സിഡ്‌നി: ഒരു മുഴം മുല്ലപ്പൂവിന് ഒന്നര ലക്ഷം രൂപ ഫൈൻ, ഓണക്കാലത്ത് നമ്മൾ ഞട്ടലോടെ കേട്ട വാർത്തയായിരുന്നു അത്. അച്ഛൻ സമ്മാനിച്ച മുല്ലപ്പൂവുമായി ഓസ്ട്രേലിയയിലെ മെൽബൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി നടി നവ്യ നായർക്ക് കൊടുക്കേണ്ടി വന്നത് 1,980 ഓസ്‌ട്രേലിയൻ ഡോളർ ഏകദേശം 1.25 ലക്ഷം രൂപ. അതെന്താ ഓസ്ട്രേലിയയിൽ മുല്ലപ്പൂവിന് വിലക്കുണ്ടോ? മലയാളിയും മുല്ലപ്പൂവും തമ്മിലുള്ള ബന്ധം ഓസ്ട്രേലിയക്ക് അറിയില്ലേ? കാരണമിതാണ്…
ഓസ്ട്രേലിയ ലോകത്തിലെ ഏറ്റവും കർശനമായ ബയോസെക്യൂരിറ്റി അഥവാ ജൈവസുരക്ഷ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്ന രാജ്യങ്ങളിലൊന്നാണ്. 2015-ലെ ബയോസെക്യൂരിറ്റി ആക്ട് പ്രകാരം സസ്യങ്ങളും പൂച്ചെടികൾ, ഇലകൾ, വിത്തുകൾ തുടങ്ങിയവയും ഇറക്കുമതി ചെയ്യുന്നത് കർശനമായി നിയന്ത്രിച്ചിരിക്കുകയാണ് ഓസ്ട്രേലിയ. ഡിപ്പാർട്ട്‌മെന്റ് ഓഫ് അഗ്രികൾച്ചർ, ഫിഷറീസ് ആൻഡ് ഫോറസ്ട്രി (DAFF) ആണ് ഈ നിയമങ്ങൾ നടപ്പിലാക്കുന്നത്. വിദേശരാജ്യങ്ങളിൽ നിന്നുള്ള ചെടികളും പൂക്കളുമെല്ലാം ഓസ്ട്രേലിയയുടെ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന സൂക്ഷ്മ ജീവികളേയോ രോഗങ്ങളേയോ കൂടി കൊണ്ടുവരാമെന്നതാണ് ഈ നിയന്ത്രണങ്ങളുടെ പ്രധാന കാരണം.
ഓസ്ട്രേലിയയിലേക്ക് പ്രവേശിക്കുന്ന എല്ലാ യാത്രക്കാരുടെയും ലഗേജുകളിലുള്ള വസ്തുക്കൾ ബയോസെക്യൂരിറ്റി ഓഫീസർമാർ പരിശോധിക്കും. എല്ലാ യാത്രക്കാരും ‘ഇൻകമിംഗ് പാസഞ്ചർ കാർഡ്’ പൂരിപ്പിക്കണം. അതിൽ ഭക്ഷണം, സസ്യങ്ങൾ, മൃഗ ഉൽപ്പന്നങ്ങൾ, മരം, മണ്ണ് എന്നിവയുൾപ്പെടെ വസ്തുക്കൾ കയ്യിലുണ്ടെങ്കിൽ ഡിക്ലയർ ചെയ്യണം. ഈ വസ്തുക്കൾ എല്ലാം പരിശോധനക്ക് വിധേയമാക്കും. സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെങ്കിൽ അവ നശിപ്പിക്കുകയും ചെയ്യും.
പൂച്ചെടികളുടെ കാര്യത്തിൽ ഫ്രഷ് കട്ട് ഫ്ളവേഴ്സ് ഇറക്കുമതി ചെയ്യാൻ പ്രത്യേക പെർമിറ്റ് ആവശ്യമാണ്. അനുവദനീയമായ സ്പീഷിസുകളും പാർട്ടുകളും മാത്രമേ അനുവദിക്കൂ. ഇവയെ പെസ്റ്റ് മാനേജ്‌മെന്റ് വഴി ക്ളീൻ ചെയ്താണ് രാജ്യത്തേക്ക് കടത്തിവിടുന്നത്. മുല്ലപ്പൂവിന്റെയുള്ളിൽ ഏതെങ്കിലും ഈച്ചയോ ജീവികളോ ഒളിഞ്ഞിരിപ്പുണ്ടെങ്കിൽ അത് ഓസ്ട്രേലിയയുടെ കൃഷിഭൂമിക്ക് ഭീഷണി തന്നെയാണ്. ഒരു ചെറിയ ഈച്ച മതി അവിടുത്തെ മില്യൺ ഹെക്ടർ ഭൂമി നശിക്കാൻ.
നവ്യ നായരുടെ ലഗേജ് പരിശോധിച്ചപ്പോഴാണ് അതിൽ എബിഎഫ് ഉദ്യോഗസ്ഥർ മുല്ലപ്പൂവ് കണ്ടെത്തിയത്. പിഴയും ചുമത്തി പൂവ് നശിപ്പിച്ചുകളയുകയും ചെയ്തു. നമുക്ക് ആശ്ചര്യമാണെങ്കിലും ഓസ്‌ട്രേലിയ സർക്കാറിന് ഈ സംഭവം അവരുടെ ‘റൂട്ടിൻ എൻഫോഴ്‌സ്‌മെന്റിന്റെ ഭാഗം മാത്രമാണ്. Agriculture, Fisheries and Forestry ഡിപ്പാർട്‌മെന്റ് പിഴയെ കുറിച്ചും ബയോസെക്യൂരിറ്റി ലംഘനത്തിന്റെ ഗൗരവത്തെ കുറിച്ചും പാസഞ്ചർമാർക്ക് അവബോധം വർധിപ്പിക്കാൻ കാമ്പയിനുകളും നടത്തിവരുന്നുണ്ട്. സമാനമായ സംഭവങ്ങൾക്ക് ക്രിമിനൽ ചാർജ് വരെ ഉണ്ടാകാൻ സാധ്യതയുണ്ട്.







