ഒക്ടോബറിൽ നടക്കേണ്ടിയിരുന്ന ഫെഡറൽ തിരഞ്ഞെടുപ്പ് ഏപ്രിൽ 28-ന് നടന്നേക്കുമെന്ന് സൂചന. പ്രധാനമന്ത്രി മാർക്ക് കാർണി ഞായറാഴ്ച ഫെഡറൽ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്നും പ്രതീക്ഷിക്കുന്നു. എന്നാൽ, ഫെഡറൽ തിരഞ്ഞെടുപ്പ് ഏപ്രിൽ 28-നാണോ മെയ് 5-നാണോ നടത്തുക എന്ന കാര്യത്തിൽ അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്നും റിപ്പോർട്ടുണ്ട്. മാർച്ച് 14-നാണ് മാർക്ക് കാർണി കാനഡയുടെ പുതിയ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്.
മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ രാജി പ്രഖ്യാപനത്തെത്തുടർന്ന് രണ്ട് മാസത്തേക്ക് പ്രൊറോഗ് ചെയ്തതിന് ശേഷം ഈ വരുന്ന തിങ്കളാഴ്ച പാർലമെൻ്റ് ചേരാനിരിക്കുകയായിരുന്നു. എന്നാൽ, പ്രധാനമന്ത്രി മാർക്ക് കാർണി ഞായറാഴ്ച ഫെഡറൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ പാർലമെൻ്റ് ചേരാനുള്ള തീരുമാനം വീണ്ടും മാറ്റിയിട്ടുണ്ട്. അതേസമയം ഞായറാഴ്ച തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിലൂടെ ഹൗസ് ഓഫ് കോമൺസിൽ കാർണിക്ക് വിശ്വാസവോട്ടെടുപ്പിനെ നേരിടേണ്ടി വരില്ല.