newsroom@amcainnews.com

കാനഡയിൽ മാർക് കാർണി തുടരും; തെരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടിക്ക് വിജയം, വമ്പൻ പരാജയം നുണഞ്ഞ ന്യൂ ഡെമോക്രാറ്റിക് പാർട്ടി നേതാവ് ജഗ്‍മീത് സിങ് രാജിവച്ചു

ഓട്ടവ: കാനഡയിൽ ജനപ്രതിനിധിസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ മാർക് കാർണിയുടെ നേതൃത്വത്തിലുള്ള ലിബറൽ പാർട്ടിക്ക് ഭരണത്തുടർച്ചയെന്ന് പ്രാദേശിക മാധ്യമങ്ങൾ. സിബിസി, സിടിവി തുടങ്ങിയ കനേഡിയൻ മാധ്യമങ്ങൾ ലിബറൽ പാർട്ടി അടുത്ത സർക്കാർ രൂപീകരിക്കുമെന്നു വ്യക്തമാക്കി. കൺസർവേറ്റീവ് പാർട്ടി നേതാവ് പിയേർ പൊളിയേവ് പരാജയം അംഗീകരിക്കുകയും പ്രധാനമന്ത്രി മാർക് കാർണിയെ അഭിനന്ദിക്കുകയും ചെയ്തു. പോരാട്ടം തുടരുന്നതിൽ അഭിമാനമെന്നും 20 സീറ്റുകളിൽ മികച്ച നേട്ടമുണ്ടായെന്നും 1988 നുശേഷം ഏറ്റവും ഉയർന്ന വോട്ട് വിഹിതം ലഭിച്ചെന്നും പിയേർ പൊളിയേവ് പറഞ്ഞു. നിലവിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ 168 സീറ്റുകളിലാണ് ലിബറൽ പാർട്ടി വിജയിച്ചത്. 144 സീറ്റുകളിൽ കൺസർവേറ്റീവ് പാർട്ടിയും വിജയിച്ചു. കണക്കുകളിൽ നേരിയ മാറ്റം വന്നേക്കാം.

തെരഞ്ഞെടുപ്പിൽ വമ്പൻ പരാജയം നുണഞ്ഞ ന്യൂ ഡെമോക്രാറ്റിക് പാർട്ടി നേതാവ് ജഗ്‍മീത് സിങ് രാജിവച്ചു. ബേർണബേ സെൻട്രൽ സീറ്റിൽ ലിബറൽ സ്ഥാനാർഥി വേഡ് ചാങ്ങിനോടാണ് ജഗ്മീത് സിങ് പരാജയപ്പെട്ടത്. സിങ്ങിന് 27.3 ശതമാനം വോട്ട് ലഭിച്ചപ്പോൾ ചാങ് 40 ശതമാനത്തിൽ അധികം വോട്ട് നേടി. പ്രധാനമന്ത്രി കാർണിയെ ജഗ്‍മീത് സിങ് അഭിനന്ദിച്ചു.

‘‘ന്യൂ ഡെമോക്രാറ്റിക്കിന് നിരാശയുടെ ദിവസമാണ്. എന്നാൽ നല്ലൊരു കാനഡയെക്കുറിച്ച് സ്വപ്നം കാണാനാവില്ലെന്നു പറയുന്നതു വിശ്വസിക്കുമ്പോൾ മാത്രമാണു നമ്മൾ പരാജയപ്പെടുന്നത്. കൂടുതൽ സീറ്റുകളിൽ എൻഡിപിക്ക് വിജയിക്കാൻ കഴിയാത്തതിൽ നിരാശയുണ്ട്. പക്ഷേ നമ്മുടെ പ്രസ്ഥാനത്തെക്കുറിച്ച് ഓർത്ത് നിരാശയില്ല. നമ്മുടെ ഈ പാർട്ടിയിൽ എനിക്ക് പ്രതീക്ഷയുണ്ട്. ഭയത്തിനു മുകളിൽ പ്രതീക്ഷയെ നാം തിരഞ്ഞെടുക്കും. ഈ രാജ്യത്തെ നിർമിച്ചത് ന്യൂ ഡെമോക്രാറ്റുകളാണ്. ഞങ്ങൾ എവിടെയും പോകുന്നില്ല’’– ജഗ്മീത് സിങ് എക്സിൽ കുറിച്ചു.

അതിനിടെ മാർക് കാർണിയെ അഭിനന്ദിച്ച് യുഎസ് മുൻ പ്രസിഡന്റ് ജോ ബൈഡൻ രംഗത്തെത്തി. ‘‘കാനഡയിലെ തിരഞ്ഞെടുപ്പ് വിജയത്തിൽ ലിബറൽ പാർട്ടിയെയും പ്രധാനമന്ത്രി മാർക് കാർണിയെയും അഭിനന്ദിക്കുന്നു. അമേരിക്കൻ ജനതയും കനേഡിയൻ പൗരന്മാരും പരസ്പരം പങ്കിടുന്ന അടിസ്ഥാന മൂല്യങ്ങളും താൽപര്യങ്ങളും പിന്തുണയ്ക്കുന്നതിൽ മാർക്ക് ഒരു കരുത്തുറ്റ നേതാവായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്’’– ജോ ബൈഡൻ എക്സിൽ കുറിച്ചു.

ലിബറൽ പാർട്ടി പരാജയ‌പ്പെടുമെന്നും കൺസർവേറ്റീവ് പാർട്ടി വിജയിക്കുമെന്നുമായിരുന്നു ആദ്യകാല നിരീക്ഷണം. എന്നാൽ ട്രംപ് വീണ്ടും യുഎസിൽ അധികാരത്തിൽ തിരിച്ചെത്തുകയും കാനഡയുടെ പരമാധികാരത്തെയും സമ്പദ്‍വ്യവസ്ഥയെയും ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീവ്ര പ്രതികരണങ്ങൾ കനേഡിയൻ പൗരന്മാരെ പ്രകോപിപ്പിക്കുക മാത്രമല്ല, ട്രംപുമായുള്ള സാമ്യം കൺസർവേറ്റീവ് പാർട്ടിയെയും അവരുടെ നേതാവ് പിയേർ പൊളിയേവിനെയും പ്രതിരോധത്തിലാക്കി.

You might also like

കാനഡ-യുഎസ് അതിർത്തിയിലൂടെ നിയമവിരുദ്ധ കടക്കാൻ ശ്രമിച്ച മൂന്ന് കള്ളക്കടത്തുകാരും 44 അഭയാർത്ഥികളും അറസ്റ്റിൽ; സംഭവം ഞായറാഴ്ച രാത്രി ക്യൂബക്കിലെ സ്റ്റാൻസ്റ്റെഡിൽ

സിഎൻഇ ജോബ് ഫെയർ ആഗസ്റ്റ് 15ന്; തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തിൽ പ്രതീക്ഷിക്കുന്നത് റെക്കോർഡ് ജനപങ്കാളിത്തം

മസ്‌കിന്റെ സ്റ്റാർലിങ്കിനോട് ‘കടക്ക് പുറത്ത്’; 100 മില്യൺ ഡോളറിന്റെ കരാർ റദ്ദാക്കി ഒന്റാരിയോ സർക്കാർ

ചെമ്പ് ഇറക്കുമതിക്ക് 50% തീരുവ: ഉത്തരവില്‍ ഒപ്പിട്ട് ട്രംപ്

എഴുപതോളം രാജ്യങ്ങള്‍ക്കുളള യുഎസ് അധിക തീരുവ പ്രാബല്യത്തില്‍

ക്രിസ്റ്റീന സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത്

Top Picks for You
Top Picks for You