newsroom@amcainnews.com

ബി. ഉണ്ണികൃഷ്ണൻ രാജി വയ്ക്കുന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് മൂന്നു മേക്കപ്പ് ആർട്ടിസ്റ്റുകൾ നിരാഹാര സമരമാരംഭിച്ചു; പിന്തുണയുമായി നടി റിമ കല്ലിങ്കലും

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ മലയാള സിനിമ മേഖലയിലുണ്ടായ പൊട്ടിത്തെറി കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുന്നു. ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനെതിരെയാണ് മേക്കപ്പ്, ഹെയർസ്റ്റൈലിസ്റ്റ് ആർട്ടിസ്റ്റുകളുടെ പ്രതിഷേധം ഉയർന്നിരിക്കുന്നത്. ഹേമ കമ്മിറ്റിക്ക് മൊഴി നൽകിയതിനും പീഡനങ്ങളെ ചെറുക്കുന്നതിനും തങ്ങളെ സംഘടനയിൽനിന്നു പുറത്താക്കുകയും സസ്പെൻഡ് ചെയ്യുകയുമാണെന്ന് അവർ പറയുന്നു. ബി. ഉണ്ണികൃഷ്ണൻ രാജി വയ്ക്കുന്നതടക്കമുളള ആവശ്യങ്ങൾ ഉന്നയിച്ച് മൂന്നു മേക്കപ്പ് ആർട്ടിസ്റ്റുകൾ ബുധനാഴ്ച നിരാഹാര സമരമാരംഭിച്ചു.

ഫെഫ്കയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഓൾ കേരള സിനി മേക്കപ്പ് ആർട്ടിസ്റ്റ് ആൻഡ് ഹെയർസ്റ്റൈലിസ്റ്റ് യൂണിയന്റെ ഓഫിസിനു മുന്നിലാണ് മേക്കപ്പ് ആർട്ടിസ്റ്റുകളായ രോഹിണി, എയ്ഞ്ചൽ, എലിസബത്ത് എന്നിവർ സമരം ചെയ്യുന്നത്. ഇവർക്ക് പിന്തുണയുമായി നടി റിമ കല്ലിങ്കലും രംഗത്തെത്തി. 2025ലെ കമ്യൂണിസ്റ്റ് കേരളത്തിലെ വനിതാ തൊഴിലാളികളാണിവർ എന്ന് റിമ സമൂഹമാധ്യമത്തിൽ കുറിച്ചു.

‘‘മലയാള സിനിമാ മേഖലയിലെ സ്ത്രീകൾ, ഹെയർ സ്റ്റൈലിസ്റ്റ് യൂണിയന്റെ ഭാഗമായവർ, ജോലി ചെയ്യാനും വിയോജിപ്പ് പ്രകടിപ്പിക്കാനും മേക്കപ്പ് മേധാവികളിൽ നിന്നു സ്വതന്ത്രരാകാനും മേക്കപ്പ് മേധാവികളായി ജോലി ചെയ്യാനും സുരക്ഷിതമായ തൊഴിൽ അന്തരീക്ഷത്തിനും അതിക്രമങ്ങളും അവഹേളനങ്ങളും നേരിടാതെ ജോലി ചെയ്യുന്നതിനുമായി സംസാരിച്ചതിന്റെ പേരിൽ സസ്പൻഡ് ചെയ്യപ്പെട്ടിരിക്കുന്നു. തങ്ങളുടെ ശബ്ദമുയർത്തിയതിന് മാറ്റി നിർത്തിയിരിക്കുന്നു. 2025ലെ കമ്യൂണിസ്റ്റ് കേരളത്തിലെ വനിതാ തൊഴിലാളികളാണിവർ.’’– ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ റിമ പറയുന്നു.

ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ, ജോയിന്റ് സെക്രട്ടറി പ്രദീപ് രംഗൻ എന്നിവർ രാജിവയ്ക്കുക, മേക്കപ്പ് വിഭാഗം മേധാവികളുടെ കീഴിൽനിന്നു ഹെയർ സ്റ്റൈലിസ്റ്റുകളെ സ്വതന്ത്രരാക്കുക, സിനിമ തൊഴിൽ മേഖലയിൽ സർക്കാർ ഇടപെടുക, തൊഴിൽ നിഷേധം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരം ചെയ്യുന്നവർ ആവശ്യപ്പെടുന്നത്. ഹേമ കമ്മിറ്റിയിൽ മൊഴി നൽകിയതിന്റെ പേരിലും പരാതി ഉയർത്തിയതിന്റെ പേരിലും സംഘടനയിൽനിന്നു പുറത്താക്കലും സസ്പെൻഷനുമാണ് തങ്ങൾ നേരിടേണ്ടി വരുന്നതെന്നും ഇവർ പറയുന്നു. തൊഴിൽ ചെയ്യാൻ സാധിക്കാത്ത അന്തരീക്ഷമുണ്ടാക്കുകയാണ് ചെയ്യുന്നതെന്ന് അവർ കുറ്റപ്പെടുത്തുന്നു.

സിനിമ മേഖലയിൽ തങ്ങൾ നേരിടുന്ന ചൂഷണങ്ങൾ വ്യക്തമാക്കിക്കൊണ്ട് ഒരു മേക്കപ്പ് ആർട്ടിസ്റ്റ് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ലൈംഗിക പീഡനശ്രമം ചെറുത്തതിന് ജോലി നഷ്ടപ്പെട്ടെന്നും ഫെഫ്കയിൽ ഇക്കാര്യം അറിയിച്ചിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും കത്തിൽ പറയുന്നു. വനിതാ പ്രവർത്തകരുടെ സംഘടനയെ തകർത്തു എന്ന പേരിൽ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരെയും കത്തിൽ ആരോപണമുന്നയിച്ചിട്ടുണ്ട്. നേരത്തെ ബി. ഉണ്ണികൃഷ്ണനെതിരെ പ്രമുഖ നിർമാതാവ് സാന്ദ്രാ തോമസ് ആരോപണമുന്നയിക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.

You might also like

വേനലവധിക്കാലമായതോടെ യൂറോപ്പിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി; സന്ദർശകർക്കുള്ള പ്രവേശന ഫീസ് മൂന്നിരട്ടിയോളം വർധിപ്പിക്കുന്നുവെന്ന് റിപ്പോർട്ട്

കാട്ടുതീ പുക: ടൊറൻ്റോയിൽ വായു ഗുണനിലവാര മുന്നറിയിപ്പ്

ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 78 പേർ കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടവരിൽ ഏഴുമാസം ​ഗർഭിണിയായ യുവതിയും

കാനഡയിൽ ഏറ്റവും കുറഞ്ഞ ജീവിതച്ചെലവുള്ള പ്രവിശ്യകൾ പ്രിൻസ് എഡ്വേർഡ് ഐലൻഡും ന്യൂബ്രൺസ്‌വിക്കും; ബ്രിട്ടീഷ് കൊളംബിയ, ഒന്റാരിയോ, ആൽബെർട്ട – ഏറ്റവും ഉയർന്ന ജീവിതച്ചെലവുള്ള പ്രവശ്യകൾ

പുതിയ കിൻഡിൽ കളർസോഫ്റ്റ് മോഡലുകളും ആദ്യത്തെ കിൻഡിൽ കളർസോഫ്റ്റ് കിഡ്‌സ് പതിപ്പും പുറത്തിറക്കി ആമസോൺ

കാനഡ ഫെഡറൽ തെരഞ്ഞെടുപ്പിൽ നിരവധി വോട്ടർമാർ വോട്ട് ചെയ്തത് സ്ഥാനാർത്ഥികളെ വേണ്ട രീതിയിൽ വിലയിരുത്താതെയെന്ന് സർവേ

Top Picks for You
Top Picks for You