newsroom@amcainnews.com

ബന്ധുക്കളായ പലരും തന്നെ ഇപ്പോഴും സംശയത്തോടെയാണ് കാണുന്നത്, ജീവിതം തന്നെ തകർന്നു, കേസിൽ എക്സൈസിനും പങ്കുണ്ട്; ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണി

കൊച്ചി: വ്യാജ എൽഎസ്‌ഡി കേസിൽ കുറ്റാരോപിതയായ ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണി, പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകി. ഷീല സണ്ണിയെ വ്യാജ കേസിൽ കുടുക്കിയ സംഭവം അന്വേഷിക്കുന്ന പ്രത്യേക സംഘത്തിനാണ് ഇവർ മൊഴി നൽകിയത്. തനിക്കറിയാവുന്ന കാര്യങ്ങൾ പൊലീസിനോട് പറഞ്ഞുവെന്നും കേസിൽ എക്സൈസിനും പങ്കുണ്ടെന്നും ആരോപിച്ച് ഷീല സണ്ണി, കേസ് കാരണം ജീവിതം തന്നെ തകർന്നുവെന്നും പറഞ്ഞു.

‘നഷ്ടപരിഹാരം ആവശ്യപ്പെട്ട് താൻ കോടതിയെ സമീപിച്ചിട്ടുണ്ട്. 72 ലക്ഷം രൂപയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. കേസ് കാരണം ജീവിതം തകർന്നു. ബ്യൂട്ടി പാ‍ർലറിലെ വരുമാനം കൊണ്ട് ജീവിച്ചതാണ്. ആ സംരംഭം മുന്നോട്ട് കൊണ്ടുപോകാനായില്ല. കേസിൽ തൻ്റെ നിരപരാധിത്വം തെളിഞ്ഞിട്ടും ബന്ധുക്കളായ പലരും തന്നെ ഇപ്പോഴും സംശയത്തോടെയാണ് കാണുന്നത്. വിളിച്ചിട്ട് ഒരു സമാധാന വാക്ക് പോലും പറയാത്ത കുറേപ്പേരുണ്ട്. സംഗീതമായി ഇപ്പോൾ ഒരു ബന്ധവുമില്ല, എവിടെയാണെന്ന് അറിയില്ല’ – അവർ പറഞ്ഞു.

കേസിൽ അന്വേഷണം ആരംഭിച്ചെന്ന് പറഞ്ഞ പ്രത്യേക അന്വേഷണ സംഘത്തലവൻ ഡിവൈഎസ്‌പി വി.കെ. രാജു, ഷീല സണ്ണിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയെന്ന് കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടാകുമോ എന്ന് മൊഴി പരിശോധിച്ച ശേഷമേ പറയാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് കേസ് കേരളാ പൊലീസിന് കൈമാറിയത്. മൂന്ന് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാനാണ് നിർദ്ദേശം. ഷീലാ സണ്ണിക്കെതിരെ നടന്ന ഗൂഢാലോചന ഉൾപ്പടെ കാര്യങ്ങൾ അന്വേഷണ പരിധിയിൽ വരും.

2023 മാർച്ച് 27നാണ് ഷീലാ സണ്ണിയുടെ സ്കൂട്ടറിൽനിന്നും ബാഗിൽനിന്നും എൽഎസ്ഡി സ്റ്റാമ്പുകളെന്നു പറയുന്ന വസ്തുക്കൾ പിടികൂടിയത്. 72 ദിവസം ഷീലാ സണ്ണി ജയിലാവുകയും ചെയ്തു. പിന്നീട് നടത്തിയ രാസ പരിശോധനയിൽ വ്യാജ ലഹരിയാണെന്ന് വ്യക്തമായതോടെ ഷീലയെ പ്രതി സ്ഥാനത്ത് നിന്ന് ഒഴിവാക്കി. ഷീലയുടെ പരാതിയുടെ അടിസ്ഥാനത്തിൽ എക്സൈസ് ക്രൈംബ്രാഞ്ച് കേസ് അന്വേഷിച്ചെങ്കിലും പ്രതികളെ പിടികൂടിയില്ല. ഷീലാ സണ്ണിയുടെ ബന്ധുവായ യുവതിയെയും തൃപ്പൂണിത്തുറ സ്വദേശിയെയുമാണ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. തൃപ്പൂണിത്തുറ സ്വദേശി എംഎൻ നാരായണ ദാസ് മുൻകൂർ ജാമ്യവുമായി സുപ്രീം കോടതിയെ വരെ സമീപിച്ചെങ്കിലും കോടതി അനുവദിച്ചിരുന്നില്ല.

You might also like

കാനഡയില്‍ വേദനസംഹാരികള്‍ക്ക് ക്ഷാമം നേരിടുന്നതായി ഫാര്‍മസിസ്റ്റുകള്‍

യുക്രെയ്നിലെ 2 പ്രവിശ്യകൾ റഷ്യയ്ക്കു വിട്ടുകൊടുത്തുള്ള സമാധാനക്കരാർ യുഎസ് പിന്തുണയോടെ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്; യുക്രെയ്ന്റെ ഭൂമി വിട്ടു നൽകില്ലെന്നു പ്രസിഡന്റ് വൊളോഡിമർ സെലൻസ്കി

കാനഡയിൽ ഭവന പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ കാൽഗറിയിൽ പ്രീ ഫാബ്രിക്കേറ്റഡ് യൂണിറ്റുകൾ കൊണ്ടുള്ള ഭവന സമുച്ചയം ഉയരുന്നു

സാൽമൊണെല്ല: കാനഡയിൽ 9 പേർ ആശുപത്രിയിൽ

പ്രയറീസ് പ്രവിശ്യകളിൽനിന്നുള്ള കാട്ടുതീ പുക; കാനഡയിലുടനീളം കനത്ത പുകമഞ്ഞ് വ്യാപിക്കുന്നു; മുന്നറിയിപ്പ് നൽകി എൺവയോൺമെന്റ് കാനഡ

ലോസ് ഏഞ്ചൽസ് നിശാപാർട്ടിയിൽ കൂട്ട വെടിവെപ്പ്: രണ്ട് മരണം, ആറ് പേർക്ക് പരുക്ക്

Top Picks for You
Top Picks for You