ഓട്ടവ: കാനഡയിൽ താമസിക്കാൻ ഏറ്റവും മികച്ച സ്ഥലങ്ങളുടെ പട്ടികയിൽ കാൽഗറി ഒന്നാം സ്ഥാനം നേടി. ഗ്ലോബൽ സിറ്റിസൺ സൊല്യൂഷൻസാണ് പട്ടിക പുറത്തിറക്കിയത്. അഫോർഡബിൾ ലിവിംഗ്, ഉയർന്ന ജീവിത നിലവാരം, തൊഴിലവസരങ്ങൾ എന്നീ ഘടകങ്ങളാണ് നഗരത്തെ ഒന്നാം സ്ഥാനത്തെത്തിക്കാൻ സഹായിച്ചത്. 2024ൽ ലോകത്തിലെ ഏറ്റവും ജീവിക്കാൻ കഴിയുന്ന അഞ്ചാമത്തെ നഗരമായും 2025ൽ താമസിക്കാനും ജോലി ചെയ്യാനും ഏറ്റവും മികച്ച ആറാമത്തെ നഗരമായും കാൽഗറി തെരഞ്ഞെടുക്കപ്പെട്ടു.
കാൽഗറിയിൽ ജീവിതച്ചെലവ് മിതമാണ്. വാടക ഒഴികെയുള്ള ഒരു വ്യക്തിയുടെ ശരാശരി പ്രതിമാസ ചെലവുകൾ ഏകദേശം 1,581 ഡോളറാണ്. കുറഞ്ഞ നികുതി താമസക്കാരുടെ ഡിസ്പോസിബിൾ ഇൻകം വർധിപ്പിക്കാൻ സഹായിക്കുന്നു. കാൽഗറിയിലെ ജീവിത നിലവാരം മൊത്തത്തിൽ ഉയർന്നതാണ്. ജീവിത നിലവാര സൂചികയിൽ 176.3 പോയിന്റ് നേടി.
താരതമ്യേന കുറഞ്ഞ കുറ്റകൃത്യ നിരക്കും, മികച്ച ആരോഗ്യ സംരക്ഷണം, മികച്ച വിദ്യാഭ്യാസ സമ്പ്രദായം എന്നിവയും കാൽഗറിയെ നഗരങ്ങളിൽ മികവുറ്റതാക്കുന്നു. കാൽഗറിക്ക് പിന്നാലെ ഓട്ടവ, എഡ്മന്റൺ, മോൺട്രിയൽ, ഹാമിൽട്ടൺ തുടങ്ങിയ നഗരങ്ങളാണ് പട്ടികയിൽ ആദ്യ അഞ്ചിൽ ഉൾപ്പെട്ടിരിക്കുന്നത്.







