പേർ മാത്രം. അതിൽ 8 പേർ എൽഡിഎഫും 7 പേർ യുഡിഎഫുമാണ്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു തിരഞ്ഞെടുപ്പു വൈകാതെ നടക്കും. ഭൂരിപക്ഷമുള്ളതിനാൽ ഇടതുവിജയം ഉറപ്പ്.

You might also like

സര്‍ക്കാര്‍ ജീവനക്കാരുടെ വേതന ചര്‍ച്ചകള്‍ പുനരാരംഭിച്ച് ആല്‍ബര്‍ട്ട

പ്രായപൂർത്തിയാകാത്തവരെ ലൈംഗികമായി പീഡിപ്പിച്ച കേസുകളിൽ ഉൾപ്പെട്ട 214 അനധികൃത കുടിയേറ്റക്കാരെ ഹ്യൂസ്റ്റണിൽനിന്ന് അറസ്റ്റ് ചെയ്തതായി യു.എസ്. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെൻ്റ്

യുഎസിന്റെ കിഴക്കൻ തീരങ്ങളിൽ കനത്ത മഴ, വെള്ളപ്പൊക്കം

ഗാർലൻഡ് മോട്ടൽ വെടിവയ്പ്പ്: രേഖകളില്ലാത്ത മൂന്നു കുടിയേറ്റക്കാർ പിടിയിൽ; കൊലപാതകക്കുറ്റം ചുമത്തിയെന്ന് പോലീസ്

റഷ്യൻ ക്രൂഡ് ഓയില്‍: ഇന്ത്യക്കെതിരെ താരിഫ് വർധിപ്പിക്കുമെന്ന് ട്രംപ്

ഇസ്രയേൽ കൂട്ടക്കുരുതി: യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഗാസയില്‍

Top Picks for You
Top Picks for You